ഇതെല്ലാം ചെയ്തത് അദ്ദേഹമായിരിക്കുമോ എന്ന ചോദ്യം മാറി ഇപ്പോള്‍; നടിയെ ആക്രമിച്ച സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ഭാഗ്യ ലക്ഷ്മി
Kerala News
ഇതെല്ലാം ചെയ്തത് അദ്ദേഹമായിരിക്കുമോ എന്ന ചോദ്യം മാറി ഇപ്പോള്‍; നടിയെ ആക്രമിച്ച സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ഭാഗ്യ ലക്ഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th April 2022, 11:31 am

കൊച്ചി: മാതൃകപരമായ ഒരു കോടതി ആകുമ്പോള്‍ മാത്രമേ ഓരോരുത്തര്‍ക്കും ഭയഭക്തി ബഹുമാനത്തോടെ കോടതിയെ കാണാന്‍ സാധിക്കൂവെന്ന് നടിയും ഡബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം. ഇത്രയും പുറത്ത് വന്നിട്ടും, എല്ലാവര്‍ക്കും എല്ലാം മനസിലായിട്ടും കോടതി ഇപ്പോഴും അന്വേഷണഉദ്യോഗസ്ഥരെ അടിച്ചമര്‍ത്തുന്ന രീതിയിലേക്ക് പോകുമ്പോള്‍ സാധാരണക്കാര്‍ക്ക് ഭയമാണ് തോന്നുന്നതെന്നും അവര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്നും അവര്‍ പറഞ്ഞു. ‘ഇത് നടിക്ക് വേണ്ടി അല്ല, ഒരു പെണ്‍കുട്ടിക്ക് വേണ്ടിയാണ്. ഇത്തരമൊരു സാഹചര്യം നാളെയൊരു പെണ്‍കുട്ടിക്കും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. കാല് പിടിച്ച് നീതി തരൂ എന്ന് അപേക്ഷിക്കേണ്ട രീതിയിലേക്ക് അല്ല ഇത് പോകേണ്ടത്. മാതൃകപരമായ ഒരു കോടതി ആകുമ്പോള്‍ മാത്രമേ ഓരോരുത്തര്‍ക്കും ഭയഭക്തി ബഹുമാനത്തോടെ കോടതിയെ കാണാന്‍ സാധിക്കൂ.’ അല്ലെങ്കില്‍ ജനം കോടതികളെ പുച്ഛിക്കാന്‍ തുടങ്ങുമെന്നും ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
”ഇതെല്ലാം ചെയ്തത് അദ്ദേഹമായിരിക്കുമോ എന്ന ചോദ്യം മാറി ഇപ്പോള്‍. പുറത്ത് വന്ന സംഭാഷണങ്ങളും കോടതിയില്‍ നടന്ന കാര്യങ്ങള്‍, മൊബൈല്‍ കൊടുക്കാനുള്ള മടി തുടങ്ങിയ കാര്യങ്ങള്‍ നോക്കുമ്പോള്‍ സംഭവത്തിന് പിന്നില്‍ ഇവരൊക്കെ തന്നെയാണെന്ന് ആര്‍ക്കും മനസിലാകും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മൊബൈല്‍ അല്ല എന്തും പരിശോധിക്കാമെന്ന് പറയുമ്പോഴാണ് അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് സമൂഹം വിശ്വസിക്കുന്നത്. 21 സാക്ഷികളെ കൂറ് മാറ്റിയെന്നത് കോടതിയെ സംബന്ധിച്ച് നിസാരമായിരിക്കാം. പക്ഷേ പൊതുജനത്തെ സംബന്ധിച്ച് വളരെ ഗൗരവമുള്ള വിഷയമാണ്. അതിനുമപ്പുറമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങള്‍. ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ പോകില്ലെന്ന് പറയുന്നു, ഒരു സ്ഥലത്തേക്ക് വരാന്‍ പറയുമ്പോള്‍ പറ്റില്ലെന്ന് പറയുന്നു, മൊബൈല്‍ ഫോണ്‍ തരാന്‍ പറ്റില്ലെന്ന് പറയുഇത്രയും പുറത്ത് വന്നിട്ടും, എല്ലാവര്‍ക്കും എല്ലാം മനസിലായിട്ടും കോടതി ഇപ്പോാഴും അന്വേഷണഉദ്യോഗസ്ഥരെ അടിച്ചമര്‍ത്തുന്ന രീതിയിലേക്ക് പോകുമ്പോള്‍ സാധാരണക്കാര്‍ക്ക് ഭയമാണ് തോന്നുന്നത്,” ഭാഗ്യ ലക്ഷ്മി പറഞ്ഞു.

സിനിമയിലെ സഹപ്രവര്‍ത്തകര്‍ ആരും ഇപ്പോഴും ഒന്നും മിണ്ടുന്നില്ലെന്നത് വളരെ സങ്കടകരമാണെന്നും സിനിമക്കുള്ളില്‍ നിന്ന് ഇനിയൊരു പ്രതിഷേധമോ പ്രതികരണമോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

ആര്‍ക്കും ദിലീപിനോടുള്ള ശത്രുത കൊണ്ടല്ലാ ഇവിടെ ഇരുന്ന് സംസാരിക്കുന്നത്. നമുക്കെല്ലാം ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം. അതിന് സഹായമാകേണ്ടത് കോടതിയാണ്. അല്ലാതെ ആ പെണ്‍കുട്ടി അനുഭവിച്ച വേദന ഓരോരുത്തര്‍ പ്രിവ്യൂ ഇട്ട് കാണുമ്പോള്‍, അത് ഇനിയുമെന്തിനാണ് നിങ്ങള്‍ പരിശോധിക്കുന്നതെന്ന് ചോദിക്കുകയല്ല പൊതുജനങ്ങളോട് ചെയ്യേണ്ടത്. അത് അല്ല കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്,” ഭാഗ്യലക്ഷ്മി പറഞ്ഞു.

 

Content Highlights: Bhagya lakshi about actress attack