'ജസ്റ്റിസ് ഫോര്‍ കശ്മീര്‍' ബാനറുമായി വിമാനം: താരങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ബി.സി.സി.ഐ
ICC WORLD CUP 2019
'ജസ്റ്റിസ് ഫോര്‍ കശ്മീര്‍' ബാനറുമായി വിമാനം: താരങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th July 2019, 12:02 pm

ലീഡ്‌സ്: ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ എന്ന ബാനറുമായി വിമാനം പറന്ന സംഭവത്തില്‍ ഐ.സി.സിക്കു പരാതി നല്‍കി ബി.സി.സി.ഐ. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച ബി.സി.സി.ഐ, ഇക്കാര്യത്തിലുണ്ടായ അതൃപ്തിയും കത്തില്‍ വ്യക്തമാക്കി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു ദൗര്‍ഭാഗ്യകരമാണെന്നും കത്തില്‍ പറയുന്നു. നേരത്തേ ഇക്കാര്യത്തില്‍ ഐ.സി.സി നിരാശ പ്രകടിപ്പിച്ചിരുന്നു.

‘വീണ്ടും ഇത് പ്രത്യക്ഷപ്പെട്ടതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്. ഐ.സി.സി പുരുഷ ലോകകപ്പിലൂടെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സന്ദേശം നല്‍കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരം പ്രതിഷേധങ്ങള്‍ തടയാന്‍ ലോകകപ്പിലുടനീളം ഞങ്ങള്‍ പ്രാദേശിക പൊലീസ് സേനയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പത്തെ സംഭവത്തിനുശേഷം ഞങ്ങള്‍ വെസ്റ്റ് യോര്‍ക്ക്ഷെയര്‍ പൊലീസില്‍ നിന്നും ഇനിയിത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവാങ്ങിയിരുന്നു. എന്നാല്‍ വീണ്ടും ഇത് സംഭവിച്ചതില്‍ അങ്ങേയറ്റത്തെ നിരാശയുണ്ട്.’ എന്നാണ് ഐ.സി.സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ലോകകപ്പിനു മുമ്പ് എല്ലാ വേദികള്‍ക്കു മുകളിലും കൊമേഴ്സ്യല്‍ അല്ലാത്ത ഒരു വിമാനവും അനുവദിക്കരുതെന്ന് ഐ.സി.സി ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്ക ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു ഗ്രൗണ്ടിനു മുകളില്‍ ഇത്തരമൊരു വിമാനം കണ്ടത്. ലോകകപ്പ് മത്സരം തുടങ്ങി മിനിറ്റുകള്‍ക്കുള്ളിലാണ് ഇത്തരമൊരു വിമാനം പ്രത്യക്ഷപ്പെട്ടത്. ആരാണ് വിമാനം പറത്തിയതെന്ന് വ്യക്തമല്ല.

പത്തുദിവസത്തിനുള്ളില്‍ ലോകകപ്പ് മത്സരത്തിനിടെയുണ്ടായിരുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. നേരത്തെ അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്‍ മത്സരത്തിനിടെ ഗ്രൗണ്ടിനു മുകളില്‍ ‘ജസ്റ്റിസ് ഫോര്‍ ബലൂചിസ്ഥാന്‍’ ബാനര്‍ ഉയര്‍ത്തി വിമാനം പറന്നതോടെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുടലെടുത്തിരുന്നു.