അഞ്ച് വര്‍ഷത്തെ നിശബ്ദത ഭേദിക്കുന്നു; നേരിട്ട അതിക്രമത്തെ പറ്റി പൊതുമധ്യത്തില്‍ സംസാരിക്കാന്‍ ഭാവന
Movie Day
അഞ്ച് വര്‍ഷത്തെ നിശബ്ദത ഭേദിക്കുന്നു; നേരിട്ട അതിക്രമത്തെ പറ്റി പൊതുമധ്യത്തില്‍ സംസാരിക്കാന്‍ ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th March 2022, 12:13 pm

തന്റെ ജീവിതത്തില്‍ സംഭവിച്ച അതിക്രമത്തെ പറ്റി ആദ്യമായി പൊതുമധ്യത്തില്‍ സംസാരിക്കാനൊരുങ്ങി നടി ഭാവന. പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ തുറന്നു പറയുന്നത്. പരിപാടി മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മോജോ സ്‌റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.

അസ്മ ഖാന്‍, ഇന്ദിര പഞ്ചോലി, സപ്‌ന, മോനിക്ക, നവ്യ നന്ദ, ശ്വേത ബച്ചന്‍, കവിത ദേവി, മീര ദേവി, ഡോ. സംഗീത റെഡ്ഡി, ഡോ. ജോണ്‍ ബെന്‍സണ്‍, അമീര ഷാ, ഡോ. ഷാഗുന്‍ സബര്‍വാള്‍, മഞ്ചമ്മ ജഗതി, ഡോ. രാജം, ഡോ. സംഗീത ശങ്കര്‍, രാഗിണി ശങ്കര്‍, നന്ദിനി ശങ്കര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് അതിഥികള്‍.

കഴിഞ്ഞ ജനുവരി 10 ന് ഭാവന ഇന്‍സ്റ്റഗ്രാമില്‍ താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും, തനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും ഭാവന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ടെന്നും ആ സമയത്തൊക്കെ തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ശബ്ദം നിലയ്ക്കാതിരിക്കാനും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നെന്നും ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുകയാണെന്നും ഭാവന പറഞ്ഞിരുന്നു.

ഈ പോസ്റ്റ് വലിയ ചര്‍ച്ചാവിഷയമാവുകയും മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള മലയാള താരങ്ങളും മാധ്യമ, സാമൂഹിക പ്രവര്‍ത്തകരും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന ഭാവന കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. 2017 ല്‍ പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് മലയാളത്തില്‍ നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

വിവാഹം കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. കന്നഡ നിര്‍മ്മാതാവ് നവീനെയാണ് ഭാവന വിവാഹം കഴിച്ചിരിക്കുന്നത്.


Content Highlight: bhavana to speak in public about the atrocities encountered