'ചിലര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രം'; നാദിറക്ക് നാടിന്റെ അംഗീകാരം
Kerala News
'ചിലര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രം'; നാദിറക്ക് നാടിന്റെ അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th August 2023, 10:17 pm

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ മത്സരാര്‍ത്ഥിയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ നാദിറ മെഹ്റിന് സ്വീകരണം നല്‍കി ജന്മനാട്. തിരുവനന്തപുരം മണക്കാട് സ്വദേശിയായ നാദിറക്ക് നാട്ടിലെ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബാണ് സ്വീകരണം നല്‍കിയത്.

‘ചിലര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രം’ എന്ന അടിക്കുറിപ്പോടെ പരിപാടിയുടെ ചിത്രങ്ങള്‍ നാദിറ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.

‘ഐക്യം, സ്‌നേഹം, സാഹോദര്യം, മാറ്റം. കാണുന്നവര്‍ക്ക് വലിയ പ്രത്യേകതയുള്ള ചിത്രങ്ങളായിരിക്കില്ല. എന്നാല്‍ നീണ്ട ഇടവേളക്ക് ശേഷം സ്വന്തം നാട്ടിലെ ഒരു പരിപാടിയില്‍ കിട്ടിയ ഈ അംഗീകാരം എന്റെ ചിറകുകള്‍ക്ക് ഒരു പൊന്‍തൂവലാണ്. ഇനിയും ചിറകടിച്ചു പറക്കാനുള്ള ഒരു പ്രോത്സാഹനം.

ചിലര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രം. സാമൂഹിക പ്രതിബദ്ധതയില്‍ നീതി പുലര്‍ത്തി പ്രവര്‍ത്തിച്ചുവരുന്ന സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന് എല്ലാവിധ ആശംസകളും,’ നാദിറ കുറിച്ചു.

ബിഗ് ബോസ് സീസണ്‍ ഫൈവില്‍ ട്രാന്‍സ്ജെന്‍ഡര്‍ മത്സരാര്‍ത്ഥിയായിട്ടാണ് മോഡലായ നാദിറ സുപരിചതയാകുന്നത്. 2022ല്‍ പുറത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തിലൂടെ താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

Content Highlight: Bigg Boss Malayalam season five contestant and transgender activist Nadira Mehr welcomed by her homeland