തോമസ് ഐസകിനെ തട്ടിയതിന്റെ ഉത്തരവാദിത്തം പിണറായിക്ക്, ജയരാജനെ ഒഴിവാക്കിയതില്‍ അമര്‍ഷം; വോട്ട് കുറയുമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
Kerala Election 2021
തോമസ് ഐസകിനെ തട്ടിയതിന്റെ ഉത്തരവാദിത്തം പിണറായിക്ക്, ജയരാജനെ ഒഴിവാക്കിയതില്‍ അമര്‍ഷം; വോട്ട് കുറയുമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th March 2021, 8:52 am

കണ്ണൂര്‍: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇടതുപക്ഷ സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. തോമസ് ഐസക്, ജി. സുധാകരന്‍, പി. ജയരാജന്‍ തുടങ്ങിയവരെ ഒഴിവാക്കിയതിനെതിരെയാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ രംഗത്തെത്തിതയത്. ഇവരെ മാറ്റിയതിന്റെ ഉത്തരവാദിത്തം പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവര്‍ ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകേണ്ടതില്ലെന്ന സി.പി.ഐ.എമ്മിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു തോമസ് ഐസക്, ജി. സുധാകരന്‍. പി. ജയരാജന്‍ തുടങ്ങിയവര്‍ ഒഴിവാക്കപ്പെട്ടത്. ഇതിനെതിരെ ചില പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ തീരുമാനത്തില്‍ പിണറായി വിജയനെ കുറ്റപ്പെടുത്തികൊണ്ടാണ് കുഞ്ഞനന്തന്‍ നായര്‍ രംഗത്തെത്തിയിരിക്കുന്നത്.

‘വലിയ കഷ്ടമാണത്. പി. ജയരാജനെ ഒഴിവാക്കിയതില്‍ വലിയ അമര്‍ഷമുണ്ട്. അദ്ദേഹത്തിന്റെ കൈ ഒന്ന് കാണിച്ചാല്‍ വോട്ട് വരും. കൈവിരലൊന്നും ഇല്ല ആ കൈയ്യില്‍. ആര്‍.എസ്.എസുകാര്‍ ഓണത്തിന്റെ ദിവസം മുറിച്ചു കളഞ്ഞതാണ്. ഒരു കസേരയെടുത്ത് പിടിച്ചതുകൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. അങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് ഒഴിവാക്കുന്നത്, ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്?

ജി. സുധാകരന്‍ അഴിമതി തൊട്ടുതെറിക്കാത്ത നേതാവാണ്. തോമസ് ഐസകിനെ എന്തിന് ഒഴിവാക്കി? ഏറ്റവും നല്ല ധനകാര്യമന്ത്രിയായിരുന്നില്ലേ അദ്ദേഹം. ഐസകിനെ നിര്‍ത്തണമെന്ന് കോടിയേരിയടക്കമുള്ളവരോട് ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി പട്ടിക ആര് നിശ്ചയിച്ചാലും പിണറായി വിജയന്റെ അനുവാദമില്ലാതെ അത് അംഗീകരിക്കപ്പെടില്ല. സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റുമാണ് ഇതെഴുതി വെക്കുന്നതെങ്കിലും പിണറായി യെസ് പറയാതെ ഒരു വ്യക്തിയും സ്ഥാനാര്‍ത്ഥിയാകില്ല. അപ്പോള്‍ ഐസകിനെ തട്ടിയത് പിണറായിയുടെ ഉത്തരവാദിത്തമാണ്. ഇവരൊന്നും ഇല്ലാത്ത സ്ഥാനാര്‍ത്ഥി പട്ടിക ജനങ്ങളുടെ മുന്‍പില്‍ വെക്കുമ്പോള്‍ കുറച്ച് വോട്ട് നഷ്ടപ്പെടും, എന്നാലും ജയിക്കും. 80 സീറ്റില്‍ എന്തായാലും ജയിക്കും,’ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ വിഭാഗീയത തീരെ ചത്തിട്ടില്ല. അത് ഇടക്കിടക്ക് ജീവന്‍ വെച്ച് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ.എമ്മിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പാര്‍ട്ടിയിലെ അംഗങ്ങള്‍ തന്നെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതിനോടും അദ്ദേഹം പ്രതികരിച്ചു.
സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ജില്ലാ കമ്മിറ്റികളുടെ തീരുമാനത്തിനാണ് പ്രധാന്യം നല്‍കേണ്ടത്. അല്ലാതെ മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടതെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

നേരത്തെ പിണറായിയെ കണ്ട് മാപ്പ് പറയണമെന്ന ആഗ്രഹവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ജീവിതത്തിന്റെ അവസാന സായാഹ്നങ്ങളില്‍ പിണറായിയെ ഒന്ന് കാണണമെന്നാണ് ആഗ്രഹമെന്നും തനിക്ക് തെറ്റ് പറ്റിയ കാര്യം അറിയിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ പിണറായി വിജയന്‍ തന്നെ കാണാന്‍ വരാത്തതില്‍ ചെറിയ നിരാശയുണ്ടെങ്കിലും പാടെ തളര്‍ന്നപോയിട്ടില്ലെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം ഗംഭീരമായിരുന്നു. ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞേ കാണാന്‍ സാധിക്കൂ എന്ന് അറിയാം. പിണറായിക്ക് വോട്ട് ചെയ്യണമെന്ന് ഇപ്പോഴും ആളുകളോട് പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Berlin Kunjananthan Nair against Pinarayi Vijayan on removing Thomas Isaac, P Jayaranjan and G Sudhakaran from candidate list