Administrator
Administrator
ഭൂമി വിഴുങ്ങിയ കാലുകള്‍
Administrator
Monday 22nd November 2010 10:59pm

നമുക്കിടയിലെ ജീവിതങ്ങളെക്കുറിച്ച്, ആ ജീവിതങ്ങളിലെ സൂഷ്മമായ വിശാലതകളെക്കുറിച്ച് പറയുന്ന കഥാകാരനാണ് അര്‍ഷാദ് ബത്തേരി. അര്‍ഷാദിന്റെ ‘ഭൂമിയോളം ജീവിത’മെന്ന കഥാ സമാഹാരത്തിലെ ‘ഭൂമി വിഴുങ്ങിയ കാലുകള്‍’ എന്ന കഥ തമിഴ്‌നാട് സര്‍ക്കാര്‍ ഒമ്പതാംതരം പാഠപുസ്തകത്തിലുള്‍പ്പെടുത്തിയിരിക്കയാണ്. നടക്കാന്‍ സമയമില്ലാതെ ഓടുന്ന മനുഷ്യരെക്കുറിച്ചുള്ള ആ കഥ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
അര്‍ഷാദ് ബത്തേരിപുറത്താക്കപ്പെട്ട ഒരാളുടെ ഹൃദയം പോലെ വിജനവും നിശ്ശബ്ദവുമായ വഴി. ഇതെന്റെ വീട്ടിലേക്കുള്ള വഴിയാണ്. നടക്കുകയാണ് എന്ന വ്യാജ ബോധത്തോടെ പ്രാണനില്‍ തീപിടിച്ച് ഞാന്‍ ഓടുകയാണ്. ഒരു ഓട്ട മത്സരത്തിലും പങ്കെടുത്തിട്ടില്ല. ഒരു മെഡലും എനിക്കും ലഭിച്ചിട്ടില്ല. എന്നിട്ടും ഞാനങ്ങനെ ഓട്ടക്കാരന്‍ ഉസ്മാനായി.

ഓര്‍മയുടെ കലങ്ങിയ കയത്തിനരുകില്‍ ഏറെനേരം നിന്നശേഷം സങ്കടവും ഭീതിയും പേറി ഉസ്മാന്‍ നടന്നു. .. ഇടവഴി തിരിഞ്ഞതേയുള്ളൂ. മുമ്പില്‍ കുഞ്ഞനന്തന്‍ മാഷിന്റെ മകള്‍ പനിനീര്‍പ്പൂവുമായി നില്‍ക്കുന്നു. ഈ കുട്ടിയേയും ഉസ്മാന് ഭയമാണ്. കുട്ടകളെ അതിജീവിക്കാനെന്തൊരു പ്രയാസമാണ്. വാക്കുകളില്‍ പന്തം കത്തിച്ചാണു സംസാരിക്കുക.

‘ഉസ്മാനിക്ക’ നനവിലേക്കെന്നതുപോലെ കുട്ടിയുടെ വിളിയിലേക്ക് ഉസ്മാന്‍ പതിഞ്ഞു.
‘ന്തേയ് മോളെ?’ ചൂടും പീഡനവും ആവരണം ചെയ്ത ഉസ്മാന്റെ ശബ്ദം കുട്ടിയുടെ മുന്നില്‍ തളര്‍ന്നു വീണു.

എല്ലാവരും ന്ത്‌നാണ്ങ്ങളെ ഓട്ടക്കാരനെന്നു വിളിക്കുന്നത്. ന്റെ വല്യേച്ചീനെപ്പോലെ ടീവീലൊക്കെ ഓടീട്ടുണ്ടോ? സമ്മാനം കിട്ടീട്ടുണ്ടോ?
യില്ല, മോളെ, ഉസ്മാനിക്കായ്ക്ക് ഒരു സമ്മാനവും കിട്ടീട്ടില്ല. ശബ്ദം പതറാതിരിക്കാന്‍ നന്നായി പ്രയാസപ്പെട്ടു.

