'നിനക്ക് ഇരിക്കട്ടെ മോനെ എന്റെ വക ഒരു കുതിരപ്പവന്‍'; കാര്‍ത്തിക്കിന്റെ വീഡിയോക്ക് അഭിനന്ദനവുമായി ഭദ്രന്‍
D Movies
'നിനക്ക് ഇരിക്കട്ടെ മോനെ എന്റെ വക ഒരു കുതിരപ്പവന്‍'; കാര്‍ത്തിക്കിന്റെ വീഡിയോക്ക് അഭിനന്ദനവുമായി ഭദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th April 2020, 9:39 pm

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം സിനിമയുടെ 25ാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ചിത്രം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ റീ റിലീസ് ചെയ്യാനിരിക്കുകയാണ്.

ചിത്രത്തിന്റെ 25ാം വാര്‍ഷികത്തിനോടനുബന്ധിച്ച് നിരവധി ആരാധകര്‍ സ്ഫടികം സിനിമയെ ഓര്‍മ്മിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ചെയ്തിരുന്നു. ഇതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ സെലക്റ്റ് ചെയ്തിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

വൈറല്‍ വീഡിയോകളിലൂടെ യൂട്യൂബിലും ടിക് ടോകിലുമൊക്കെ താരമായ കാര്‍ത്തിക് ശങ്കറിന്റെ വീഡിയോ ആണ് ഭദ്രന്‍ പങ്കുവെച്ചിരിക്കുന്നത്.

കുരുത്തോലകള്‍ ഇല്ലാതെ പോയ എന്റെ കുരിശപ്പം…ഇന്ന് പെസഹാ വ്യാഴാഴ്ച ഞാന്‍ കണ്ട ഈ വീഡിയോ എന്നെ അതിശയിപ്പിച്ചു. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനിച്ചു മരിച്ച ക്രിസ്തുവിന്റെ മരണശേഷം ലോകത്തെ രണ്ടായി തിരിച്ചതായി നമുക്ക് എല്ലാവര്‍ക്കും അറിയാം. ‘ BEFORE CHRIST & AFTER CHRIST ‘.

ഇവിടെ കാര്‍ത്തിക് എന്ന ചെറുപ്പക്കാരന്‍ ഇപ്പോള്‍ പെയ്യ്തു കൊണ്ടിരിക്കുന്ന മഹാമാരിയെ രണ്ടു കാലഘട്ടമായി വീണ്ടും വ്യാഖ്യാനിച്ചിരിക്കുന്നു.

‘പഴയത് ഒന്നും ഇനിയുള്ള കാലഘട്ടത്തിന്റെ ആവില്ല ! പകരം പുതിയ ആശയങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു ‘ എന്ന ആശയത്തെ Break ചെയ്തുകൊണ്ട് സ്പടികം എന്ന ചലച്ചിത്രത്തെ ‘ CREATION SHOULD BE TIMELESS’ എന്ന് വ്യാഖ്യാനിച്ച ആ ബ്രില്ല്യന്‍സ്, സിംപ്‌ളി സൂപ്പര്‍ബ് എന്ന് ഭദ്രന്‍ കുറിച്ചിരിക്കുകയാണ്. ‘നിനക്ക് ഇരിക്കട്ടെ മോനെ എന്റെ വക ഒരു കുതിരപ്പവന്‍ ‘ എന്നും ഭദ്രന്‍ കാര്‍ത്തിക്കിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുകയാണ്.