ഇയോന്‍ മോര്‍ഗനാണ് ഇതിനൊക്കെ പിന്നില്‍; ഇന്ത്യക്കെതിരെയുള്ള വിജയത്തിന് ശേഷം ബെന്‍ സ്‌റ്റോക്‌സ്
Cricket
ഇയോന്‍ മോര്‍ഗനാണ് ഇതിനൊക്കെ പിന്നില്‍; ഇന്ത്യക്കെതിരെയുള്ള വിജയത്തിന് ശേഷം ബെന്‍ സ്‌റ്റോക്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th July 2022, 10:36 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച വിജയം സ്വന്തമാക്കിയികരുന്നു. അവസാന ഇന്നിങ്‌സില്‍ 378 റണ്‍ ചെയിസ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് അവസാന ദിവസത്തെ ആദ്യ സെഷനില്‍ തന്നെ വിജയിക്കുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 245 റണ്ണാണ് നേടിയത്. റിഷബ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 416 റണ്‍ നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 284 റണ്‍സെടുത്ത് ഓള്‍ ഔട്ടായിരുന്നു.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 245 റണ്‍ മാത്രം സ്വന്തമാക്കിയ ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 378 റണ്ണാണ് ചെയ്‌സ് ചെയ്യാന്‍ നല്‍കിയത്. അവസാന ദിവസം ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ട് ഇന്ത്യ മുന്നോട്ടുവെച്ച ടാര്‍ഗറ്റ് നേടിയെടുക്കുകയായിരുന്നു.

ഇതോടെ തുടര്‍ച്ചയായി നാല് മത്സരം വിജയിച്ചിരിക്കുകയാണ് ഇംഗ്ലണ്ടും നായകന്‍ ബെന്‍സ്‌റ്റോക്‌സും. ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് മുമ്പെ ന്യൂസിലാന്‍ഡിനെ 3-0 എന്ന നിലയില്‍ ഇംഗ്ലണ്ട് തോല്‍പ്പിച്ചിരുന്നു.

ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയിലാണ് ബെന്‍ സ്റ്റോക്‌സ് ആദ്യമായി ഇംഗ്ലണ്ട് നായകകുപ്പായം അണിയുന്നത്. ഇപ്പോഴിതാ ഇംഗ്ലണ്ടിന്റെ ഇതിഹാസ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ രീതിയാണ് താന്‍ പിന്തുടര്‍ന്നത് എന്ന് പറഞ്ഞിരിക്കുകയാണ് സ്റ്റോക്‌സ്.

മോര്‍ഗന്റെ കീഴില്‍ ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ സക്‌സസിന് സമാനമാണോ അദ്ദേഹത്തിന്റെ സമീപനം എന്ന് ചോദിച്ചപ്പോഴായിരുന്നു സ്റ്റോക്‌സ് പറഞ്ഞത്.

”തീര്‍ച്ചയായും മക്കുല്ലവും ഇയോനും ശരിക്കും നല്ല കൂട്ടുകെട്ടാണ്. ഇയോണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഞാന്‍ ഒരുപാട് സമയം ചിലവഴിച്ചു, അദ്ദേഹത്തിന്റെ ഒരുപാട് സന്ദേശങ്ങള്‍ ഞാന്‍ എടുത്തിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ ടീം എങ്ങനെ മുന്നോട്ട് നയിച്ചുവോ അതേ മാനസികാവസ്ഥയും ധാര്‍മ്മികതയും ഞാന്‍ ടെസ്റ്റില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു. അതിനോട് ടീമിലെ എല്ലാവരും നന്നായി തന്നെ പ്രതികരിച്ചിട്ടുണ്ട്,’ സ്റ്റോക്‌സ് പറഞ്ഞു.

‘ഇത് എനിക്കും മക്കുല്ലത്തിനും മാത്രമല്ല, എല്ലാവരില്‍ നിന്നും ഞങ്ങള്‍ക്ക് ആ പ്രതികരണം ലഭിക്കേണ്ടതുണ്ട്, എല്ലാവരും അതിലേക്കെത്താന്‍ തയ്യാറായിരുന്നു,’ സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിന്റെ പുതിയ സമീപനം എതിരാളികളെ ഭയപ്പെടുത്തുന്നുണ്ടെന്നാണ് സ്റ്റോക്‌സ് വിശ്വസിക്കുന്നത്.

Content Highlights: Ben Stokes says he is trying Eoin Morgan’s Idea in test cricket