ഞാന്‍ സമ്മതിച്ചില്ലാ ട്ട്വോ. ഏച്ചീനെക്കാളും വലിയ ഓട്ടക്കാരനാണ് ഉസ്മാനിക്കായെന്ന് ഞാന്‍ പറഞ്ഞു. ഏച്ചിക്ക് പത്രത്തിലൊക്കെ പടം വന്നതിന്റെ പവറാ. കുട്ടിയിലേക്ക് അലിയാനാവാത്തതില്‍ ഉസ്മാന് അതിയായി ദുഃഖം തോന്നി.
‘ന്താ ആലോചിക്കുന്നത്’. കുട്ടിയുടെ സ്പര്‍ശം ദൈവത്തിന്റെ ചുംബനമായിരുന്നുവോ?

‘പോട്ടെ മോളെ’ യാത്ര പറഞ്ഞു നടക്കുകയാണോ ഓടുകയാണോ എന്നു തീര്‍ച്ചപ്പെടുത്താനാവാതെ ഉസ്മാന്‍ നീങ്ങിത്തുടങ്ങി. ഇടവഴിയുടെ ഓരോ തിരിവുകളില്‍ വച്ചും ഉസ്മാന്റെ വേഗമേറി വന്നു. തന്റെ ജീവിതവും ഈ തിരിവുകളും എവിടെയൊക്കെയോ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. പെട്ടെന്നു വന്ന കാറ്റില്‍ ഇലകള്‍ ഇടവഴിയിലേക്കു പാറിവീണു. ഒപ്പം കനമുള്ള മഴത്തുള്ളികളും.

ഈ ഇടവഴിയിലൂടെ ഒട്ടും ഭയമില്ലാതെ നടന്നൊരു ബാല്യമുണ്ടായിരുന്നു. അന്നു ചേമ്പില ചൂടി രവിക്കും രാജലക്ഷ്മിക്കുമൊപ്പം മഴത്തുള്ളികള്‍ക്കുള്ളില്‍ നിന്ന് പൊട്ടിച്ചിരിച്ച ബാല്യം. വെറുതെ തിരിഞ്ഞുനോക്കി.

രവി, രാമന്‍ ആരുമുണ്ടാകില്ലെന്നറിഞ്ഞിട്ടും അല്‍പനേരം അങ്ങനെത്തന്നെ നിന്നു. മഴയുടെ ഏതോ മറവില്‍ നനഞ്ഞു കുതിര്‍ന്ന് അവരുണ്ടോ?

മഴ തേങ്ങിത്തേങ്ങി പിന്നെ പൊട്ടിക്കരയാന്‍ തുടങ്ങി. ശക്തിയേറുന്ന മഴയില്‍ ഓടുമ്പോഴും ഉസ്മാന്റെ കണ്ണുകള്‍ നിറഞ്ഞു. മഴയും കണ്ണുനീരും രണ്ടു രുചികളാല്‍ ചുണ്ടിനെയും നാവിനേയും നനച്ചു. ഇടവഴികളിപ്പോള്‍ ചെറിയൊരു തോടായിരിക്കുന്നു. ഉരുണ്ടുമറിയുന്ന കലക്കുവെള്ളത്തിലൂടെ ഉസ്മാന്‍ ഓടുകതന്നെയാണ്. അപ്പോഴും പ്രാര്‍ത്ഥനാസ്വരത്തില്‍ ഉസ്മാന്‍ ഉരുവിട്ടുകൊണ്ടിരുന്നു.

എന്നാണാവോ എനിക്കൊന്നു നടക്കാനാവുക.

ഓട്ടക്കാരാ… ഡാ. അപ്രതീക്ഷിതമായ വിളി തലയ്ക്കടിക്കുംപോലെയാണ്. നീര്‍ക്കോലി പോലുള്ള സുകുമാരനിതാ മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു. ‘ഈ മഴയത്തിങ്ങനെ ഓടാന്‍ ന്ന്‌നക്കെന്താ ഭ്രാന്താ ന്നാ ഈ തോര്‍ത്തോണ്ട തല തുവര്‍ത്ത്’.

