എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Bollywood
ബോളിവുഡിന്റെ ‘ഭാഗ്യമുഖശ്രീ’ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday 14th March 2018 2:17pm

 

‘മൈനേ പ്യാര്‍ കിയാ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ സ്വന്തം സീറ്റുറപ്പിച്ച നടിയാണ് ഭാഗ്യശ്രീ. മികച്ച പ്രണയ ചിത്രങ്ങളുടെ പട്ടികയില്‍ ഇന്നും നിലനില്‍ക്കുന്ന ചിത്രം കൂടിയാണ് മേനേ പ്യാര്‍ കിയാ. സൂരജ് ബര്‍ജാത്തിയയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നായകനായ ഈ ചിത്രം ഭാഗ്യശ്രീയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുകയാണ് ചെയ്തത്.

ഈ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ബോളിവുഡില്‍ നിന്ന് ധാരാളം അവസരങ്ങള്‍ ഭാഗ്യശ്രീയെ തേടിയെത്തിയെങ്കിലും അവര്‍ അഭിനയരംഗത്തുനിന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത്. മഹാരാഷ്ട്രയിലെ സാംഗ്ലി പ്രദേശത്തെ രാജകുടുംബാംഗമായ ഭാഗ്യശ്രീയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ഭാഗമായാണ് അഭിനയത്തില്‍ നിന്നും വിട്ടു നിന്നത്.

ഭാവി വരനായ ഹിമാലയ ദസനിയോടൊപ്പം മാത്രമേ അഭിനയിക്കൂ എന്നതാണ് തന്നെ സമീപിച്ച സംവിധായകരോട് ഭാഗ്യശ്രീ മുന്നോട്ടു വച്ച പ്രധാന നിബന്ധന. പിന്നീട് ഹിമാലയയോടൊപ്പം ചില ചിത്രങ്ങളില്‍ വേഷമിട്ടു എങ്കിലും അതൊന്നും വിജയിച്ചില്ല. ഏറെ വൈകാതെ ബോളിവുഡില്‍നിന്നും വെള്ളിത്തിരയില്‍ നിന്നും ഭാഗ്യശ്രീ ഒഴിഞ്ഞ് മാറി.

ഇപ്പോള്‍ ഇതാ രണ്ടാം വരവിന് ഒരുങ്ങുകയാണ് ഭാഗ്യശ്രീ. ‘ടു സ്റ്റേറ്റ്‌സ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലൂടെ ഭാഗ്യശ്രീ സിനിമയിലേക്ക് മടങ്ങിയെത്തുന്നതായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പറഞ്ഞു.

ചേതന്‍ ഭഗത്തിന്റെ ‘ടു സ്റ്റേറ്റ്‌സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജ്ജുന്‍ കപൂര്‍, ആലിയ ഭട്ട്, രേവതി, അമൃത സിംഗ്, എന്നിവരാണ് അഭിനയിച്ചത്. ഇതില്‍ രേവതി ചെയ്ത കഥാപാത്രമാണ് ഇപ്പോള്‍ ഭാഗ്യശ്രീയ്ക്ക് നിര്‍മ്മാതാക്കള്‍ വച്ചുനീട്ടുന്നത്.

”കണ്ടു മടുക്കാത്ത ഒരു മുഖം തേടിയാണ് ഞങ്ങള്‍ ഭാഗ്യശ്രീയിലേക്ക് എത്തിയത്. ‘ടു സ്റ്റേറ്റ്‌സ്’ എന്ന പുസ്തകം വളരെ ഇഷ്ടമായിരുന്നത് കൊണ്ടാണ് ഭാഗ്യശ്രീ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത് എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ വെങ്കട്ട് റെഡ്ഡി പറഞ്ഞത്.

Advertisement