| Monday, 16th May 2011, 1:40 am

ശങ്കരാചാര്യരും അര്‍ജ്ജുനവിഷാദയോഗവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

ഇന്ത്യയിലെ മിക്കവാറും സന്ന്യാസിമാര്‍ ശങ്കരസമ്പ്രദായത്തില്‍ ദീക്ഷിതരും ശങ്കരാചാര്യരെ ഗുരുവായി കാണുന്നവരുമാണ്. കേരളത്തില്‍ കാണുന്ന സന്ന്യാസിമാരും അത്തരക്കാരാണ്. കേരളീയ സന്ന്യാസിമാരില്‍ അല്പം വ്യത്യസ്തരായവര്‍ നടരാജഗുരുവും നിത്യചൈതന്യയതിയും മുനിനാരായണപ്രസാദും ഒക്കെ പ്രതിനിധാനം ചെയ്യുന്ന ശ്രീനാരായണഗുരുകുലം സ്വാമിമാരും കരുണാരഗുരുവിന്റെ ശിഷ്യരായ സ്വാമിമാരും ബ്രഹ്മാനന്ദസ്വാമി സിദ്ധാശ്രമവുമായി ബന്ധപ്പെട്ട സ്വാമിമാരുമാണ്.

ശ്രീനാരായണഗുരുകുലം സന്ന്യാസിമാരില്‍ പ്രമുഖനായ സ്വാമി വിനയചൈതന്യ വിവാഹിതനുമാണ്. ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും വിവാഹിതനായിരുന്നു. ശിവയോഗി ഭഗവദ്ഗീതയെ യോഗമഹാത്മ്യശാസ്ത്രം എന്ന നിലയില്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ശങ്കരാചാര്യരുടെ ഭഗവദ്ഗീതാഭാഷ്യത്തെ തരിമ്പും അംഗീകരിക്കുന്നില്ല. നടരാജഗുരുവും മറ്റും ഒരു വലിയ പരിധിയോളം ശങ്കരവിചാരപദ്ധതിയെ സ്വീകരിക്കുന്നുണ്ട്.

ഒരു സന്ന്യാസി എന്ന നിലയില്‍ ഞാന്‍ വൈചാരികമായോ ആചാരപരമായോ ശങ്കരാചാര്യപാരമ്പര്യത്തെ പിന്‍പറ്റുന്നില്ല. എന്റേത് ശക്തിബോധി സന്ന്യാസമാണ്. ചരിത്രകാരന്മാര്‍ പൊതുവേ ദ്രാവിഡീയം എന്നു പറഞ്ഞുവരുന്നതും, ശങ്കരാചാര്യര്‍ക്ക്‌പോലും പിന്നീട് “സൗന്ദര്യലഹരി” മുതലായ കൃതികളിലൂടെ സ്വാംശീകരിക്കേണ്ടിവന്നതുമായ ശാക്തേയമാര്‍ഗ്ഗത്തിന്റേയും, മാറ്റമൊഴിച്ച് മറ്റൊന്നും ശാശ്വതമായില്ലെന്ന തിരിച്ചറിവിന്റെ പ്രബുദ്ധത നിറഞ്ഞ ബൗദ്ധവിചാരപദ്ധതിയുടെയും ശാസ്ത്രീയമായൊരു സമന്വയമാണ് ശക്തിബോധി സമ്പ്രദായമനുസരിച്ചുള്ള വിചാരപദ്ധതി.

നിലനില്പിന് അവശ്യം ആവശ്യമായ ശക്തിയും ബോധവും മാറ്റത്തിന്റെ മഹാമാതാവായ വിശ്വപ്രകൃതിയില്‍വെച്ചേ മനുഷ്യന് തേടുവാനും നേടുവാനും ഏത് കാലത്തും പറ്റൂ എന്ന് അസന്നിദ്ധമായി തെളിയിക്കുന്ന ശക്തിബോധിയുടെ വിചാരപദ്ധതിയെ “വിശ്വവിദ്യാ” എന്നാണു വിളിച്ചുവരുന്നത്.

