എഡിറ്റര്‍
എഡിറ്റര്‍
മൂന്ന് മണിക്കൂറോളം തുടര്‍ച്ചയായി കൂട്ടബലാത്സംഗം; നടപടിയെടുക്കാന്‍ പൊലീസ് മടി കാണിച്ചപ്പോള്‍ പ്രതികളെ ഓടിച്ചിട്ട് പിടിച്ച് സ്റ്റേഷനിലെത്തിച്ച് 19 കാരി
എഡിറ്റര്‍
Friday 3rd November 2017 8:09pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഐ.എ.എസ് പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന 19കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഭോപ്പാലിലെ റെയില്‍വേ സ്റ്റേഷന് സമീപം ആള്‍ത്തിരക്കുള്ള പ്രദേശത്തു വച്ചാണ് പീഡിപ്പിക്കപ്പെട്ടത്. മൂന്ന് മണിക്കൂറോളം തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഘം ഇടയ്ക്കിടെ ചായ കുടിക്കാനും ഗുഡ്കയ്ക്കുമായി ഇടവേളകളെടുത്തുവെന്നും പൊലീസ് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ക്രൈം നടന്ന് 11 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെന്നും ഒടുവില്‍ പെണ്‍കുട്ടിയും രക്ഷിതാക്കളും ചേര്‍ന്ന് പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുവരികയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതിയുമായി സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി സിനിമാ കഥ പറയുകയായിരുന്നു എന്നായിരുന്നു എസ്.ഐയുടെ പ്രതികരണം. സംഭവത്തില്‍ എസ്.ഐ ആര്‍.എന്‍ തേകത്തെ സസ്‌പെന്റ് ചെയ്തതായി സീനിയര്‍ ഉദ്യോഗസ്ഥനായ ദര്‍മേന്ദ്ര സിംഗ് പറഞ്ഞു. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. നടപടി വൈകിയതില്‍ അഞ്ച് പൊലീസുകാരേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇത്.

ഭോപ്പാലിലെ ഹബിബ്ഗാംജ് റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. സ്ഥലത്തു നിന്നും നൂറ് മീറ്റര്‍ അകലെയാണ് റെയില്‍വെ പൊലീസ് പോസ്റ്റുണ്ടായിരുന്നത്. ഐ.എ.എസ് കോച്ചിംഗിന് ശേഷം വീട്ടിലേക്കു പോകാനായി യുവതി സ്ഥിരമായി ട്രെയിന്‍ കയറിയിരുന്നത് ഈ സ്‌റ്റേഷനില്‍ നിന്നുമായിരുന്നു. സംഭവം നടന്ന ദിവസം സ്‌റ്റേഷനിലേക്ക് പോകാനായി പെണ്‍കുട്ടി ഷോര്‍ട്ട് കട്ട് തെരഞ്ഞെടുത്തെന്നാണ് പൊലീസ് പറയുന്നത്. എകദേശം ഏഴ് മണിയോടെ മദ്യപിച്ചെത്തിയ ഗോലു ബിഹാരി, അളിയന്‍ അമര്‍ ഭുന്‍ടു എന്നിവര്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഗോലു തന്റെ മകളെ കൊന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ജ്യാമ്യത്തിന് പുറത്തിറങ്ങിയ ആളാണെന്നും പൊലീസ് പറയുന്നു.


Also Read: ‘മതത്തിന്റെ പേരില്‍ ഭയം വിതക്കുന്നുത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ് തീവ്രവാദം?’; കമല്‍ ഹാസന് പിന്തുണയുമായി സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്


പ്രതിരോധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കെട്ടിയിട്ട രണ്ടു പേരും ഇടയ്ക്ക് തങ്ങളുടെ സുഹൃത്തുക്കളേയും സംഭവ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു വന്നെന്നും രാത്രി പത്തു മണിവരെ തുടര്‍ച്ചയായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. ഇതിനിടെ പുകവലിക്കാനും ചായ കുടിക്കാനും ഇടവേളകളെടുത്തെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് യുവതിയുടെ പക്കലുണ്ടായിരുന്ന പണവും ആഭരണങ്ങളും കവര്‍ന്ന ശേഷം പോകാന്‍ അനുവദിക്കുകയായിരുന്നു.

പിറ്റേദിവസം പിതാവുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ പരാതി സ്വീകരിക്കാതെ ഹബീബ്ഗാംജ് പൊലീസ് അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞു വിടുകയായിരുന്നു. അവിടുന്ന് അടുത്ത പൊലീസ് സ്റ്റേഷനിലേക്കും. ഇതിനിടെ പ്രതികളെ റോഡരികില്‍ കണ്ട യുവതിയും പിതാവും അവരെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

Advertisement