ആര്‍ക്കും താത്പര്യമില്ലായിരുന്നു, എല്ലാവരും എതിര്‍ത്ത് വോട്ട് ചെയ്തു; ക്രിസ്റ്റ്യാനോയെ ബയേണിനും വേണ്ടാതായ കഥ പറഞ്ഞ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍
Football
ആര്‍ക്കും താത്പര്യമില്ലായിരുന്നു, എല്ലാവരും എതിര്‍ത്ത് വോട്ട് ചെയ്തു; ക്രിസ്റ്റ്യാനോയെ ബയേണിനും വേണ്ടാതായ കഥ പറഞ്ഞ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th August 2022, 5:50 pm

യു.സി.എല്‍ കളിക്കാനുള്ള ആഗ്രഹവുമായിട്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബായ ക്ലബ്ബുകള്‍ക്കൊപ്പം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഒരു ക്ലബ്ബും താരത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ തയ്യാറായിരുന്നില്ല. ടീമുകളുടെ ആരാധകര്‍ പോലും അദ്ദേഹത്തിനെതിരെ ക്യാമ്പെയ്‌നുമായി രംഗത്തെത്തിയിരുന്നു.

റൊണാള്‍ഡോ ചേക്കേറാന്‍ ഏറ്റവുമധികം സാധ്യത കല്‍പിച്ചിരുന്ന ടീമുകളായിരുന്നു ബൊറൂസിയ ഡോര്‍ട്മുണ്ടും ബയേണ്‍ മ്യൂണിക്കും. ഇതില്‍ ബയേണിലേക്ക് താരമെത്തുമെന്നായിരുന്നു പരക്കെയുള്ള അഭ്യൂഹം.

ബയേണിന്റെ ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറിയപ്പോള്‍ ആ അഭ്യൂഹങ്ങള്‍ക്കും മൂര്‍ച്ചയേറി. എന്നാല്‍ ബയേണും താരത്ത ടീമിലെത്തിക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചപ്പോള്‍ താരം മാഞ്ചസ്റ്ററില്‍ തന്നെ തുടര്‍ന്നു.

ഒരു ഘട്ടത്തില്‍ റൊണാള്‍ഡോയെ ബയേണിലേക്കെത്തിക്കാന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ ടീമിലെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് റൊണാള്‍ഡോയെ സൈന്‍ ചെയ്യുന്നതില്‍ നിന്നും പിന്‍മാറിയെന്നുമുള്ള കാര്യം പറഞ്ഞിരിക്കുകയാണ് ബയേണിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായ ഹസന്‍ സാലിഹാമിഡ്‌സിക്.

ടീമിലെ എല്ലാവരുടെയും അഭിപ്രായം മാനിച്ചായിരുന്നു ബയേണ്‍ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജര്‍മന്‍ ഔട്ട്‌ലെറ്റായ ബില്‍ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലെവന്‍ഡോസ്‌കി ടീമില്‍ നിന്നും പോയതിന് ശേഷവും ആക്രമണത്തിന് മതിയായ പൊട്ടെന്‍ഷ്യല്‍ ടീമിനുണ്ടെന്ന് മനസിലാക്കിയ ശേഷമാണ് മാഞ്ചസ്റ്റര്‍ ഏയ്‌സിനോട് ബയേണ്‍ നോ പറഞ്ഞത്.

ഈ വിഷയത്തില്‍ ടീമിനകത്തുതന്നെ ഒരു വോട്ടെടുപ്പ് നടന്നതായും എല്ലാവരും ഇതേ അഭിപ്രായം പങ്കുവെച്ചുവെന്നും ഹസന്‍ പറഞ്ഞു.

‘റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഇല്ലാതെ പോലും ഞങ്ങളുടെ ആക്രമണനിര എത്രത്തോളം സജ്ജരാണെന്നും പൊട്ടെന്‍ഷ്യലുള്ളവരാണെന്നും നിങ്ങള്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ സാമ്പത്തികപരമായും സ്‌പോര്‍ട്‌സ് പേര്‍സ്‌പെക്ടീവിലും നോക്കുമ്പോള്‍ റൊണാള്‍ഡോയെ ടീമിലെത്തിക്കുന്നത് ശരിയാകുമായിരുന്നില്ല.

ഞങ്ങള്‍ക്ക് മുമ്പില്‍ നാല് പൊസിഷനിലായി എട്ട് താരങ്ങളുണ്ട്. ടീമിന്റെ ടോപ് താരങ്ങളെ അവരുടെ പ്രൈം ടൈമില്‍ ലോകത്തിലെ തന്നെ മികച്ച താരമാക്കി മാറ്റാനും സാധിച്ചു.

ഞങ്ങള്‍ക്ക് നിരവധി താരങ്ങളുണ്ട്. അവര്‍ക്ക് ആവശ്യമായ ഫുട്‌ബോള്‍ ടൈം അവര്‍ക്ക് നല്‍കണം എന്ന ഒരു പ്ലാന്‍ ഞങ്ങള്‍ക്ക് മുമ്പിലുണ്ട്. അതുകൊണ്ടുതന്നെ ആ പ്ലാന്‍ അനുസരിച്ച് ഞങ്ങളെല്ലാവരും വോട്ടുചെയ്തു,’ ഹസന്‍ പറഞ്ഞു.

നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ടീമിന്റെ ഏയ്‌സായ റൊണാള്‍ഡോയ്ക്കും ഇപ്പോള്‍ നല്ല കാലമല്ല. കളിച്ച മൂന്ന് മത്സരത്തില്‍ ഒന്നില്‍ മാത്രമാണ് മാഞ്ചസ്റ്റര്‍ ജയിച്ചത്.

മാഞ്ചസ്റ്റര്‍ മൂന്ന് മത്സരം കളിച്ചപ്പോള്‍ ഒന്നില്‍ മാത്രമാണ് റൊണാള്‍ഡോയ്ക്ക് മുഴുവന്‍ സമയവും കളിക്കാനായത്. ആ മത്സരത്തില്‍ തന്നെയാണ് മാഞ്ചസ്റ്റര്‍ ഏറ്റവും മോശം തോല്‍വിയും ഏറ്റുവാങ്ങിയത്.

 

Content Highlight: Bayern Munich sporting director explains how decision to reject Cristiano Ronaldo