എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ കോഴ വിവാദം; പാര്‍ട്ടി കമ്മീഷനെതിരെ ബെന്നറ്റ് എബ്രഹാം
എഡിറ്റര്‍
Thursday 7th August 2014 12:32pm

bennet ebr തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗുരുതര പാളിച്ചയെന്ന അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് സി.പി.ഐയില്‍ പുതിയ വിവാദം സൃഷ്ടിക്കുന്നു.  തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാം ഒരു കോടി രൂപ കോഴ നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  ഇതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ഒരുകോടി രൂപ ആര്‍ക്കും കൊടുത്തിട്ടില്ലെന്നും പാര്‍ട്ടി നിര്‍ബന്ധിച്ചാണ് സ്ഥാനാര്‍ത്ഥിയായെതെന്നും ബെന്നറ്റ് എബ്രഹാംകമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിത്വം കൊതിച്ചവരാണ് ആരോപണത്തിന് പിന്നില്‍. ശശി തരൂരിനും ഒ. രാജഗോപാലിനും എതിരെ മത്സരിക്കാന്‍ ആരും തയ്യാറായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട സി.പി.ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ ദേശീയ നിര്‍വാഹക സമിതിയംഗം സി. ദിവാകരന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം പി. രാമചന്ദ്രന്‍ നായര്‍, ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെ ഗുരുതരമായ കണ്ടത്തെലുകളാണുള്ളത്.

സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെയും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിമര്‍ശനങ്ങളുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംസ്ഥാന സെക്രട്ടറി ധൃതിപിടിച്ചാണ് തീരുമാനമെടുത്തതെന്നും ഏതാനം നേതാക്കളുടെ അഭിപ്രായം മാത്രമാണ് പരിഗണിച്ചതെന്നും റിപ്പോര്‍ട്ട് കുറ്റുപ്പെടുത്തുന്നു. സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചത്‌ തിരുവനന്തപുരത്ത് തിരിച്ചടിയായതായും  റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍  കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെക്കുറിച്ച് അറിയില്ലെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധകര്‍ റെഡ്ഡി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കാമെന്നും സുധാകര്‍ റെഡ്ഡി അറിയിച്ചു. സി.പി.ഐ

അതേസമയം, ഇതുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പിച്ച്‌ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. രാമചന്ദ്രന്‍ നായര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ ചീഫ് മാനേജിങ് ഡയറക്ടര്‍ പദവിയില്‍ നിന്നാണ് അവധിയെടുത്തിരിക്കുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ പി.കെ. കൃഷ്ണന്‍, പി. തിലോത്തമന്‍, ടി. പ്രസാദ് എന്നിവരടങ്ങിയ കമീഷനാണ് ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വ വിഷയം അടക്കമുള്ള ആക്ഷേപങ്ങള്‍ അന്വേഷിച്ചത്.

Advertisement