'രതിപുഷ്പം'; ഉണ്ണി മേനോന്റെ ശബ്ദത്തില്‍ എണ്‍പതുകളിലെ ഫീല്‍; ഭീഷ്മ പര്‍വത്തിലെ രണ്ടാമത്തെ ഗാനം
Film News
'രതിപുഷ്പം'; ഉണ്ണി മേനോന്റെ ശബ്ദത്തില്‍ എണ്‍പതുകളിലെ ഫീല്‍; ഭീഷ്മ പര്‍വത്തിലെ രണ്ടാമത്തെ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th February 2022, 6:36 pm

ആരാധകര്‍ കാത്തിരിക്കുന്ന് മമ്മൂട്ടി ചിത്രം ‘ഭീഷ്മ പര്‍വ’ത്തിലെ രണ്ടാമത്തെ ഗാനം പുറത്ത് വിട്ടു. ‘രതിപുഷ്പം’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. റംസാനും ഷൈന്‍ ടോം ചാക്കോയുമാണ് ലിറിക്കല്‍ വീഡിയോയില്‍ എത്തിയിരിക്കുന്നത്.

ഉണ്ണി മേനോന്‍ പാടിയ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. എണ്‍പതുകളിലെ പാട്ടിന്റെ സ്വഭാവത്തിലുള്ള വരികളും സംഗീതവുമാണ് രതിപുഷ്പത്തിന്. സുഷീന്‍ ശ്യാമാണ് സംഗീതം നല്‍കിയിരിക്കുന്നത്.

നേരത്തെ പുറത്തു വന്ന പറുദീസ എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹീര്‍, ശ്രിന്ദ എന്നിവരെത്തിയ ഗാനം പുറത്ത് വിട്ടു മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിംഗ് നമ്പര്‍ വണ്ണായിരുന്നു.


അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വം മാര്‍ച്ച് മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരം ഭീഷ്മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.

അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


Content Highlight: bheeshma parvam new song rathipushpam out