ലെവന്‍ഡോസ്‌കിക്ക് പകരം ടീമില്‍ മറ്റൊരു സൂപ്പര്‍താരത്തെ എത്തിക്കാന്‍ ശ്രമിക്കുമെന്ന് ബയേണ്‍; റൊണാള്‍ഡൊ പരിഗണനയിലില്ല
Football
ലെവന്‍ഡോസ്‌കിക്ക് പകരം ടീമില്‍ മറ്റൊരു സൂപ്പര്‍താരത്തെ എത്തിക്കാന്‍ ശ്രമിക്കുമെന്ന് ബയേണ്‍; റൊണാള്‍ഡൊ പരിഗണനയിലില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th July 2022, 9:54 pm

കഴിഞ്ഞ ദിവസമാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബയേണ്‍ മ്യൂണിക്കില്‍ നിന്നും ബാഴ്‌സയിലേക്ക് കൂടുമാറിയെന്ന വാര്‍ത്തകള്‍ വന്നത്. ബയേണ്‍ മ്യൂണിക്കിന്റെ സി.ഇ.ഒ ഒലിവര്‍ ഖാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ഇതിന് പിന്നാലെ താരത്തിന് പകരം മറ്റൊരു സ്‌ട്രൈക്കറെ ബയേണ്‍ നോക്കുന്നെന്ന വാര്‍ത്തകള്‍ വന്നത്. സൂപ്പര്‍ താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ ഏജന്റ് ബയേണുമായി സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ബയേണിന് താല്‍പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

ഇപ്പോഴിതാ ലെവയ്ക്ക് പകരം ടീം നോക്കുന്ന സ്‌ട്രൈക്കറെ കുറിച്ച് സംസാരിക്കുവാണ് ഒലിവര്‍ ഖാന്‍.
ടോട്ടന്‍ഹാം ഹോട്‌സ്പുര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ ലെവന്‍ഡോസ്‌കിക്ക് പകരക്കാരനായി എത്തുമോയെന്ന ചോദ്യത്തോട് പോസീറ്റീവായാണ് താരം സംസാരിച്ചത്.

‘ഹാരി കെയ്ന്‍ ടോട്ടന്‍ഹാമുമായി കരാറുള്ള താരമാണ്. തീര്‍ച്ചയായും ഉയര്‍ന്ന നിലവാരത്തിലുള്ള മികച്ച സ്ട്രൈക്കറാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹം ഭാവിയിലേക്കുള്ള സ്വപ്നം മാത്രമാണ്. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് നോക്കാം.’ ഒലിവര്‍ ഖാന്‍ പറഞ്ഞു.

ജര്‍മന്‍ മാധ്യമം ദി ബില്‍ഡിനോട് സംസാരിക്കുകയായിരുന്നു ഒലിവര്‍ ഖാന്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വേണ്ടി ബയേണ്‍ മ്യൂണിക്ക് ശ്രമം നടത്താതിരുന്നതിന്റെ കാരണവും ഒലിവര്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. റൊണാള്‍ഡോയോട് തനിക്ക് വളരെയധികം ഇഷ്ടമുണ്ടെങ്കിലും ബയേണ്‍ മ്യൂണിക്കിന്റെ ഫിലോസഫി വെച്ചു നോക്കുമ്പോള്‍ താരത്തെ ടീമിലെത്തിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ഒലിവര്‍ ഖാന്‍ പറയുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തൃപ്തനല്ലാത്ത റൊണൊള്‍ഡോ ടീം വിടുമെന്ന വാര്‍ത്തകള്‍ നേരത്തെ വരുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു ക്ലബ്ബും ഇതുവരെ താരത്തിനായി മുന്നോട്ട് വന്നിട്ടില്ല. താരം ഇതുവരേയും മാഞ്ചസ്റ്ററിന്റെ കൂടെ പ്രീസീസണ്‍ മത്സരങ്ങളിലും പങ്കെടുത്തിട്ടില്ല.

Content Highlights: Bayern is looking forward to sign Harry kane in place for Robert Lewandoski