എഡിറ്റര്‍
എഡിറ്റര്‍
ബംഗാള്‍ സി.പി.ഐ.എം വിപ്പ് മക്കയിലേക്ക്; കാരാട്ട് വെറും മാനേജര്‍ മാത്രം
എഡിറ്റര്‍
Friday 19th October 2012 12:14pm

കൊല്‍ക്കത്ത:  പശ്ചിമബംഗാളിലെ പ്രമുഖ സി.പി.ഐ.എം നേതാവ് അബ്ദുര്‍ റസാഖ് മൊല്ല മക്കയിലേക്ക് പോകുന്നു. കുറച്ച് ദിവസങ്ങള്‍ കൂടിക്കഴിഞ്ഞാല്‍ അദ്ദേഹം ഹാജി അബ്ദുര്‍ റസാഖ് മൊല്ല എന്നറിയപ്പെടും. പശ്ചിമബംഗാളിലെ സി.പി.ഐ.എം വിപ്പ് ആണ് അബ്ദുര്‍ റസാഖ് മൊല്ല.

എല്ലാ വിശ്വാസങ്ങളേയും കാറ്റില്‍ പറത്തി മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന പഴയ ഉട്ടോപ്യന്‍ നയത്തില്‍ ഇപ്പോഴും നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മൊല്ല പറഞ്ഞു. താന്‍ ഹജ്ജിന് പോകുന്നതില്‍ തീരെ മനസ്താപമില്ലെന്നും പാര്‍ട്ടിയും വിശ്വാസവും തമ്മില്‍ കൂട്ടുക്കുഴയ്‌ക്കേണ്ടതില്ല എന്ന നിലപാടിലാണ് മൊല്ല. ഒരു കമ്യൂണിസ്റ്റ് അയാളുടെ സ്വകാര്യ ജീവിതത്തില്‍ വിശ്വാസിയാകുന്നതുകൊണ്ട് കുഴപ്പമില്ലെന്നും  വിശ്വാസം ഒരു യാഥാര്‍ത്ഥ്യമാണെന്നും നമ്മള്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണെന്നും മൊല്ല പറഞ്ഞു.

Ads By Google

എന്നാല്‍ മൊല്ല ഹജ്ജിന് പോകുന്നതിനോട് ബംഗാളിലെ പാര്‍ട്ടി നേതൃത്വത്തിന് ഒട്ടും യോജിപ്പില്ല. യോജിപ്പില്ലായ്മ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പോകേണ്ട എന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. പോകുന്ന കാര്യം കാണിച്ച് പാര്‍ട്ടി സെക്രട്ടേറിയറ്റിന് അപേക്ഷ നല്‍കാന്‍ സെക്രട്ടറി ബിമന്‍ ബസു നിര്‍ദ്ദേശിച്ചിരുന്നു. അത് അനുവദിക്കുകയും ചെയ്തു. എന്നാല്‍ അപേക്ഷയില്‍ ഒരിടത്തും താന്‍ ഹജ്ജ് എന്ന് പ്രതിപാദിച്ചിട്ടില്ലെന്നും പകരം മക്കയിലേക്കുള്ള യാത്ര എന്നാണ് സൂചിപ്പിച്ചിരിക്കുന്നതെന്നും മൊല്ല വ്യക്തമാക്കി.

ബുദ്ധദേവിനോടും നിരുപം സെന്നിനോടും മൊല്ലയ്ക്കുള്ള അമര്‍ഷവും അദ്ദേഹം പ്രകടപ്പിച്ചു. ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രശ്‌നത്തില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം നേതാക്കളായ ഇവര്‍ക്കുണ്ടെന്നും താന്‍ പാര്‍ട്ടിയുടെ നേതാവല്ലെന്നും അതുകൊണ്ടുതന്നെ ഒരു നേതാവിനുള്ള ഉത്തരവാദിത്തങ്ങളൊന്നും തനിക്കില്ലെന്നും താന്‍ പൂര്‍ണ്ണമായും സന്തോഷവാനാണെന്നും മൊല്ല പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടിക്ക് നേതാവില്ലെന്നും മാനേജര്‍മാര്‍ മാത്രമേയുള്ളൂവെന്നും അത്തരം ഒരു മാനേജരാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടെന്നും മൊല്ല ആഞ്ഞടിച്ചു.

ബംഗാളിലെ ചില സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ മുമ്പും ഇത്തരം ആരോപണങ്ങള്‍ വന്നിട്ടുണ്ട്. മരിച്ച മുതിര്‍ന്ന നേതാവ് ബിനോയ് ചൗധരിയും ഭാര്യയും വിവാഹത്തിന് ശേഷം തിരുപ്പതി സന്ദര്‍ശിച്ചതും വിവാദമായിരുന്നു. പാര്‍ട്ടി ഇതിന് വിശദീകരണം നല്‍കാന്‍ ചൗധരിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒന്നാമതായി താനൊരു ബ്രാഹ്മണനാണെന്നും രണ്ടാമതായി താനൊരു ഹിന്ദുവാണെന്നും മൂന്നാമതായി മാത്രമേ താനൊരു കമ്യൂണിസ്റ്റ് ആവുന്നുള്ളൂവെന്ന മുന്‍മന്ത്രി സുഭാഷ് ചക്രവര്‍ത്തിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

ബുദ്ധദേവ് ഭട്ടാചാര്യ മന്ത്രിസഭയിലെ ഭൂപരിഷ്‌കരണ മന്ത്രിയായിരുന്ന മൊല്ല പാര്‍ട്ടിയുടെ ഭൂമിയേറ്റെടുക്കല്‍ നയത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. സിങ്കൂര്‍, നന്ദിഗ്രാം വിഷയത്തില്‍ പാര്‍ട്ടി നിലപാടുകളെ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുകൊണ്ട് എതിര്‍ത്തവരില്‍ പ്രമുഖനായിരുന്നു മൊല്ല. എന്നാല്‍ ആ സമയത്ത് പാര്‍ട്ടി മൊല്ലയുടെ എതിര്‍പ്പ് ചെവിക്കൊണ്ടിരുന്നില്ല. ബംഗാളിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയം സിങ്കൂരിലടക്കം സ്വീകരിച്ച പാര്‍ട്ടി നിലപാടുകളുടെ അനന്തരഫലമായിരുന്നു.

മമതയുണ്ടാക്കിയ തരംഗത്തില്‍ മൊല്ലയുള്‍പ്പെടെ വളരെ കുറച്ച് സി.പി.ഐ.എം നേതാക്കള്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുള്ളൂ. ബുദ്ധദേവ് ഭട്ടാചാര്യയുടേയും അന്നത്തെ വ്യവസായമന്ത്രിയായിരുന്ന നിരുപം സെന്നിന്റേയും വിമര്‍ശകനായിരുന്നു മൊല്ല, അതുകൊണ്ട് തന്നെ പാര്‍ട്ടി ഔദ്ദ്യോഗിക പക്ഷത്തിന്റെ എതിര്‍പ്പും ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. പാര്‍ട്ടി സാധാരണക്കാരില്‍ നിന്നും അകന്ന് പോകുന്നെന്നും പണക്കാരന്റെ മടിക്കുത്തിലേക്ക് വിപ്ലവപ്പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം തരംതാഴുന്നെന്നും അന്ന് മൊല്ല വിമര്‍ശിച്ചിരുന്നു.

Advertisement