ബത്തേരി കോഴക്കേസ്; സുരേന്ദ്രനെതിരെ തെളിവ് പുറത്തുവിട്ടത് മുതല്‍ ആര്‍.എസ്.എസ് വേട്ടയാടുന്നു: പ്രസീത അഴീക്കോട്
Kerala News
ബത്തേരി കോഴക്കേസ്; സുരേന്ദ്രനെതിരെ തെളിവ് പുറത്തുവിട്ടത് മുതല്‍ ആര്‍.എസ്.എസ് വേട്ടയാടുന്നു: പ്രസീത അഴീക്കോട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th December 2022, 6:35 pm

കണ്ണൂര്‍: ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രനെതിരെ തെളിവ് പുറത്തുവിട്ടത് മുതല്‍ ആര്‍.എസ്.എസ് തന്നെ വേട്ടയാടുകയാണെന്ന് ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്.

ബത്തേരി കോഴക്കേസില്‍ ശരിയായ ദിശയിലാണ് അന്വേഷണം നടന്നതെന്നും വേഗത്തില്‍ കുറ്റപത്രം തയ്യാറായതില്‍ സന്തോഷമുണ്ടെന്നും പ്രസീത അഴീക്കോട് പറഞ്ഞു.

ബത്തേരി കോഴക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ കെ. സുരേന്ദ്രന്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം ശരിയായ ദിശയില്‍ കൊണ്ടുപോകാന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും, വേഗത്തില്‍ കുറ്റപത്രം തയ്യാറായതില്‍ സന്തോഷമുണ്ടെന്നും പ്രസീത പറഞ്ഞു.

‘സുരേന്ദ്രനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ആര്‍.എസ്.എസ് തന്നെ വേട്ടയാടി. ഭീഷണി ഇപ്പോഴും തുടരുകയാണ്,’ പ്രസീത പറഞ്ഞു.

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുരേന്ദ്രനെതിരെ നടപടിയെടുക്കണമെന്നും പ്രസീത അഴീക്കോട് ആവശ്യപ്പെട്ടു.

അതേസമയം, തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിക്കൊണ്ടുള്ള കുറ്റപത്രം അന്വേഷണം സംഘം ഉടന്‍ തന്നെ സമര്‍പ്പിക്കും. കേസിലെ പ്രധാന തെളിവായ ഫോണ്‍ സംഭാഷണം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റേത് തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.

ജെ.ആര്‍.പി. സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടുമായുള്ള സുരേന്ദ്രന്റെ ഫോണ്‍ സംഭാഷണമാണ് ഫോറന്‍സിക് വിശദ പരിശോധനയ്ക്ക് വിധേയമാക്കിയത്. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ പരിശോധനയിലാണ് ശബ്ദം സുരേന്ദ്രന്റേതാണെന്നു തെളിഞ്ഞത്.

നേരത്തെ, ശബ്ദ സാമ്പിള്‍ ശേഖരിച്ച് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധന നടത്താന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചിരുന്നു.

പക്ഷേ, സംസ്ഥാനത്തെ ലാബുകളേക്കാള്‍ വിശ്വാസ്യത കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഫോറന്‍സിക് ലാബുകള്‍ക്കാണെന്നും സംസ്ഥാനത്തെ ലാബുകളില്‍ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി കെ. സുരേന്ദ്രന്‍ കോടതിയിലെത്തിയിരുന്നു. എന്നാല്‍ സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

നിലവില്‍ തെരഞ്ഞടുപ്പ് കോഴക്കേസിലെ ഒന്നാം പ്രതി കെ. സുരേന്ദ്രനും രണ്ടാം പ്രതി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവുമാണ്. സുരേന്ദ്രന്‍ സി.കെ ജാനുവിന് പണം നല്‍കിയതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സുരേന്ദ്രന്‍ ജെ.ആര്‍.പി സംസ്ഥാന അധ്യക്ഷ സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. 2021 മാര്‍ച്ചില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപയും സി.കെ. ജാനുവിന് കൈമാറിയെന്നാണ് കേസ്.

Content Highlight: Batheri Election Corruption case; Praseetha Azhikode against K Surendran