എഡിറ്റര്‍
എഡിറ്റര്‍
മികച്ച മാര്‍ക്കുനേടാന്‍ ശിവലിംഗം നിര്‍മ്മിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍: പ്രതിഷേധിച്ച മുസ്‌ലിം വിദ്യാര്‍ഥികളെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടു
എഡിറ്റര്‍
Thursday 3rd August 2017 8:32am

ഭോപ്പാല്‍: പരീക്ഷയില്‍ മികച്ച മാര്‍ക്കുനേടാനും നല്ല ജോലി ലഭിക്കാനും വിദ്യാര്‍ഥികള്‍ ശിവലിംഗം നിര്‍മ്മിക്കുന്ന ശില്പശാലയില്‍ പങ്കെടുക്കണമെന്ന സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം വിവാദമാകുന്നു.

ഭോപ്പാലിലെ കമല നെഹ്‌റു ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളാണ് വിവാദമായ ഉത്തരവുമായി രംഗത്തെത്തിയത്. ഉത്തരവിനെതിരെ പ്രതിഷേധിച്ച മുസ്‌ലിം വിദ്യാര്‍ഥികളെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

നല്ല ജീവിതം നയിക്കണമെങ്കില്‍ അര്‍പ്പണ ബോധത്തോടെ ശിവലിംഗം നിര്‍മ്മിക്കണമെന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് പ്രിന്‍സിപ്പല്‍ നിഷ കംറാണി പറഞ്ഞത്.

‘പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടണമെന്നുണ്ടെങ്കില്‍ നല്ല ജോലി ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അങ്ങേയറ്റം അര്‍പ്പണബോധത്തോടെ ശിവലിംഗം നിര്‍മ്മിക്കുക’ എന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.

വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റിലെ ചില ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ശിവലിംഗ നിര്‍മാണ ശില്പശാല നടന്നത്. ചടങ്ങില്‍ ഒരു പുരോഹിതനും പങ്കെടുത്തിരുന്നു. അദ്ദേഹം യാഗം നടത്തുകയും മൈക്കിലൂടെ സംസ്‌കൃത മന്ത്രങ്ങള്‍ ഉരുവിടുകയുമായിരുന്നു.

സ്‌കൂള്‍ അധികൃതരുടെ നിലപാടില്‍ പ്രതിഷേധമറിയിച്ച് മുസ്‌ലിം വിദ്യാര്‍ഥികള്‍ രംഗത്തുവന്നപ്പോള്‍ അവരോട് പ്രത്യേകമൊരു മുറിയില്‍ പോയിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മുറിയില്‍ അവരെ പൂട്ടിയിടുകയും ചെയ്തു. വിദ്യാര്‍ഥികള്‍ ഇതിനെതിരെ പ്രതിഷേധിച്ചതോടെ അവരെ തുറന്ന് വീട്ടിലേക്കു പറഞ്ഞുവിട്ടു.

Advertisement