അമലേട്ടന്‍ റീ ടേക്ക് ചോദിക്കുന്ന രീതി; ചിലപ്പോള്‍ നമ്മള്‍ തന്നെ വല്ലാതായിപ്പോകും; ഭീഷ്മ പര്‍വ്വം ഷൂട്ടിങ് അനുഭവം പങ്കുവെച്ച് താരങ്ങള്‍
Movie Day
അമലേട്ടന്‍ റീ ടേക്ക് ചോദിക്കുന്ന രീതി; ചിലപ്പോള്‍ നമ്മള്‍ തന്നെ വല്ലാതായിപ്പോകും; ഭീഷ്മ പര്‍വ്വം ഷൂട്ടിങ് അനുഭവം പങ്കുവെച്ച് താരങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th March 2022, 12:44 pm

മമ്മൂട്ടി- അമല്‍നീരദ് കൂട്ടുകെട്ടില്‍ 14 വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വം മലയാളസിനിമയ്ക്ക് തന്നെ ഉണര്‍വേകി, നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും. അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിച്ചിരുന്നില്ല. ആ വിശ്വാസം ശരിക്കുവെക്കുകയാണ് ചിത്രത്തിന്റെ വിജയം.

സംവിധായകന്‍ എന്ന നിലയില്‍ അമല്‍ നീരദിനെ കുറിച്ച് പറയുകയാണ് സിനിമയിലെ താരങ്ങള്‍. കൗമുദിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു നടി ലെനയും ശ്രിന്ദയും ഫര്‍ഹാന്‍ ഫാസിലും സുഷിന്‍ ശ്യാമും അമല്‍നീരദുമൊത്തുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

എക്‌സ്ട്രീം ജന്റില്‍മാനാണ് അമല്‍നീരദ് എന്നായിരുന്നു നടി ലെന പറഞ്ഞത്. ‘അമല്‍ നീരദിന്റെ നേച്ച്വര്‍ അതാണ്. എക്‌സ്ട്രീം പൊളൈറ്റ്‌നെസുള്ള എക്‌സ്ട്രീം ജന്റില്‍മാനായിട്ടുള്ള ആള്‍. അദ്ദേഹം താങ്ക്‌സും സോറിയുമൊക്കെ പറയുമ്പോള്‍ ചില സമയത്ത് നമ്മള്‍ തന്നെ വല്ലാതായിപ്പോകും, ലെന പറയുന്നു.

റീ ടേക്കുകള്‍ വേണ്ടി വരുന്ന സീനില്‍ അമല്‍ നീരദ് അത് ആവശ്യപ്പെടുന്ന രീതിയെ കുറിച്ചും രസകരമായാണ് താരങ്ങള്‍ വിവരിച്ചത്. സോറി, സോറി, സോറി, ടെക്‌നിക്കലി ചെറിയൊരു ഇഷ്യൂ, ഒരെണ്ണം കൂടിയെന്നൊക്കെ വളരെ ലൈറ്റായിട്ട് നമ്മളോട് റിക്വസ്റ്റ് ചെയ്യുന്ന പോലെയാണ് ചോദിക്കുക. ആക്ടേഴ്‌സിനെ അത്രയേറെ കംഫര്‍ട്ടിബിള്‍ ആക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു പ്രോബ്ലംസും ആക്ടേഴ്‌സിന്റെ അടുത്ത് എത്തിക്കില്ല, താരങ്ങള്‍ പറയുന്നു.

ഭീഷ്മപര്‍വത്തിനായി അമലേട്ടന്‍ വിളിച്ചപ്പോള്‍ തന്നെ വല്ലാത്തൊരു അവസ്ഥയിലായിരുന്നെന്നായിരുന്നെന്നും അത്രയേറെ എക്‌സൈറ്റഡായിരുന്നു താനെന്നും ശ്രിന്ദ പറഞ്ഞു. പുള്ളി കഥ പറയുമ്പോള്‍ തന്നെ നമ്മള്‍ ആഗ്രഹിച്ചു തുടങ്ങും. ഈ സമയം വരെ ആ എക്‌സൈറ്റ്‌മെന്റുണ്ട്. തിയേറ്ററില്‍ ഒന്ന് ഇറങ്ങി സിനിമ കണ്ടാല്‍ മതിയെന്ന അവസ്ഥയിലായിരുന്നു ഞാന്‍.

അതുപോലെ തന്നെ നദിയ മൊയ്തുവിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുമെന്നോ ഇന്‍ട്രാക്ട് ചെയ്യാന്‍ പറ്റുമെന്നോ സ്വപ്നത്തില്‍ പോലും കരുതുന്നില്ല. നമ്മള്‍ അവരെയൊക്കെ കാണുന്നത് അങ്ങനെ ആണല്ലോ. ഇവരുടെയൊക്കെ സിനിമകള്‍ കണ്ടുവളര്‍ന്ന നമ്മള്‍ അവര്‍ക്കൊപ്പം അവരിലൊരാളായി ഉണ്ടാകുകയെന്നു പറയുന്നത് തന്നെ സ്വപ്‌നതുല്യമായ കാര്യമാണ്,’ ശ്രിന്ദ പറഞ്ഞു.

താന്‍ ക്വാറന്റൈനില്‍ ഇരിക്കുമ്പോഴാണ് ഫഹദിന്റെ മെസ്സേജ് വരുന്നതെന്നും അമലേട്ടന് നിന്റെ അടുത്ത് ഒരു കഥ പറയാനുണ്ടെന്നായിരുന്നു ഫഹദ് പറഞ്ഞതെന്നും ഫര്‍ഹാന്‍ പറയുന്നു. ‘എനിക്കത് വിശ്വസിക്കാനായില്ല. അങ്ങനെയാണ് അമലേട്ടനെ കാണാന്‍ പോകുന്നത്. കഥ പോലും കേള്‍ക്കാതെ ചെയ്യാമെന്ന് ഉറപ്പിച്ചാണ് പോകുന്നത്. കഥ മുഴുവന്‍ അദ്ദേഹം നരേറ്റ് ചെയ്തു. ഇഷ്ടപ്പെട്ടെങ്കില്‍ ചെയ്താല്‍ മതിയെന്നായിരുന്നു പറഞ്ഞത്. അമലേട്ടാ എനിക്ക് ഇനി ഒന്നും ആലോചിക്കാനില്ല. ഞാനിതില്‍ ഉണ്ടെന്ന് അപ്പോള്‍ തന്നെ മറുപടി കൊടുക്കുകയായിന്നു, ഫര്‍ഫാന്‍ പറയുന്നു.

Content Highlight: Bheeshma Parvam Actors About Amal Neerad