വിശ്വപ്രകൃതിയ്ക്കതീതമായ ഒരു യാഥാര്‍ത്ഥ്യം ഉണ്ടെന്നും, അതിനെയാണ് പുരുഷന്‍, ആത്മാവ് പരബ്രഹ്മം എന്നൊക്കെ വിവക്ഷിച്ചുവരുന്നതെന്നും ഒക്കെയുള്ള ധാരണകളിലൂന്നി ജഗത്തു തന്നെ മിഥ്യയാണെന്നു സിദ്ധാന്തിക്കുന്ന ശാങ്കരാദൈ്വത വിചാരപദ്ധതിയെ പൊതുവേ “ബ്രഹ്മവിദ്യ” എന്നാണു പറഞ്ഞുവരുന്നത്-വിശ്വവിദ്യ പ്രകൃതിയെ, കണ്ടെത്തിയതും, കാണാവുന്നതും, കണ്ടെത്തേണ്ടതും, എത്രശ്രമിച്ചാലും ഒരു പരിധിക്കപ്പുറം കണ്ടെത്താനാകാത്തതുമായ അനന്തയാഥാര്‍ത്ഥ്യ(infinite Reality)മായി കാണുന്നു. ബ്രഹ്മവിദ്യയാകട്ടെ പ്രകൃതിയെ തന്നെ മനുഷ്യന്‍ കാണുന്ന സ്വപ്നത്തിനു സമാനം ബ്രഹ്മത്തിന്റെ സ്വപ്നമായി കാണുന്നു.

ഈ വൈചാരികവ്യത്യാസമാണ് ശാങ്കരസമ്പ്രദായസന്ന്യാസിമാരുടേയും ശക്തിബോധിസന്യാസത്തിന്റേയും സമീപന വ്യത്യാസങ്ങള്‍ക്ക് ആധാരം. ശക്തിബോധി സമ്പ്രദായത്തിന് കാലോചിതമായ പുതുജീവന്‍ നല്‍കിയ ധര്‍മ്മപുരുഷന്‍ മഹര്‍ഷിമഹാകവി ഗുരുശ്രീ കൃഷ്ണകുമാറാണ്. അദ്ദേഹം ശക്തിബോധിദര്‍ശനത്തെ ഇംഗ്ലീഷില്‍ അവതരിപ്പിച്ചിരുന്നത് ശക്തിസം എന്നുമാണ്.

കേരളത്തില്‍ ശക്തിബോധി സമ്പ്രദായം പിന്‍പ്പറ്റുന്നവര്‍ കുറവാണ്; ആ ഗണത്തിലുള്ള “സ്വാമി” മാര്‍ ഞാനൊഴികെ മറ്റാരും ഇല്ലെന്നു തന്നെ പറയാം. പൊതുവേ കേരളീയര്‍ക്ക് പരിചിതരായ “സ്വാമി”മാര്‍ മുടിനീട്ടിയവരോ തലമൊട്ടയടിച്ചവരോ ആയ ശാങ്കര വേദാന്തസ്വാമിമാരാണ്. അവരുടെ പ്രത്യേകത, പേരിനു പിന്നില്‍ പുരി, ഗിരി, വനം, സരസ്വതി, തീര്‍ത്ഥ, ആരണ്യം, പര്‍വ്വതം, സാഗരം എന്നൊക്കെ ചേര്‍ത്തിരിക്കും എന്നതാണ്. ഉദാഹരണത്തിന്; ചിദാനന്ദപുരി, സന്ദീപാനന്ദഗിരി, ജയേന്ദ്രസരസ്വതി, ദയാനന്ദ തീര്‍ത്ഥ, വേദാരണ്യസ്വാമികള്‍, നിത്യാനന്ദ സാഗരന്‍ എന്നിവ പറയാം.

ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, സ്വാമിവിവേകാനന്ദന്‍ വാഗ്ഭടാനന്ദ ഗുരു, ശുഭാനന്ദഗുരുദേവര്‍, ബ്രഹ്മാനന്ദ സ്വാമി ശിവയോഗി, ഷിര്‍ദ്ദിസായിബാബ, രമണമഹര്‍ഷി, മഹര്‍ഷി അരബിന്ദോ, ശ്രീരാമകൃഷ്ണപരമഹംസന്‍, ജിദ്ദുകൃഷ്ണമൂര്‍ത്തി തുടങ്ങിയ ആദ്ധ്യാത്മികാചാര്യന്മാരൊന്നും സ്വന്തം പേരിനു പിന്നില്‍ ശാങ്കരസമ്പ്രദായമനുസരിച്ചുള്ള മേല്പറഞ്ഞ ദീക്ഷാനാമങ്ങള്‍ ചേര്‍ത്തിരുന്നില്ല എന്നും ഓര്‍മ്മിക്കണം. ഇതു തെളിയിക്കുന്നത് ഏതു ഗിരിയും പുരിയും സരസ്വതിയും ഒക്കെ എങ്ങിനെയൊക്കെ വാദിച്ചാലും ശങ്കരാചാര്യര്‍ മാത്രമാണ് ഇന്ത്യന്‍ ആദ്ധ്യാത്മികതയുടെ ഒരേയൊരു ആധികാരികസ്വരമെന്ന് ഇന്ത്യയുടെ വിശാലായ ആദ്ധ്യാത്മികപാരമ്പര്യം സമ്മതിച്ചു തരികയില്ല എന്നുകൂടിയാണ്- ശങ്കരസമ്പ്രദായപ്രകാരമല്ലാതെ ആദ്ധ്യാത്മികതയെ കൈകാര്യം ചെയ്തവരും ഇന്ത്യയില്‍ എക്കാലത്തും ഉണ്ടായിരുന്നു.

പക്ഷേ, അവരുടെ ശബ്ദത്തിന് ഇസ്ലാമതവിശ്വാസവും സൂഫിസവും തമ്മിലുള്ള വ്യത്യാസം ഉണ്ടാകാറുണ്ടെന്നു മാത്രം. മാത്രമല്ല ശാങ്കരസമ്പ്രദായം പോലെ സംഘടിതമായിരുന്നില്ല വേറിട്ട ആദ്ധ്യാത്മിക വിചാരപദ്ധതികള്‍ എന്നതും പരിഗണിക്കണം. എന്നുകരുതി ശാങ്കരസമ്പ്രദായപ്രകാരം ദീക്ഷിതരായ “സ്വാമി”മാരുടെ രീതിയില്‍, ആശ്രമവും മഠവും സ്ഥാപിച്ച് ആളുകളെ കാലുപിടിപ്പിച്ച് “ജഗത്തുമിഥ്യബ്രഹ്മസത്യം” എന്നു ജഗത്തില്‍ ജീവിച്ചുകൊണ്ടുതന്നെ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ ഉദ്‌ഘോഷിച്ച്, ഭസ്മലേപനവും കാവിധാരണവും ചെയ്തു നടന്നാലേ യഥാര്‍ത്ഥ ഇന്ത്യന്‍ സന്ന്യാസിയാവൂ എന്നു വാദിക്കുന്നത് കടലിലൊരു ജീവിയേയുള്ള അതു മത്സ്യം മാത്രമാണെന്നു കരുതുന്നതുപോലെ വാസ്തവവിരുദ്ധമായ അസംബന്ധമാണ്.

ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ പരക്കേയും കേരളത്തില്‍ പ്രത്യേകിച്ചും ഭൂരിപക്ഷം സന്ന്യാസിമാര്‍ ശാങ്കരസാമ്പ്രദായത്തെ പിന്‍പറ്റുന്നവരാണ്. അവരുടെ ഗീതാപ്രഭാഷണങ്ങള്‍ ശാങ്കരഭാഷ്യത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ എന്നതിലുപരി മൗലികമായ സത്യാന്വേഷണത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ ഉള്ളവയായിരിക്കാറുമില്ല. ഉദാഹരണത്തിന് രണ്ടു സര്‍പ്പന്യായം പരിശോധിക്കാം. ഇരുട്ടില്‍ നടക്കുന്നയാള്‍ കയറ് പാമ്പാണെന്നു കരുതി വേവലാതിപ്പെടുന്നപോലെ മനുഷ്യന്‍ ബ്രഹ്മത്തെ ജഗത്തായി കരുതി വേവാലതിപ്പെടുന്നു എന്നാണ് മേല്പറഞ്ഞ ന്യായത്തിനര്‍ത്ഥം.

