Administrator
Administrator
അച്ചാരം വാങ്ങിയെങ്കില്‍ പങ്ക് ജയരാജനു നല്‍കിയിട്ടുണ്ട്: ബര്‍ലിന്‍
Administrator
Sunday 21st August 2011 1:54am

കണ്ണൂര്‍: ചാരപ്പണിക്കു താന്‍ അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍ അതിലൊരു പങ്ക് സി. പി. എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും പറ്റിയിട്ടുണ്ടെന്നും ജയരാജന്‍ എന്നെ തെറിപറയുന്നതു പിണറായിയെ സുഖിപ്പിക്കാനാണെന്നും ബര്‍ലിന്‍ കുഞ്ഞന്‍നന്തന്‍ നായര്‍. മാര്‍കിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ വലതുപക്ഷക്കാരില്‍ നിന്നു അച്ചാരം വാങ്ങിയ ചാരനാണ് താനെന്ന പി. ജയരാജന്റെ ആക്ഷേപത്തിനുള്ള മറുപടിയായാണു ബര്‍ലിന്‍ ഇങ്ങിനെ പറഞ്ഞത്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ വെറും തെറി സംസ്‌കാരത്തിന്റെ സ്വരൂപങ്ങളായാണ് എം.വി. ജയരാജനും പി. ജയരാജനും തനിക്കെതിരെ പ്രസംഗിച്ചതെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം തുടങ്ങുന്നത് താന്‍ ജനിച്ചത് മുതലാണെന്നാണ് ജയരാജന്‍ കരുതുന്നത്. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ വി. എസിനെ കഴുതയെന്നും വഞ്ചകനെന്നും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പോലും വിളിച്ചാക്ഷേപിച്ചയാളാണ് ജയരാജന്‍. വി. എസ്സിനെ വഞ്ചകനെന്നു വിളിച്ചു ഒരാഴ്ചക്കുള്ളില്‍ ജയരാജനു പിണറായി വിജയന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് സ്ഥിരപ്പെടുത്തി. ഇതിനു പ്രതിഫലമായി തന്നെക്കുറിച്ചും എന്തെങ്കിലും പറയണമെന്നും ജയരാജന്‍ നിശ്ചയിച്ചിട്ടുണ്ടാകും.

പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് രഹസ്യസംഘടനാ പ്രവര്‍ത്തനം നടത്തിയ താനടക്കമുള്ളവരെക്കുറിച്ച് അറിയണമെങ്കില്‍ ചരിത്രം അറിയണമെന്നും ബര്‍ലിന്‍ പ്രസ്താവനയില്‍ പറയുന്നു. ചിറക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു കാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ഞാന്‍ അറസ്റ്റ് വരിച്ചിരുന്നു. തനിക്ക് വേണമെങ്കില്‍ പ്രതിമാസം പത്തായിരം രൂപ പെന്‍ഷന്‍ വാങ്ങി സ്വാതന്ത്ര്യ സമര സേനാനിപട്ടം സ്വീകരിക്കാമായിരുന്നു. എന്നാല്‍ അന്നത്തെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ തീരുമാനപ്രകാരം അതെല്ലാം വേണ്ടെന്നു വെച്ചു.

കിഴക്കേ കതിരൂരില്‍ ജയരാജന്‍ മാളിക പണിയുമ്പോള്‍ 20,000 രൂപ ജയരാജന്‍ തന്നോട് ചോദിച്ചു വാങ്ങിയിരുന്നു. വീട് പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക പ്രയാസം നേരിട്ടപ്പോള്‍ 10,000 രൂപ ചെക്കായും 10,000 രൂപ നേരിട്ടും ഞാന്‍ നല്‍കിയിരുന്നു. ജയരാജന്റെ ഭാര്യ മലയാളം വാരികയില്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം ഓര്‍മിക്കുന്നുണ്ട്. ചാരന്റെ അച്ചാരം വാങ്ങിയ ജയരാജനെ ഉടന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു പുറമേ ഗൃഹപ്രവേശനത്തിനു നാലു സീലിംഗ് ഫാനുകളും നല്‍കി. അന്ന് അതിനൊക്കെ വലിയ വിലയായിരുന്നു. പാര്‍ട്ടി ഗവേഷണകേന്ദ്രത്തിന്റെ ഡയറക്ടര്‍ ആയിരുന്ന താനന്ന് ഇതൊക്കെ നല്‍കാന്‍ പ്രാപ്തനായതു പാര്‍ട്ടിയെ സേവിച്ചതുകൊണ്ടു മാത്രമാണ്. ചാരനായി ഞാന്‍ പ്രവര്‍ത്തിച്ചതിനു കിട്ടിയതിനു അച്ചാരമാണോ ജയരാജന്‍ അന്ന് വാങ്ങിയതെന്നു വ്യക്തമാക്കണം. ഒരു കമ്യൂണിസ്റ്റുകാരന് അഹന്ത മൂത്താല്‍ ജയരാജനെപ്പോലെയാകും-ബര്‍ലിന്‍ തിരിച്ചടിച്ചു.

കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് വോട്ടു ചെയ്യണമെന്ന് താന്‍ പറഞ്ഞത് എട്ടുംപൊട്ടും തിരിയാത്ത പയ്യന്‍ കെ.കെ രാഗേഷിനെ സ്ഥാനാര്‍ഥിയാക്കിയതിലും പിണറായി മഅ്ദനിയോടൊപ്പം വേദി പങ്കിട്ടതിലുമുള്ള പ്രതിഷേധം കൊണ്ടുമാണ്. ഞാന്‍ സുധാകരന് വോട്ടുചെയ്‌തെങ്കില്‍ അതേസമയത്ത് പാര്‍ട്ടി സെക്രട്ടറി സുര്‍ജിത് ഉള്‍പ്പെടെയുള്ള പോളിറ്റ്ബ്യൂറോ നേതാക്കള്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിന് വോട്ടുചെയ്തു. കമ്യൂണിസ്റ്റുകാര്‍ വോട്ടു ചെയ്തതുകൊണ്ടാണ് സുധാകരന്‍ അര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചത്.

ഞാന്‍ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തില്ലെന്ന് ജയരാജന്മാര്‍ പറയുന്നത് പാര്‍ട്ടിയുടെ ചരിത്രത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ്. 1943 മേയില്‍ മുംബൈയില്‍ ചേര്‍ന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതു സംബന്ധിച്ച് സുര്‍ജിത്തും ജ്യോതിബസുവും എഡിറ്റ് ചെയ്ത ഗ്രന്ഥത്തിന്റെ നാലാം വാല്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി മുഖപത്രമായ ‘പീപ്പിള്‍സ് വാറി’ല്‍ പി.സി. ജോഷി എഴുതിയ ലേഖനത്തില്‍ 16 വയസ്സുള്ള മലബാറിലെ ബാലസംഘം നേതാവ് കുഞ്ഞനന്തന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായിരുന്നു എന്നും പറയുന്നുണ്ട്. പി.സി. ജോഷിയുടെ നിര്‍ദേശപ്രകാരം കൃഷ്ണപിള്ളയാണ് തനിക്ക് പ്രത്യേക പരിഗണനയോടെ പാര്‍ട്ടി കാര്‍ഡ് നല്‍കിയത്.

ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ് മാത്രമാണ് ജയരാജന്‍. കൊലപാതകങ്ങള്‍ സംഘടിപ്പിച്ചാണ് നേതാവായത്. ഇയാളെ വെറും ക്വട്ടേഷന്‍ സംഘം നേതാവായി മാത്രമേ അന്നും ഇന്നും പരിഗണിച്ചിട്ടുള്ളു. രാഷ്ട്രീയ അവബോധമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഉന്നയിച്ച വിമര്‍ശങ്ങള്‍ക്ക് വസ്തുനിഷ്ഠമായി മറുപടി പറയുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ തെറിവിളിക്കുകയല്ല. സ്വന്തം മക്കളെ പോലും പഠിക്കാനയക്കാതെ ബോംബ് ഉണ്ടാക്കാനയച്ച ഇയാളെ മറ്റു കമ്യൂണിസ്റ്റുകാര്‍ മാതൃകയാക്കണമെന്നും ബര്‍ലിന്‍ പരിഹസിച്ചു. പാര്‍ട്ടിയില്‍ താനുള്‍പ്പെട്ട ഗ്രൂപ്പിനു എത്ര ജനപിന്തുണയുണ്ടെന്ന് നാറാത്ത് കഴിഞ്ഞ ദിവസം നടന്ന സി. പി. എം യോഗത്തിലും തൊട്ടുതലേന്നു മട്ടന്നൂരില്‍ പിണറായി പങ്കെടുത്ത യോഗത്തിലും വന്നവരുടെ കണക്കെടുത്താല്‍ മതി. ഒരു മാസം മുന്‍പ് വി. എസ്. എത്തിയപ്പോള്‍ ജനസഹസ്രങ്ങള്‍ ഇളകിമറിഞ്ഞ പ്രദേശങ്ങളാണിവ. അത് പിണറായിക്കു സ്വപ്‌നം കാണാനേ കഴിയൂ.

അതേ സമയം, ബര്‍ലിന്റെ വീടിനു പരിസരത്തുള്ള പോലീസ് സുരക്ഷ കഴിഞ്ഞ ദിവസവും തുടര്‍ന്നു. അദ്ദേഹത്തിന് നേരെ അക്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനയുടെ പശ്ചാതലത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുള്ളത്.

Advertisement