ഗാംഗുലിയുടെ പോരാട്ടം പാഴായി; ജയ് ഷായോട് 'തോറ്റ്' ദാദ
Cricket
ഗാംഗുലിയുടെ പോരാട്ടം പാഴായി; ജയ് ഷായോട് 'തോറ്റ്' ദാദ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th December 2021, 9:00 am

കൊല്‍ക്കത്ത: ബി.സി.സി.ഐ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടത്തിയ സൗഹൃദ ക്രിക്കറ്റ് മത്സരത്തില്‍ സൗരവ് ഗാംഗുലിയുടെ ടീമിന് തോല്‍വി. ഗാംഗുലി നയിച്ച പ്രസിഡന്റ്‌സ് ഇലവന്‍ ജയ് ഷാ നയിച്ച സെക്രട്ടറി ഇലവനോട് ഒരു റണ്ണിന് പരാജയപ്പെട്ടു.

ഇരുടീമിലേയും ക്യാപ്റ്റന്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതും മത്സരത്തില്‍ ശ്രദ്ധേയമായി. ബി.സി.സി.ഐ ആനുവല്‍ ജനറല്‍ മീറ്റിംഗിനു മുന്നോടിയായാണ് മത്സരം സംഘടിപ്പിച്ചത്.

15 ഓവര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സെക്രട്ടറി ഇലവന്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ പ്രസിഡന്റ് ഇലവന് 5 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ താരവുമായ ജയ്‌ദേവ് ഷാ ആണ് സെക്രട്ടറി ഇലവനു വേണ്ടി തിളങ്ങിയത്. താരം 40 റണ്‍സെടുത്ത് ടോപ്പ് സ്‌കോററായപ്പോള്‍ ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ 36 റണ്‍സെടുത്തു.

സൗരവ് ഗാംഗുലി 3 ഓവറില്‍ 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മുന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ രണ്ട് ഓവറില്‍ വെറും 8 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

മറുപടി ബാറ്റിംഗില്‍ ആറാം നമ്പറിലാണ് ഗാംഗുലി ബാറ്റിംഗിനെത്തിയത്. 20 പന്തുകളില്‍ 4 ബൗണ്ടറിയും 2 സിക്‌സറും ഉള്‍പ്പെടെ 35 റണ്‍സെടുത്ത ഗാംഗുലി തന്നെയാണ് ടീമിന്റെ ടോപ്പ് സ്‌കോറര്‍.

സെക്രട്ടറി ഇലവനു വേണ്ടി ജയ് ഷാ 58 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BCCI AGM Festival Match: Sourav Ganguly plays quick-fire cameo; Jay Shah’s Team wins by one run