'മണിച്ചിത്രത്താഴിന് ഹിന്ദിയില്‍ രണ്ടാം ഭാഗം'; കാര്‍ത്തിക് ആര്യന്‍-കിയാര ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
Entertainment
'മണിച്ചിത്രത്താഴിന് ഹിന്ദിയില്‍ രണ്ടാം ഭാഗം'; കാര്‍ത്തിക് ആര്യന്‍-കിയാര ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd February 2021, 3:20 pm

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിന് ഇന്ത്യയിലെ പല ഭാഷകളിലും റീമേക്കുകകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുകയാണ്.

മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ 2007ലിറങ്ങിയ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുത്തിരിക്കുയാണ്. കാര്‍ത്തിക് ആര്യനും കിയാര അഡ്വാനിയും നായികാനായകരായ എത്തുന്ന ചിത്രത്തിന്റെ പേര് ഭൂല്‍ ഭുലയ്യ 2 എന്നാണ്.

നവംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പോസ്റ്ററും ട്വീറ്റിനൊപ്പം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.

2007ല്‍ ഇറങ്ങിയ ഭൂല്‍ ഭുലയ്യയില്‍ അക്ഷയ് കുമാറും വിദ്യാ ബാലനും ഷിനെയ് അഹുജ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഇപ്പോള്‍ വരുന്ന രണ്ടാം ഭാഗം അക്ഷയ് കുമാറിന്റെ ഡോ. ആദിത്യ ശ്രീവാസ്തവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള സ്പിന്‍ ഓഫ് ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മണിച്ചിത്രത്താഴിലെ മോഹന്‍ലാല്‍ കഥാപാത്രം ഡോ.സണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തില്‍ ഗീതാജ്ഞലി എന്ന ചിത്രം ഇറങ്ങിയിരുന്നു. 2013ലിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനായിരുന്നു.


അനീസ് ബാസ്‌മേയാണ് ഭൂല്‍ ഭൂലയ്യ 2 സംവിധാനം ചെയ്യുന്നത്. ഭുഷന്‍ കുമാര്‍, മുറദ് ഖേതാനി, കൃഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാര്‍ത്തിക് ആര്യനെയും കിയാരെയെയും കൂടാകെ തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

2019ലാണ് ഭൂല്‍ ഭൂലയ്യ 2വിന്റെ ആദ്യ പ്രഖ്യാപനം കാര്‍ത്തിക് ആര്യന്‍ നടത്തുന്നത്. പ്രേതത്തെ പിടിച്ചുകെട്ടുന്ന മന്ത്രവാദികള്‍ വീണ്ടുമെത്തുകയാണെന്നാണ് കാര്‍ത്തിക് ആര്യന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നത്. അതേ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചിരുന്നു. 2020 ജൂലൈ 31നായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Bhoolbhulaiyaa2  Kartik Aaryan Kiara Advani Bollywood movie release date announced