ഈ ന്യായം എത്രയോ സന്ന്യാസിമാര്‍ “തത്തമ്മേ പൂച്ചപൂച്ച” എന്ന മട്ടില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ആദ്യം കേള്‍ക്കുന്നവര്‍ക്ക് ഇതെന്തോ വലിയ തത്ത്വചിന്തയാണെന്നു തോന്നും. സ്വാമി പറഞ്ഞതല്ലേ തല കുനിച്ചത് ഏറ്റുവാങ്ങും. പക്ഷേ അവരുടെ സ്വാമിയും ആ ന്യായം ശങ്കരാചാര്യരില്‍ നിന്ന് തലകുനിച്ച് ഏറ്റുവാങ്ങിയതാണ് ശങ്കരന്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലോ. എന്നാല്‍ ആ ഉപമയെ ഒന്നു വിശകലനം ചെയ്യൂ. ശങ്കരാചാര്യര്‍ പറയുന്നത് ഒന്നേയുള്ളൂ രണ്ടില്ല (ഏകമേവനദ്വിതീയം) എന്നാണ്. കയറേയുള്ളൂ പാമ്പില്ല എന്നാണ്.

പക്ഷേ, കയറു പാമ്പാണെന്നു കരുതുവാന്‍ മനുഷ്യന് കയറും പാമ്പും പരിചയമുണ്ടായിരിക്കണം കൂടാതെ ഇരുട്ടെന്ന അനുകൂലഘടകവും വേണം. അപ്പോള്‍ തന്നെ മൂന്നുകാര്യങ്ങള്‍ വേണമെന്നായി-തെറ്റിദ്ധരിക്കാന്‍ പോലും മൂന്നു കാര്യങ്ങള്‍ വേണമെങ്കില്‍ ശരിക്ക് ധരിക്കാന്‍ എത്ര കാര്യങ്ങള്‍ വേണ്ടിവരും..? സാന്ദര്‍ഭികമായി ഒരു യുക്തിവിചാരം നടത്തിയെന്നേയുള്ളൂ. പക്ഷേ, കാഷായ ശങ്കരന്റെ ഉപമ ഏറ്റുപാടുക മാത്രം ചെയ്യുന്ന പുരിമാര്‍ക്കും ഗിരിമാര്‍ക്കും അവരെ ഗുരുവായി കരുതുന്നവര്‍ക്കും ഈ യുക്തിവിചിരം അഭിമുഖീകരിക്കാനുള്ള ആത്മധൈര്യംപോലും ഉണ്ടാവില്ല. കാരണം അവര്‍ കാഷായശങ്കരന്‍ പറഞ്ഞതിനുപ്പുറം ഒന്നും ചിന്തിക്കേണ്ട എന്നു തീര്‍ച്ചപ്പെടുത്തിയവരാണ്- ശങ്കരനില്‍ മാനവച്ചിന്ത അവസാനിച്ചെന്നു കരുതിയവരാണ്.അടുത്തപേജില്‍ തുടരുന്നു

ഇത്തരമൊരവസ്ഥ കേരളത്തിന്റെ രാഷ്ട്രീയരംഗത്തും ഉണ്ടായിട്ടുണ്ട്. ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് പറയുന്നതിനപ്പുറം യാതൊന്നും ചിന്തിക്കേണ്ടെന്നും ചിന്തിക്കരുതെന്നും കമ്മ്യൂണിസ്റ്റുകള്‍ കരുതി. ഫലമെന്തായി, കമ്മ്യൂണിസത്തിന് ഇം.എം.എസ്സിനുശേഷം ചിന്തകന്‍ ഇല്ലാത്ത അവസ്ഥ വന്നുപെട്ടു. ഇങ്ങനെ കാഷായ ശങ്കരന്‍ ആദ്ധ്യാത്മികത്തിലെന്നപോലെ കമ്മ്യൂണിസ്റ്റ് ശങ്കരന്‍ രാഷ്ട്രീയരംഗത്തും ചിന്താപരമായ മുരടിപ്പിനു കാരണമായി. ഇതിനൊരു മാറ്റമുണ്ടാവേണ്ടതുണ്ടോ എന്ന ആലോചനപോലും മഹാപാപമോ പിന്തിരിപ്പത്തമോ ആയിട്ടാണ് മിക്കവരും കരുതുന്നത്.

