മലയാള സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു, അവസരങ്ങള്‍ നല്‍കാന്‍ ഇവരൊക്കെയേ ഉണ്ടായിരുന്നുള്ളൂ...
Kerala News
മലയാള സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു, അവസരങ്ങള്‍ നല്‍കാന്‍ ഇവരൊക്കെയേ ഉണ്ടായിരുന്നുള്ളൂ...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th March 2022, 3:47 pm

ന്യൂദല്‍ഹി: തനിക്ക് മലയാള സിനിമയില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി നടി ഭാവന. പ്രമുഖ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന വി ദി വുമണ്‍ എന്ന പരിപാടിയിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്.

മോജോ സ്‌റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തിരുന്നത്.

തന്റെ മനസമാധാനത്തിന് വേണ്ടിയാണ് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറി നിന്നതെന്നും ഒന്നും സംഭവിക്കാത്തതുപോലെ അതേ ഇന്‍ഡസ്ട്രിയില്‍ വന്ന് ജോലി ചെയ്യാന്‍ ബുദ്ധുമുട്ടാണെന്നും ഭാവന പറയുന്നു.

‘പലരും എനിക്ക് മലയാള സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ തന്നെ എന്റെ പല സുഹൃത്തുക്കളും സിനിമയില്‍ അവസരം തരികയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അബു, ജിനു എബ്രഹാം അങ്ങനെ ഒരുപാട് പേര്‍ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു.

പക്ഷെ ആ സിനിമകള്‍ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു. അതേ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചുവന്ന് ഒന്നും സംഭവിക്കാത്തു പോലെ ജോലി ചെയ്യാന്‍ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്

ഞാന്‍ തെറ്റുകാരിയല്ലെന്ന് തെളിയിക്കണം, ഞാന്‍ മലയാളം ഒഴികെയുള്ള മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ തിരക്കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്,’ ഭാവന പറയുന്നു.

അതേസമയം, അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്.

സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ആഷിഖ് അബു പറഞ്ഞു.


Content Highlights: Bhavana shares the bad experience she faced from malayalam film industry