മഴ തോര്‍ന്നു. തണുപ്പ് ഉസ്മാനെ വരിഞ്ഞുമുറുക്കി. രണ്ടു ദിവസമായി നിന്നെ തിരയുന്നു. വീട്ടിലും വന്നിരുന്നു. നീ എവിടെയാ ഉസ്മാനെ ഈ ഓടിയോടിപ്പോകുന്നത്. വാ… എല്ലാവരും നിന്നെ കാത്തിരിക്കുകയാണ്.

സുകുമാരന്റെ പിടിയിലൊതുങ്ങി ഉസ്മാന്‍ ചെറിയ സംഘത്തിന്റെ മദ്ധ്യത്തിലായി ഇരിക്കാതെ ഇരുന്നു. ‘ഇവനെ അറിയില്ലേ നമ്മുടെ അച്ചുവേട്ടന്റെ ഇളയവനാണ് . ഇപ്പം വല്യ സംവിധായകനാണ്’.

‘ഹലോ, ഞാന്‍ നീരജ്’. അയാള്‍ സ്വയം പേരുപറഞ്ഞു ചിരിച്ചു. ഉള്ളിലെവിടെയോ മൂടപ്പെട്ടു കിടക്കുന്ന ചിരി വളരെ പ്രയാസപ്പെട്ട് ഉസ്മാന്‍ പുറത്തേക്കെടുത്തു.
‘ഉസ്മാനിക്കാ നേരെയങ്ങു കാര്യത്തിലേക്കു കടക്കാം’. വളരെക്കാലത്തെ പരിചയഭാവത്തില്‍ നീരജിന്റെ കൈ ഉസ്മാന്‍ തോളിലമര്‍ന്നു. \

‘പുതുമയുള്ളതെന്തെങ്കിലും ചെയ്യണമെന്നാണ് എന്റെ മോഹം. അതിനിടയിലാണ് നിങ്ങളെപ്പറ്റി അറിയാന്‍ കഴിഞ്ഞത്’. നീരജ് പരിചയനസമ്പന്നനായ സംവിധായകന്റെ ചടുലതയോടെ ഉസ്മാന്റെ നേരെ നിന്നു . തന്റെ ഇരുകൈകളിലേയും തള്ളവിരലുകള്‍ ചേര്‍ത്തുപിടിച്ചു വൃത്തമുണ്ടാക്കി. അതിനകത്തുകൂടെ ഉസ്മാന്റെ വിയര്‍പ്പു പൊടിയുന്ന മുഖം വ്യത്യസ്ത ദീശകളിലൂടെ നോക്കിക്കണ്ടു. ഇടയ്ക്കിടയ്ക്ക് കൈകള്‍ പതുക്കെ ഉസ്മാന്റെ മുഖത്തേക്ക് അടുപ്പിക്കുകയും വളരെ സാവധാനത്തില്‍ പിന്‍വലിക്കുകയും ചെയ്തുകൊണ്ടിരുന്നു. മുന്നില്‍ ഷൂട്ടിങ് കാണുന്ന കൗതുകത്തോടെ ഇരിക്കുന്നവരോടായി നീരജ് പറഞ്ഞു.

‘നല്ല ഡെപ്ത്തുള്ള ഫെയ്‌സാണ്’.

‘മുഴുവന്‍ സമയവും ഉസ്മാന് ഓടേണ്ടി വരുമോ’? ഒരാള്‍ ഇടയ്ക്കു ചോദിച്ചു. ‘വേണ്ട, വേണ്ട എല്ലാ സീനിലും ഉസ്മാനിക്ക ഓടണ്ട. ഓടുന്നതുപോലെ കാണിച്ചാല്‍ മതി. തലയില്‍ കുരിശ്ശിറങ്ങുന്ന വേദനയ്‌ക്കൊപ്പമുയര്‍ന്ന നിലവിളിയെ ഉസ്മാന്‍ മൗനത്തിലേക്കു പൂഴ്ത്തി. നീരജ് കൈ രണ്ടും നീട്ടിപ്പിടിച്ചു പറഞ്ഞു.