രംഗം രാഷ്ട്രീയമായിരിക്കുന്നതുകൊണ്ടും, അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങള്‍ ആഗോളവ്യാപകത്വമുള്ള പ്രത്യക്ഷതയും പുതുമയും ഒഴിവാക്കാനാവാത്തതായിവരുന്നതുകൊണ്ടും ഇ.എം.എസ്സിനപ്പുറം പോകാനും അദ്ദേഹം പറഞ്ഞുവെച്ചതിനെ അനുപൂരിപ്പിക്കാനുമൊക്കെയുള്ള ശ്രമങ്ങള്‍ കുറഞ്ഞ തോതിലെങ്കിലും കേരളത്തില്‍ വല്ലപ്പോഴും സംഭവിക്കാറുണ്ട്. പക്ഷേ, ആദ്ധ്യാത്മികരംഗത്ത് ഒരൊറ്റ ഗീതാപ്രഭാഷകനിലൂടെയും കാഷായശങ്കരന്‍ പറഞ്ഞതിനപ്പുറം എന്തെങ്കിലും പറയാനുള്ള ശ്രമങ്ങള്‍ ലവലേശം ഉണ്ടാവാറില്ല.

മാധ്വാചാര്യര്‍, രാമാനുജാചാര്യര്‍, ചൈതന്യമഹാപ്രഭു, ജ്ഞാനേശ്വരന്‍, നിബാര്‍ക്കന്‍, വല്ലഭാചാര്യര്‍ എന്നിവര്‍ ഗീതയെ വ്യാഖ്യാനിച്ചിട്ടുള്ള രീതിയനുസരിക്കുന്ന ഒരൊറ്റ ഗീതാപ്രഭാഷണങ്ങളും ഇവിടെ നടക്കാറില്ല. സകല ചാനല്‍ താരങ്ങളായ ഗീതാപ്രഭാഷകരും കാഷായ ശങ്കരനെ സരസമോ വിരസമോ ആയ വിധത്തിലും വിചാരരഹിതമായും ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. മഹാത്മാഗാന്ധിയുടെ സ്വതന്ത്രമായ ഗീതാഭാഷ്യത്തെ അധികരിച്ച് ഒരു ഗീതാജ്ഞാനയജ്ഞം നടത്തുവാനുള്ള ശ്രമം ഗാന്ധിയന്മാരെന്നു കരുതുന്നവരും ചെയ്യുന്നില്ല. അതിനാല്‍ കേരളത്തിലെ ഗീതാവിചാരം ഏകപക്ഷീയമായ ശങ്കരവാദവിഢംബനം മാത്രമായി കെട്ടിക്കിടന്ന് ദൂര്‍ഗന്ധപൂരിതമായിരിക്കുന്നു.

ശങ്കരാചാര്യര്‍ ഭഗവദ്ഗീതയുടെ ഒന്നാം അധ്യായമായ അര്‍ജ്ജുനവിഷാദയോഗത്തിന് ഭാഷ്യം എഴുതിയിട്ടില്ല. വെറും കെട്ടുകഥയാണ് ശംഖുവിളിയും യുദ്ധവും എന്നു പറഞ്ഞ് അദ്ദേഹമത് ഉപേക്ഷിച്ചിരിക്കുന്നു. ഭഗവദ്ഗീതയുടെ ഒന്നാം അദ്ധ്യായം കെട്ടുകഥയാണെങ്കില്‍ പിന്നെങ്ങനെ ബാക്കിയുള്ളതൊക്കെ സത്യകഥനമാവും..? തേരാളിയായ കൃഷ്ണന്‍ വില്ലാളിയായ അര്‍ജ്ജുനന്റെ വിഷാദമകറ്റുവാന്‍ പറഞ്ഞതല്ല ഗീത എങ്കില്‍ പിന്നെന്താണ് അതിനൊരു സാംഗത്യം? ഇതൊന്നും ശങ്കരവാദികള്‍ ആലോചിക്കാറില്ല.

