ഡി.കെ ശിവകുമാറിന്റെ ഒരു നീക്കം ഫലിക്കുന്നു; രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ചേക്കും
Karnataka crisis
ഡി.കെ ശിവകുമാറിന്റെ ഒരു നീക്കം ഫലിക്കുന്നു; രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ചേക്കും
ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 2:15 pm

എം.എല്‍.എ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പുനപരിശോധിച്ചേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഏഴ് തവണ എം.എല്‍.എയുമായ രാമലിംഗ റെഡ്ഡി പറഞ്ഞു. ന്യൂസ് മിനുറ്റിനോടാണ് രാമലിംഗ റെഡ്ഡിയുടെ പ്രതികരണം.

ജൂലൈ 15 വരെ സമയം ഉണ്ട്. അത് വരെ രാഷ്ട്രീയം സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. സംസാരമെല്ലാം കഴിഞ്ഞെന്നും തന്റെ പ്രശ്‌നങ്ങളെല്ലാം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു. ജൂലൈ ആറിനാണ് രാമലിംഗ റെഡ്ഡി രാജി സമര്‍പ്പിച്ചത്.

രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് പുതിയ വിവരങ്ങള്‍. നേരത്തെ ബംഗളൂരു വികസന വകുപ്പ് മന്ത്രി സ്ഥാനം റെഡ്ഡിക്ക് വാഗ്ദാനം ചെയ്തിരുന്നു. മുതിര്‍ന്ന നേതാവായ തന്നെ മന്ത്രിസഭയില്‍ എടുക്കാത്തതിനെ ചൊല്ലി രാമലിംഗ റെഡ്ഡി കോണ്‍ഗ്രസ് നേതൃത്വത്തോട് രാമലിംഗ റെഡ്ഡി ഉടക്കിയിരുന്നു. അതിനാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം തന്നെ നല്‍കി റെഡ്ഡിയെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഡി.കെ ശിവകുമാറാണ് ഈ വാഗ്ദാനത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.16 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. രാമലിംഗ റെഡ്ഡി രാജിവെച്ച മറ്റ് എം.എല്‍.എമാരുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല.

താന്‍ കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കുമാരസ്വാമി എന്നിവരുമായി സംസാരിക്കുന്നുണ്ടെന്ന് രാമലിംഗ റെഡ്ഡി തന്നെ പറഞ്ഞു. താന്‍ ദശാബ്ദങ്ങളായി കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ എം.എല്‍.എ സ്ഥാനത്ത് നിന്ന് മാത്രമാണ് രാജിവെച്ചിട്ടുള്ളത്, കോണ്‍ഗ്രസില്‍ നിന്നല്ലെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.