മോഡിഫൈ വാഹനങ്ങളെ പിടിക്കാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്
Auto News
മോഡിഫൈ വാഹനങ്ങളെ പിടിക്കാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്
ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 2:25 pm

കഴിഞ്ഞമാസം ആരംഭിച്ച ഓപ്പറേഷന്‍ ഫ്രീക്കനുമായി ശക്തമായി മുന്നോട്ട് പോകാനാണ് സംസഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഇതിനകം നിരവധി മോഡിഫൈ വാഹനങ്ങളാണ് പൊലീസ് പിടിയിലായത്. പരിശോധനയ്ക്ക് നിര്‍ത്താതെ പോയ വാഹന ഉടമകള്‍ക്കെതിരെയും ഇടവഴികളില്‍ നിര്‍ത്തിയിട്ട് പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വാഹന ഉടമകള്‍ക്കെതിരെയും അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്. മോഡിഫൈ ചെയ്ത വാഹനങ്ങളുടെ വില്‍പ്പനയും ഇനി അധികൃതര്‍ തടയും. മാത്രമല്ല ഇനി മുതല്‍ ഹാജരാക്കിയ വാഹനവും ആര്‍സി ബുക്കും പരിശോധിച്ചതിന് ശേഷം മാത്രമേ ഉടമസ്ഥാവകാശം മാറ്റി നല്‍കുകയുള്ളൂ. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ OLX ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ വില്‍പ്പനയ്ക്ക് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

പിടിക്കപ്പെട്ട വാഹനങ്ങളില്‍ നിന്നും മോഡിഫിക്കേഷന്‍ കിറ്റുകളും ആക്‌സസറികളും അഴിച്ചുമാറ്റി ആര്‍ടി ഓഫീസില്‍ ഹാജരാക്കാനാണ് ഉടമകള്‍ക്കുള്ള അറിയിപ്പ്. ഇതിനിടെ അന്യസംസ്ഥാനത്തുള്ളവര്‍ക്ക് വാഹനം വിറ്റ് രക്ഷപ്പെടാന്‍ പലരും ശ്രമിക്കുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍സിയും വാഹനവും ഒത്തുനോക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. OLX വഴിയുള്ള വാഹന വില്‍പ്പന അധികൃതര്‍ നിരീക്ഷിച്ചു വരികയാണെന്നും രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചതായി കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉടമയോട് വാഹനവുമായി ആര്‍ടി ഓഫീസില്‍ ഹാജരാവാന്‍ അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്യും.

മോഡിഫിക്കേഷന്‍ കിറ്റുകളെല്ലാം അഴിച്ചുമാറ്റി വാഹനം പഴയപടിയാണെന്ന് ബോധ്യമായാല്‍ മാത്രമേ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആര്‍ടി ഓഫീസില്‍ നിന്നും ലഭിക്കുകയുള്ളൂ. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ വാഹന വില്‍ക്കാനോ, ആര്‍സി ബുക്കില്‍ ഉമസ്ഥാവകാശം മാറ്റാനോ ഇനി കഴിയില്ല. വീതികൂടിയ ടയറുകള്‍, വലിയ അലോയ് വീലുകള്‍, ശബ്ദതീവ്രത കൂടിയ ഹോണുകള്‍, തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിക്കുന്നത് അനധികൃത മോഡിഫിക്കേഷനില്‍പ്പെടും. ഇതു കുറ്റകരമാണ്. വലിയ ടയറുകളും അലോയ് വീലുകളും ഘടിപ്പിക്കുന്നത് വാഹനങ്ങളുടെ ടേണിങ് റേഡിയസ് കുറയ്ക്കും.

ഒപ്പം വാഹനത്തിന്റെ ഗുരുത്വ കേന്ദ്രത്തിലും മാറ്റങ്ങള്‍ സംഭവിക്കുമെന്ന് അധികൃതര്‍ പറയുന്നു. വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമാണെന്ന് നേരത്തെതന്നെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. വാഹനങ്ങളുടെ ഘടനയില്‍ മാറ്റം വരുത്താമെന്ന കേരളാ ഹൈക്കോടതിയുടെ നിരീക്ഷണം വ്യാപകമായി ആശയക്കുഴപ്പം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ആര്‍സി ബുക്കിലെ വിവരങ്ങള്‍ വാഹനങ്ങള്‍ പാലിക്കണം. മോഡലുകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ഉടമകള്‍ക്ക് അനുവാദമില്ലെന്ന് സുപ്രീം കോടതി അന്ന് വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുന്ന വസ്തുക്കളും ഘടകങ്ങളുമായിരിക്കണം തുടര്‍ന്നും വാഹനത്തില്‍. അല്ലാത്തപക്ഷം രജിസ്ട്രേഷന്‍ റദ്ദുചെയ്യപ്പെടും.