‘നമ്മള്‍ ലോങ് ഷോട്ടില്‍ ഉസ്മാനിക്കാനെ കാണിക്കുന്നു. പതുക്കെപ്പതുക്കെ ഉസ്മാനിക്ക നടന്നുവരുന്നു. പശ്ചാത്തലത്തില്‍ തബലയുടെ നേര്‍ത്ത് സംഗീതം മാത്രമേ അന്നേരത്തുണ്ടായിരുന്നുള്ളൂ. ഉസ്മാനിക്ക ക്യാമറയുടെ അടുത്തെത്തുമ്പോള്‍ ആ ഷോട്ട് നമ്മള്‍ കട്ടു ചെയ്യുന്നു. അടുത്ത ഷോട്ടില്‍ ഉസ്മാനിക്കാന്റെ കാല്‍പ്പത്തികളുടെ ക്ലോസപ്പ്, അത് വിവിധ ആംഗിളുകളില്‍ വ്യത്യസ്ത ടോണുകളില്‍ കാണിക്കുന്നു. വിണ്ടുകീറിയ കാലുകള്‍ പ്രേക്ഷകരെ ഹോണ്ട് ചെയ്യും. ഷുവര്‍, നീരജിന്റെ മുഖം ചുവന്നു തുടുത്തു. ഉസ്മാന്റെ ഹൃദയം കനംവച്ചു വിങ്ങി ശ്വാസം മുട്ടി.

ഉസ്മാനിക്കാ സ്‌ക്രിപ്റ്റിന്റെ ഒരു കരുത്തിനുവേണ്ടി ചോദിക്കുകയാണ്. നിങ്ങളാരുടെ പുറകെയാണീ ഓടുന്നത്? ഒന്നു പറയാമോ? എങ്ങനെയാണ് ഈ പേരിത്രയും പോപ്പുലറായത്? നിങ്ങള്‍ക്കു നടക്കാനാവില്ലേ?

ഒരിക്കലെങ്കിലും തനിക്ക് നടക്കാനിവില്ലേയെന്ന ചോദ്യം ഹൃദയത്തിന്റെ നേര്‍ത്ത ചുമരില്‍ എത്രയോ തവണ ഞാന്‍ ദൈവത്തോടെ എഴുതി ചോദിച്ചിരിക്കുന്നു. പക്ഷേ, ഉസ്മാന്‍ നീരജീനോട് മറുപടിയൊന്നും പറഞ്ഞില്ല.

നീ ആരുടെ പുറകെയാണ് ഓടുന്നത് ഉസ്മാനെ വീണ്ടും ആരോ ഇടപെട്ടു.

അല്ലാ ഉസ്മാനെ തലയില് മീന്‍കൂട്ടയുമായി നടന്ന രാജപ്പന്‍ സൈക്കിളിലായി, പിന്നെ മൊട്ടോര്‍ സൈക്കിളിലുമായി, ഇപ്പം കാറിലുമായി.
രാജപ്പന്‍ മാത്രമോ. പീടികതോറും പണം പലിശയ്ക്കു കൊടുത്തു നടന്ന അന്ത്രുക്ക കൊട്ടാരം പോലുള്ളൊരു വീടുമെടുത്തു. ഇപ്പം ഹാജിയാരുമായി നീയിങ്ങനെ ഓടീട്ട് ഒന്നും കാണുന്നില്ലല്ലോ ഉസ്മാനെ,

നദിയിലേക്കു കല്ലു വന്നു വീണുയരുന്ന ജലകണങ്ങള്‍പോലെ ഉസ്മാന്‍ ചിതറിയെണീറ്റു. ഷര്‍ട്ടിന്റെ പോക്കറ്റില്‍ കൈയിട്ടു.

