ദുരിതമനുഭവിക്കുന്നവരെ ഒറ്റയ്ക്കാക്കിയില്ല; തിരുവനന്തപുരത്തിന് സല്യൂട്ട് നല്‍കി മന്ത്രി തോമസ് ഐസക്
kERALA NEWS
ദുരിതമനുഭവിക്കുന്നവരെ ഒറ്റയ്ക്കാക്കിയില്ല; തിരുവനന്തപുരത്തിന് സല്യൂട്ട് നല്‍കി മന്ത്രി തോമസ് ഐസക്
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 7:38 am

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കോഴിക്കോട്ടെയും മലപ്പുറത്തെയും ജനങ്ങള്‍ക്ക് ആശ്വാസമേവാന്‍ ഒരുമിച്ച് നിന്ന് തിരുവനന്തപുരത്തെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്. രാത്രി ഏറെ വൈകിയും കളക്ഷന്‍ സെന്റര്‍ സജീവമായിരുന്നുവെന്നും പ്രായവും നിരാശയും മറന്ന് നമ്മളെ കൂട്ടത്തിലൊരാളാക്കുന്ന ഒരുമയുടെ മഹേന്ദ്രജാലമായിരുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ചുരുങ്ങിയത് തിരുവനന്തപുരത്ത് നിന്നും 50 ലോഡെങ്കിലും കയറ്റിവിടുമെന്ന് മന്ത്രി പറഞ്ഞു. മേയര്‍ പ്രശാന്തിന് ഒരു വലിയ സല്യൂട്ടും നല്‍കിയാണ് മന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.

മന്ത്രിയുടെ വാക്കുകള്‍

നന്മയുടെ വെളിച്ചം പ്രത്യാശാനിര്‍ഭരമായി പരക്കുമ്പോഴും ദുരന്തങ്ങള്‍ അവശേഷിപ്പിക്കുന്ന ഒരു വിഷാദഭാവമുണ്ട്. ആലംബഹീനരാക്കപ്പെട്ട മനുഷ്യരുടെ തീരാവേദന അങ്ങനെയൊന്നും നമ്മെ വിട്ടുമാറില്ല. ആ ഒരു മൂഡിലാണ് ഞാന്‍ ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തെത്തിയത്. രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു. നേരെ ചെന്നത് തിരുവനന്തപുരം കോര്‍പറേഷന്റെ കളക്ഷന്‍ കേന്ദ്രത്തിലേയ്ക്ക്. അര്‍ദ്ധരാത്രിയിലും അവിടെ തിളയ്ക്കുന്നത് ശുഭാപ്തിയുടെ ഉച്ചവെയില്‍. ആരെയും ആവേശഭരിതരാക്കുന്ന ആരവം. പ്രായവും നിരാശയും മറന്ന് നമ്മളെയും കൂട്ടത്തിലൊരാളാക്കുന്ന ഒരുമയുടെ മഹേന്ദ്രജാലം.

ആരവം ദൂരെനിന്നേ കേള്‍ക്കാമായിരുന്നു. വിസിലടിയും കൈകൊട്ടും ആര്‍പ്പുവിളിയും. ആദ്യം ഞാനൊന്നു പകച്ചു. ഇതെന്താ ഇങ്ങനെ? ചെന്നു കയറിയപ്പോള്‍ കണ്ടത് പതിനെട്ടാമത്തെ ലോഡിനെ യാത്രയയയ്ക്കുന്നതിന്റെ ബഹളമാണ്. ലോഡെന്നു പറഞ്ഞാല്‍ 25 ടണ്‍ കയറുന്ന കൂറ്റന്‍ വണ്ടി. അത്രയും സാധനം എടുത്തു കയറ്റിക്കെട്ടിയുറപ്പിച്ചതു മുഴുവന്‍ ഒരു പറ്റം ചെറുപ്പക്കാര്‍. പണി പഠിച്ചുപോയി. അട്ടിയിടാനും അട്ടി മറിക്കാനും ആരോടും മത്സരിക്കാന്‍ തയ്യാറെന്ന് ഒരു യുവ എഞ്ചിനീയര്‍.

