വാഷിങ്ടണ്‍: യു.എസ് ചരിത്രത്തിലെ ‘ഏറ്റവും ദയാലുവായ പ്രസിഡന്റ്’ എന്ന ടാഗിലേക്കാണ് ഒരൊറ്റ ദിവസം കൊണ്ട് ജോ ബൈഡന്‍ നടന്നുകയറിയത്. മകന്‍ ഹണ്ടര്‍ ബൈഡന് മാപ്പ് കൊടുത്ത് വിവാദം സൃഷ്ടിച്ചതിന് പിന്നാലെ ഒരു ദിവസം കൊണ്ട് മാത്രം ഏതാണ്ട് 1,500 പേരുടെ ശിക്ഷയാണ് ബൈഡന്‍ ഇളവ് ചെയ്തത്. ഇതിന് പുറമെ അക്രമ പ്രവര്‍ത്തനങ്ങള്‍ അല്ലാത്ത കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട 39 പേര്‍ക്ക് മാപ്പ് നല്‍കി വിട്ടയയ്ക്കുകയും ചെയ്തു.
കൊവിഡ് കാലത്ത് വീട്ടുതടങ്കലിലേക്ക് പറഞ്ഞയച്ച ആളുകള്‍ക്കും ഈ ഇളവുകള്‍ ലഭിക്കും. ഫെഡറല്‍ ജയിലുകളില്‍ കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായുള്ള കെയര്‍സ് ആക്ടിന്റെ ഭാഗമായിരുന്നു ഈ റിലീസ്.
മാപ്പ് ലഭിച്ചവര്‍ എല്ലാം തന്നെ മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമരഹിതമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരാണെന്നും അവരുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്നതിനാണ് മാപ്പ് നല്‍കിയതെന്നും വൈറ്റ് ഹൗസിലെ അഭിഭാഷകര്‍ പറഞ്ഞു.
കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കാനും കമ്മ്യൂണിറ്റികളെ ശക്തിപ്പെടുത്താനും വ്യക്തികളെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാനും രൂപകല്‍പ്പന ചെയ്തതാണ് ബൈഡന്റെ ഈ നടപടിയെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
‘പ്രസിഡന്റ് എന്ന നിലയില്‍, പശ്ചാത്താപം പ്രകടിപ്പിക്കുന്ന ആളുകളോട് കരുണ കാണിക്കാനും അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനും എനിക്ക് ഉത്തരവാദിത്തമുണ്ട്. ഇവര്‍ക്ക് സമൂഹത്തിന് സംഭാവന ചെയ്യാനുമുള്ള അവസരം പുനഃസ്ഥാപിക്കുക, അക്രമാസക്തമല്ലാത്ത കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളുക എന്നതും ഈ മഹത്തായ പദവിയുടെ ഭാഗമാണ്,’ ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു.
മാപ്പ് ലഭിച്ചവരില്‍ പ്രകൃതിദുരന്തങ്ങളില്‍ അടിയന്തര നടപടി സ്വീകരിച്ച ഒരു സ്ത്രീയും അഡിക്ഷന്‍ കൗണ്‍സിലറായും യൂത്ത് കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുള്ള ഒരു ചര്‍ച്ച് ഡീക്കനും മോളിക്യുലര്‍ ബയോസയന്‍സിലെ ഗവേഷക വിദ്യാര്‍ത്ഥിയും വിമുക്തസൈനിക ഭടനുമെല്ലാം ഉള്‍പ്പെടുന്നു.
ബൈഡന് മുമ്പ് ഒരുദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ മാപ്പുകള്‍ നല്‍കിയത് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ്. 2017ല്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ്, 330 പേര്‍ക്കാണ് ബരാക് ഒബാമ് ശിക്ഷാ ഇളവ് പ്രഖ്യാപിച്ചത്. 21 പേര്‍ക്ക് മാപ്പും നല്‍കിയിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഔദ്യോഗിക അധികാരം ഉപയോഗിച്ച് മകന്‍ ഹണ്ടര്‍ ബൈഡനെ വിവിധ കേസുകളില്‍ ജോ ബൈഡന്‍ കുറ്റവിമുക്തനായി പ്രഖ്യാപിച്ചിരുന്നു.
ക്രിമിനല്‍, മയക്കുമരുന്ന്, നികുതി വെട്ടിപ്പ് കേസുകളിലാണ് ഹണ്ടറിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചത്. തന്റെ മകനെ രാഷ്ട്രീയ എതിരാളികള്‍ കരുവാക്കി തീര്‍ക്കുകയായിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ബൈഡന്റെ ഈ വിവാദ തീരുമാനം.
Content Highlight: Biden has the tag of the most benevolent president in the US; After his son, 1500 people were given remission in one day