ഉമ്മാന്റെ മരുന്ന് റിപ്പോര്‍ട്ട് രശ്മിയുടെ അതിവേഗത്തില്‍ ഉസ്മാന്‍ അവരുടെ ക്യാമറക്കണ്ണുകളില്‍ നിന്ന് അപ്രത്യക്ഷനായി.
ഉസ്മാന്റെ പെട്ടെന്നുണ്ടായ കുതിപ്പില്‍ നീരജും സംഘവും തരിച്ചിരുന്നു.

ആരുടെ പിറകിലായിരിക്കും ഉസ്മാനിക്കാ ഓടുന്നത്. നീരജിന്റെ ശബ്ദത്തില്‍ നിരാശ കലര്‍ന്നിരുന്നു. ചിലപ്പോള്‍ ഉസ്മാന്‍ ഏതെങ്കിലും സ്വപ്‌നത്തിന്റെ പുറകെയായിരിക്കും ഓടുന്നത്. സുകുമാരന്‍ അല്പം അലങ്കാരികതയോടെ പറഞ്ഞു.

എനിക്കു തോന്നുന്നത് അയാള്‍ക്കെല്ലാവരേയും ഭതയമായിരിക്കും എന്നാണ് വേറൊരാള്‍ പറഞ്ഞു.

നീരജ് അതൊന്നും ശ്രദ്ധിക്കാതെ ഉസ്മാന്റെ വേഗത്തിലേക്കങ്ങനെ എത്തച്ചേരാനാവുമെന്നതിനെപ്പറ്റി മനസ്സ് പുകയ്ക്കുകയാണ്. ആര്‍ക്കും ഇതു വരെ കണ്ടെത്താനാവാത്തവണ്ണം ഉസ്മാന്‍ ആരുടെ പുറകെയാണ് ഓടുന്നത്. നീരജ് നിലത്ത് നീണ്ടു നിവര്‍ന്ന് കിടന്ന ശ്വാസം വിട്ടു.

നമുക്ക് ഉസ്മാന്റെ പുറകേപോയി നോക്കിയാലോ ഷൂട്ടങ്ങിനു മുമ്പ് അങ്ങനെയെന്തെങ്കിലും ചെയ്യേണ്ടി വരും നീരജ് പറഞ്ഞു.
നീരജിന്റെയും സുഹൃത്തുക്കളുടേയും പിടിയില്‍ നിന്നും കുതറി. സ്വയം വിസ്മരിച്ചു വിയര്‍പ്പില്‍ പൊള്ളുന്ന കാലുകളുമായി പായുന്നതിനിടയില്‍ നെഞ്ചിലേക്കാഞ്ഞടിക്കുന്ന കാറ്റിനെ തള്ളിമാറ്റുമ്പോഴും ഉസ്മാന്റെ ഹൃദയം മന്ത്രിച്ചു.

ഒരിക്കലെങ്കിലും എനിക്കൊന്നു നടക്കാനാവില്ലേ ഒരിക്കലെങ്കിലും.

വായനശാലയുടെ പിറകിലൂടെ ഓടിയെത്തിയപ്പോഴാണ് കണ്ടത്. ചെറിയൊരാള്‍ക്കൂട്ടം അവര്‍ പുതിയ വഴി വെട്ടുകയാണ്. ഒപ്പം വഴിയുടെ വീതിയും കൂട്ടുന്നുണ്ട്.