പക്ഷേ, ശങ്കരാചാര്യര്‍ ഗീതയുടെ ഒന്നാം അധ്യായത്തെ വ്യാഖ്യാനിക്കാതെ വിട്ടതിന് മറ്റൊരു കാരണമുണ്ട്. വര്‍ണ്ണവ്യവസ്ഥയെ സംരക്ഷിക്കണം എന്നാണു അര്‍ജ്ജുനന്‍ ഒന്നാം അദ്ധ്യായത്തില്‍ പറയുന്നത്. പക്ഷേ, അര്‍ജ്ജുനന്‍ സംരക്ഷിക്കണം എന്നാഗ്രഹിക്കുന്ന വര്‍ണ്ണവ്യവസ്ഥ രക്തബന്ധാധിഷ്ഠിതമായ കുലവ്യവസ്ഥയാണ്. ഒരേ കുലത്തിലുള്ളവര്‍ യുദ്ധം ചെയ്താല്‍ പുരുഷപ്രജകള്‍ മരണമടയുമെന്നും അതോടെ അവരുടെ ഭാര്യമാരായ കുലസ്ത്രീകള്‍ വിധവകളാകുമെന്നും വിധവകളായ കുലസ്ത്രീകളെ അന്യജാതിക്കാരായ പുരുഷന്മാര്‍ പ്രാപിക്കുമെന്നും അങ്ങനെ വര്‍ണ്ണസങ്കരം ഉണ്ടാകുമെന്നും; കുലശുദ്ധി നഷ്ടപ്പെടുമെന്നും ഒക്കെയാണ് അര്‍ജ്ജുനന്‍ വേവലാതിപ്പെടുന്നത്. കുലധര്‍മ്മം അനശ്വരമാണ്. (കുലധര്‍മ്മ: സനാതാന:) എന്നതാണ് അര്‍ജ്ജുനന്റെ മുദ്രാവാക്യം.

ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ യുദ്ധം ചെയ്യാന്‍ ഉപദേശിക്കുന്നു എന്നതിനര്‍ത്ഥം അദ്ദേഹം വര്‍ണ്ണസങ്കരം അനുവദിക്കുന്നു എന്നതാണ്. ഒരേ ജാതിക്കാരായ സ്ത്രീപുരുഷന്മാര്‍ തമ്മിലേ വേഴ്ചയാകാവൂ എന്ന അര്‍ജ്ജുനന്റെ കുലശുദ്ധിവാദത്തെ വകവെയ്ക്കുന്നില്ല എന്നാണ്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ മിശ്രവിവാഹം അംഗീകരിക്കുന്നു എന്നതാണ് ശ്രീകൃഷ്ണന്‍ കുലശുദ്ധി പോയ്‌പ്പോകുമെന്ന ഭീതിയില്‍ യുദ്ധത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന അര്‍ജ്ജുനനെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിലൂടെ തെളിയിക്കുന്നത്. ഇത് ശങ്കരാചാര്യര്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല.

ശുദ്രന് ബ്രഹ്മവിദ്യക്ക് അധികാരമില്ലെന്നു “അപശൂദ്രാധികരണ”വാദത്തിലൂടെ വ്യക്തമാക്കിയ ശ്രീശങ്കരന്, കുലശുദ്ധിവാദിയായ അര്‍ജ്ജുനന്റെ യുദ്ധവൈമുഖ്യത്തെ ഇല്ലായ്മ ചെയ്ത ശ്രീകൃഷ്ണനെപ്പറ്റി പറയാനാവില്ല. പക്ഷേ, ഗീതയുടെ ഒന്നാം അദ്ധ്യായം വ്യാഖ്യാനിച്ചാല്‍ അതു പറയാതെ പറ്റാതാവും. അതിനാല്‍ പൊതുവേ കുശാഗ്ര ബുദ്ധിയായ ശങ്കരന്‍ ഒന്നാം അദ്ധ്യായം ഒഴിവാക്കി ഗീതയ്ക്ക് ഭാഷ്യമെഴുതി. ശങ്കരനിലെ ജാതി ബ്രാഹ്മണനാണ് ഒന്നാം അദ്ധ്യായം ഒഴിവാക്കി ഗീതാഭാഷ്യം എഴുതിയത്. അതേറ്റു പാടുന്നവര്‍, അവരറിയാതെ ജാതീയതയെ അരക്കിട്ടുറപ്പിക്കുന്നവരാണ്. അതുകൊണ്ടാണ് ശങ്കരസമ്പ്രദായ പ്രകാരം ഗീതാപ്രഭാഷണം നടത്തുന്ന സ്വാമിമാര്‍ കൂടുംതോറും നമ്മുടെ നാട്ടില്‍ നായര്‍ നായര്‍ മാത്രം, ഈഴവര്‍ ഈഴവര്‍ മാത്രം, പുലയ പുലയ മാത്രം എന്നിങ്ങനെ വിവാഹപരസ്യം ചെയ്യുന്ന ഭക്തരും വര്‍ദ്ധിച്ചുവരുന്നത്.

ശക്തിബോധി പരിചയക്കുറിപ്പ്:

1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.

E-mail: shakthibodhiviswa@gmail.com
Mob: +91 8714465149, 9495320311

We use cookies to give you the best possible experience. Learn more