എഡിറ്റര്‍
എഡിറ്റര്‍
നോട്ടുനിരോധനം മുതല്‍ ജി.എസ്.ടി വരെയും സ്വച്ഛ് ഭാരത് മുതല്‍ യോഗ വരെയും ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ മാത്രമാണ് സര്‍ക്കാരിന്റെ ശ്രദ്ധ; ജനങ്ങളെ പ്രസംഗിച്ച് പറ്റിച്ച് മോദിക്ക് അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും രാജ് താക്കറെ
എഡിറ്റര്‍
Thursday 5th October 2017 9:27pm

മുംബൈ: ജനങ്ങളെ പ്രസംഗിച്ച് പറ്റിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവ് രാജ് താക്കറെ. മുംബൈയില്‍ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേസ്റ്റേഷനില്‍ കാല്‍നടപ്പാതയിലെ തിരക്കില്‍പ്പെട്ട് 23 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ചര്‍ച്ച് ഗേറ്റ് റെയില്‍വേ സ്റ്റേഷനില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നടത്തുന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014 ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും ശക്തമായി പിന്തുണച്ചത് താനായിരുന്നെന്നും എന്നാല്‍ മൂന്ന് വര്‍ഷംകഴിഞ്ഞപ്പോഴെക്കും പല കാര്യങ്ങളിലും ഗവണ്‍മെന്റ് പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മൂന്ന് വര്‍ഷമായി മോദിക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. അദ്ദേഹത്തെ രാജ്യത്ത് കാണാന്‍കൂടി കിട്ടുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.


Also Read സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായി വീണ്ടും അഖിലേഷ് യാദവ്; പാര്‍ട്ടി കണ്‍വെഷനില്‍ മുലായം സിംഗും ശിവപാലും പങ്കെടുത്തില്ല


ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനം അഴിച്ചു വിട്ടു. ബി.ജെ.പിയുടെ പ്രസിഡന്റായി അമിത് ഷാ സ്വയം അവരോധിക്കുകയായിരുന്നെന്നും രാജ്യത്ത് ഇന്ന് രണ്ടോ മൂന്നോ പേരെ മാത്രം കേന്ദ്രീകരിച്ചാണ് ഭരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുനിരോധനം മുതല്‍ ജി.എസ്.ടി വരെയും സ്വച്ഛ് ഭാരത് മുതല്‍ യോഗ വരെയും തെറ്റായ കാര്യങ്ങളിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ മുഴുവനും. ജനങ്ങള്‍ക്ക് എന്താണ് ആവശ്യമെന്നു കണ്ടെത്തി അത് നല്‍കുകയാണുവേണ്ടത്. ഗുജറാത്തിലുള്ള ചില പണക്കാര്‍ക്കു വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കുന്നത്. സാധാരണക്കാര്‍ക്ക് അതു കൊണ്ട് എന്തു ഗുണം ലഭിക്കാനാണ്? അദ്ദേഹം ചോദിച്ചു.

Advertisement