കോര്‍പറേഷന്റെ മുന്നില്‍ മാത്രമല്ല, താഴത്തെ ഫ്‌ലോര്‍ മുഴുവന്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന അഞ്ഞൂറോളം യുവതീയുവാക്കളാണ്. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, ഇവയെല്ലാം ശേഖരിക്കുന്ന സാമഗ്രികള്‍ക്ക് രസീതുകൊടുത്ത് ഏറ്റു വാങ്ങാന്‍ ഒരു സെക്ഷന്‍. കണക്കു തയ്യാറാക്കാന്‍ മറ്റൊന്ന്. ഇനിയൊരുകൂട്ടര്‍ തരംതിരിക്കാന്‍. മറ്റൊരു കൂട്ടര്‍ വിവിധ ജില്ലകളില്‍ നിന്നുള്ള റിക്വസ്റ്റ് അനുസരിച്ച് മുറികളില്‍നിന്ന് പെട്ടികള്‍ എടുത്ത് ലോഡിംഗുകാര്‍ക്കു കൊടുക്കുന്നു. അവര്‍ ലോറിയില്‍ അട്ടിയിടുന്നു. നേരം വെളുക്കുംമുമ്പ് ബാക്കിയിരിക്കുന്ന സാധനങ്ങള്‍ മുഴുവന്‍ വണ്ടികളിലാക്കണം. ഒട്ടേറെപ്പേര്‍ സാമഗ്രികളുമായി വരുമെന്ന് അറിയിച്ചു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, നാളെ കോര്‍പറേഷന്‍ പ്രവൃത്തി ദിനമാണ്. അതിനു മുമ്പ് മൊത്തത്തിലൊന്ന് വൃത്തിയാക്കണം. അതുകൊണ്ടാണ് വെപ്രാളം.

1200 പേരാണ് സന്നദ്ധ പ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ ആയിരവും വിദ്യാര്‍ത്ഥികളാണ്. അതിന്റെ പകുതി യൂണിവേഴ്‌സിറ്റി കോളജില്‍നിന്നും. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, മാനേജ്‌മെന്റ്, ഐടി വിദഗ്ധര്‍ എന്നിങ്ങനെ എല്ലാ മേഖലകളില്‍നിന്നും ആളുണ്ട്. മരുന്നു തരംതിരിക്കാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. ആ സമയത്തും രണ്ടു ഡസനിലേറെ പെണ്‍കുട്ടികള്‍ കാമ്പിലുണ്ടായിരുന്നു. ഇത്രയധികം പേരെ എങ്ങനെ ഏകോപിപ്പിക്കുന്നു? അത്ഭുതാദരങ്ങള്‍ക്ക് പാത്രമാകുന്ന സംഘാടന മികവ്.

ഒരു പ്രധാന സംഭാവന ഗ്രീന്‍ ആര്‍മിയുടേതാണ്. തിരുവനന്തപുരം കോര്‍പറേഷനിലെ ശുചിത്വപരിപാടിയുടെ നെടുനായകത്വം ഇവര്‍ക്കാണ്. എല്ലാവരും വിദ്യാര്‍ത്ഥികളാണ്. നീണ്ടകാലം ഒരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമായി അവര്‍ക്കൊരു ടീമായി നില്‍ക്കാന്‍ കഴിയുന്നു. ഷിബുവും ടി സി രാജേഷും അടക്കമുള്ള ടീമുകളെല്ലാം സന്നിഹിതരായിരുന്നു. അനൂപും നഗരസഭയിലെ ആരോഗ്യപ്രവര്‍ത്തകരും മുന്നിലുണ്ട്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ബാബുവും ശ്രീകുമാറും എല്ലാറ്റിലുമുപരി ഒരു ക്ഷീണവുമില്ലാതെ പ്രസന്നവദനനായി മേയര്‍ പ്രശാന്തും.

എനിക്കൊരു സംശയവുമില്ല. ഏറ്റവും ചുരുങ്ങിയത് അമ്പതു ലോഡെങ്കിലും ഇവര്‍ കയറ്റിവിടും. സല്യൂട്ട് യൂ, മേയര്‍ ബ്രോ.