പുതിയ വഴി
വീതി കൂടുന്ന വഴി
നീളം കൂടുന്ന വഴി

വഴികളൊക്കെ ഉസ്മാനെ ഭയപ്പെടുത്തുന്നു. ഈ വഴികളത്രയും താന്‍ ഓടിത്തീര്‍ക്കേണ്ടേ നീളം കൂട്ടല്ലേ… നീളം കൂട്ടല്ലേ.
ഇരുട്ടും മൗനവും ഇഴയുന്ന മുറിയില്‍ ഉറക്കത്തിന്റെ അരികുപറ്റാനാവാതെ ഉസ്മാന്‍ കിടന്നു. രാത്രിയെ ആട്ടിപ്പായിച്ചും സ്വപ്‌നങ്ങള്‍ക്കു നേരേ അലസമായി കല്ലെറിഞ്ഞും അടുത്ത മുറിയില്‍ കിടക്കുന്ന ഉമ്മയുടെ ചിരിയും കരച്ചിലും ഉസ്മാന്റെ നഖം പൊളിഞ്ഞുപോയ കാലുകളിലേക്കു തുളച്ചു കയറി.
‘ഇക്കാ’ ചാട്ടവാറടിയായി പെങ്ങളുടെ വിളി.
ഉസ്മാന്‍ ചാടിയെണീറ്റു.
‘എന്താമോളേ’
‘ഉമ്മച്ചീ ഓടി..’ ഉസ്മാന്റെ കാലുകളിലേക്ക് ആരോ തീക്കനല്‍ കോരിയിട്ടു. പ്രജ്ഞയുടെ എല്ലാവിളക്കുകയും കെട്ടുപോയ ഉസ്മാന്റെ ഉമ്മ പതിവുതെറ്റിക്കാതെ ഇരുളിലൂടെ ഓടുകയാണ്. ഒപ്പം ഉമ്മയുടെ പുറകെ ആര്‍ക്കും തോല്പിക്കാനാവാത്ത ഓട്ടക്കാരനായി ഉസ്മാനും.

‘എന്നാണാവോ ഉമ്മാന്റെ ഓട്ടമൊന്നു നില്ക്കുക.’ നിലാവ് കരുണ കാണിച്ചപ്പോള്‍ ഉസ്മാന് ആശ്വാസമായി. ഓടിയോടി ഒരിടത്തു വീണുകിടക്കുന്ന പതിവ് ഇന്നും ഉമ്മ തെറ്റിച്ചിട്ടില്ല.

‘ഉമ്മാ…. ഉമ്മാ’ കിതപ്പില്‍ ഉസ്മാന്‍ വിളിച്ചുകൊണ്ടിരിക്കുന്നു.

എന്നത്തേയും പോലെ ഇത്തവണ ഉമ്മ ഉസ്മാനെ കെട്ടിപ്പിടിക്കുകയോ കരയുകയോ ഉണ്ടായിരല്ല. ഉമ്മാ ഉസ്മാന്‍ പതുക്കെ തൊട്ടുവിളിച്ചു. തണുത്ത് മരവിച്ച ഉമ്മയുടെ ശരീരം കൈകളില്‍ താങ്ങി ഉസ്മാന്‍ വീട്ടിലേക്കുകയറി ചെന്നു. ഓടിവന്ന പെങ്ങളോട് പറഞ്ഞു ഓടിയോടി ഉമ്മ രക്ഷപ്പെട്ടെടീ പെങ്ങള്‍ തൂണുപോലെ നിന്നു. ഭൂമിയുടെ അറ്റത്തെത്തിയ വിഭ്രാന്തിയോടെ ഉസ്മാന്‍ ഉമ്മയുടെ കബറിനരികില്‍ നിന്നു. ‘റബ്ബേ ഭൂമിതീര്‍ന്നുപോയല്ലോ ഇനയെങ്ങോട്ട്…..’

വിറച്ചു വിറച്ചു ഉസ്മാന്‍ ജീവിതത്തിലേക്കു തിരിഞ്ഞുനിന്നു. തന്നിലെ മുഴുവന്‍ വേഗവുമെടുത്തോടി. ഓടിയോടി കുന്നുന്‍ ചുവട്ടിലെത്തി. തീറ്റകഴിഞ്ഞ് കുന്നിറങ്ങിവരുന്ന കാളക്കൂട്ടങ്ങള്‍ പതുക്കെ താളത്തില്‍ ശരീരം കുലുക്കി പോകുന്ന കാളകളുടെ കാലുകളിലേക്ക് ഉസ്മാന്‍ കൊതിയോടെ നോക്കി.

