ബെയ്ജിങ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ നേട്ടമുണ്ടാക്കി ഭയാനകം; മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരം നിഖില്‍ എസ് പ്രവീണിന്
indian cinema
ബെയ്ജിങ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ നേട്ടമുണ്ടാക്കി ഭയാനകം; മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരം നിഖില്‍ എസ് പ്രവീണിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st April 2019, 12:00 am

ബെയ്ജിങ: മലയാളത്തിന് അഭിമാനമായി ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേട്ടം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌ക്കാരമാണ് ചിത്രം സ്വന്തമാക്കിയത്.

ദേശീയ പുരസ്‌ക്കാര ജേതാവായ നിഖില്‍ എസ് പ്രവീണാണ് പുരസ്‌ക്കാരം സ്വന്തമാക്കിയത്. അവാര്‍ഡ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്റെ കഠിന പരിശ്രമത്തിനുള്ള അംഗീകാരമാണ്    പുരസ്‌ക്കാരമെന്നും നിഖില്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

സംവിധായകന്‍ ജയരാജാണ് നിഖിലിന് വേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. വിസയുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങള്‍ സംഭവിച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെന്ന് നിഖില്‍ പറഞ്ഞു.

ദേശീയ പുരസ്‌കാരങ്ങളുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ ജയരാജിന്റെ ഭയാനകം പ്രശസ്ത മലയാളം നോവലായ തകഴി ശിവശങ്കരപ്പിള്ളയുടെ കയറിലെ രണ്ട് അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

രണ്ടാം ലോകമഹായുദ്ധകാലത്തെ കുട്ടനാടിന്റെ കഥ പറയുന്ന ചിത്രം ജയരാജിന്റെ നവരസ പരമ്പരയിലെ അടുത്ത ചിത്രമാണ്. രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്ന പോസ്റ്റ്മാന്‍ എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജയരാജ് തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.