ഇടവഴിയില്ല. വീതികൂട്ടിയിരിക്കുന്നു. ബാല്യത്തിന്റെ ഓര്‍മകളെ ഇടിച്ചു നിരത്തിയിരിക്കുന്നു. ഒരുകരിയില പോലും വീണുകിടക്കുന്നില്ല. ഇടവഴികള്‍ ഓര്‍മകള്‍ക്ക് ഇഴഞ്ഞുനടക്കാനുള്ളതായിരുന്നു. ഇപ്പോള്‍ കുഞ്ഞനന്ദന്‍ മാഷുടെ മകളുപോലുമില്ല. കനത്തുകെട്ടക്കിടക്കുന്ന മൂകതമാത്രം.

തലച്ചോറിലൂടെ ഭ്രാന്ത് റോന്ത് ചുറ്റുന്നുണ്ട്. അതുശരീരത്തെ മുഴുവനായി വിഴുങ്ങുന്നതിന് മുമ്പ് ഒന്ന് നടക്കണം. അരികില്‍ ചാഞ്ഞുകിടക്കുന്ന മരക്കൊമ്പില്‍ പിടിച്ചുകൊണ്ട് ചുററുമൊന്ന് കണ്ണോടിച്ചു. ആരുമില്ല. ഇടയ്ക്കുപറമ്പിലേക്ക് ഞെട്ടറ്റ് വീഴുന്ന പഴുത്തിലകളുടെ നേര്‍ത്ത ശബ്ദമൊഴിച്ചാല്‍ മറ്റൊന്നുമില്ല. ഇതുതന്നെയാണ് പറ്റയ അവസരം. എത്രയോ കാലമായി മനസ്സില്‍ കിടക്കുന്ന ആഗ്രഹം സഫലീകരിക്കാന്‍ പോകുന്നു . ഉസ്മാന്‍ നടക്കാനായി ഒരുങ്ങുന്നു. ശരീരത്തിലാകെ തണുപ്പ് അരിച്ചിറിങ്ങുന്നു. വീടുവരേയെങ്കിലും നടക്കാന്‍ പറ്റുമോ?

പതുക്കെ മരക്കൊമ്പില്‍ നിന്നും കൈവിട്ടു. നടന്നോ ഉസ്മാനേ നടന്നോ,, ആരൊക്കെയോ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
പറ്റുമോ? രണ്ടുംകല്പിച്ച് ഉസ്മാന്‍ വലതുകാല്‍ മുന്നോട്ട് വച്ചു. ഒന്ന് രണ്ട് രണ്ടടി നടന്നുകഴിഞ്ഞിരിക്കുന്നു. വിശ്വസിക്കാനാവാത്ത ആഹ്ലാദത്തില്‍ മൂന്നാമത്തെ അടി നീട്ടിവച്ചു. നാല്… അഞ്ച് പെട്ടെന്ന് കാലുകള്‍ വിയര്‍ത്തു. ശരീരം ചൂടുപിടിച്ചു. ചെവിയില്‍ നിലവിളിക്കാത്ത, ഉള്ളുതുറന്നു ചിരിക്കാനാവാത്ത പെങ്ങളുടെ ചിരി. ചിരി…ചിരി.. മാത്രം.. പിന്നീട് നേര്‍ത്ത ചങ്ങല കിലുക്കം.
‘പെങ്ങള്.. പെങ്ങള്.’ നടക്കാനാവാത്ത പരാജയത്തിന്റെ ഊക്കില്‍ നിന്ന് ലഭിച്ച വേഗവുമായി ഉസ്മാനോടി. …ഓടി .. ഓടിയോടി….

Advertisement