കണ്ണുകൊണ്ട് അഭിനയിക്കാനാണ് ദര്‍ശന പറയുക, ചിരിക്കുമ്പോള്‍ കണ്ണടഞ്ഞ് പോകുന്നതുകൊണ്ട് എനിക്കത് കുറച്ച് പാടാ; ദര്‍ശനയെ ട്രോളി ബേസില്‍
Movie Day
കണ്ണുകൊണ്ട് അഭിനയിക്കാനാണ് ദര്‍ശന പറയുക, ചിരിക്കുമ്പോള്‍ കണ്ണടഞ്ഞ് പോകുന്നതുകൊണ്ട് എനിക്കത് കുറച്ച് പാടാ; ദര്‍ശനയെ ട്രോളി ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th October 2022, 4:00 pm

ദര്‍ശനയും ബേസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയ ജയ ജയ ജയ ഹേ തിയേറ്ററിലേക്കെത്തുകയാണ്. ഭാര്യയും ഭര്‍ത്താവുമായാണ് ഇരുവരും സിനിമയില്‍ എത്തുന്നത്. ബേസിലിന്റേത് ഒരു ടോക്‌സിക് ഹസ്‌ബെന്‍ഡ് ക്യാരക്ടര്‍ ആണെന്നാണ് ട്രെയിലറുകള്‍ നല്‍കുന്ന സൂചന.

ബേസിലും ദര്‍ശനയും ജോഡികളായി എത്തുന്ന ആദ്യം ചിത്രം കൂടിയാണ് ജയ ജയ ജയ ജയ ഹേ. ചിത്രത്തിന്റെ ലൊക്കേഷന്‍ വിശേഷങ്ങളും തങ്ങളുടെ സൗഹൃദത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും. ഒപ്പം ദര്‍ശന തനിക്ക് നല്‍കിയ ചില ടിപ്‌സുകളെ കുറിച്ചും ബേസില്‍ പറയുന്നുണ്ട്.

‘ചില ഫ്രണ്ട്‌സുണ്ട്. നമ്മള്‍ എത്ര മാന്യനായാലും നടക്കില്ല. ഇവളുടെ അടുത്ത് എന്റെ ഒരു നമ്പറും ചിലവാകില്ല. ഇനി ഒന്നും ഇല്ല. അങ്ങനെ ഒരു സ്‌പേസിലേക്ക് പോയി. ചില ആക്ടേഴ്‌സിന്റെ അടുത്ത് നമ്മള്‍ ഒരു ഡിസ്റ്റന്‍സ് ഇടുമല്ലോ. സുഹൃത്തുക്കള്‍ ആണെങ്കില്‍ പോലും. പക്ഷേ ഇവളുടെ അടുത്ത് അങ്ങനെ അല്ല. അഭിനയിക്കുമ്പോള്‍ ശരിയായില്ലെങ്കില്‍ നല്ല ബോറായിട്ടുണ്ട് എന്തൊരു ബോറ് അഭിനയമാണ് എന്നൊക്കെ എനിക്ക് പറയാം.

പിന്നെ കഴിവുള്ള ഒരു നടി കൂടിയാണല്ലോ ദര്‍ശന എന്ന് ബേസില്‍ പറഞ്ഞപ്പോള്‍ ഇത് പറയാന്‍ കുറച്ച് ബുദ്ധിമുട്ടയല്ലേ എന്നായിരുന്നു ദര്‍ശനയുടെ കൗണ്ടര്‍.

ദര്‍ശനയോട് ഇടയ്ക്ക് താന്‍ ചില ടിപ്‌സൊക്കെ ചോദിച്ച് പഠിക്കാറുണ്ടെന്നായിരുന്നു തുടര്‍ന്ന് ബേസില്‍ പറഞ്ഞത്. അതായത് നമ്മള്‍ കണ്ണുകൊണ്ട് അഭിനയിക്കുക പോലത്തെ സിനാരിയോ ഉണ്ടല്ലോ. ഇമോഷന്‍സ് വരുമ്പോള്‍ കണ്ണ് ഇങ്ങനെ വിടരുക പോലുള്ള സംഭവം. കണ്ണ് വെച്ചുള്ള അഭിനയം. എനിക്കാണെങ്കില്‍ ചിരി വരുമ്പോള്‍ രണ്ട് കണ്ണും ഇറുകി അടഞ്ഞ് ഇല്ലാണ്ടാവും. അപ്പോള്‍ ചിരിക്കണ സീനൊക്കെ വരുമ്പോള്‍ എനിക്ക് കണ്ണുകൊണ്ടൊന്നും അഭിനയിക്കാന്‍ പറ്റൂല (ചിരി).

പിന്നെ മുഖത്തെ നാഡീ ഞരമ്പുകളും ഓരോ പേശിയും അഭിനയിക്കണമെന്നാണ് ദര്‍ശന പറയുക. അടുത്ത ഷോട്ടില്‍ ഞാനത് ഇംപ്ലിമെന്റ് ചെയ്യ്യും, ബേസില്‍ പറഞ്ഞു.

ആ ഷോട്ട് എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് ഭയങ്കരമായിരുന്നു എന്നായിരുന്നു ദര്‍ശനയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. ഷോട്ട് കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. കണ്‍മഷിയിട്ടുകൊടുക്കുന്ന സീനാണ്, ബേസില്‍ കൂട്ടിച്ചേര്‍ത്തു.

ഇതോടെ ഞാന്‍ പറഞ്ഞതാണെന്ന് പറഞ്ഞ് ഇവന്‍ ഇനി എന്തൊക്കെ പറയമെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ദര്‍ശനയുടെ മറുപടി.

ഇവന്‍ പറയുന്നത് ഇവനായിട്ട് ഫോം ചെയ്ത് ഉണ്ടാക്കിയതാണ്. ഇതൊന്നും ഞാന്‍ പറഞ്ഞതല്ല. എനിക്ക് അറിയുന്ന ചില കാര്യങ്ങള്‍ അവനോട് പറഞ്ഞിരുന്നു. ഇവനാണെങ്കില്‍ അടുത്ത ഷോട്ടില്‍ അതെടുത്ത് ഉപയോഗിക്കും. ദൈവമേ ഇവന്‍ ഇതെന്താ ഈ കാണിച്ചുകൂട്ടുന്നത് എന്ന് എനിക്ക് അപ്പോള്‍ തോന്നി (ചിരി), ദര്‍ശന പറഞ്ഞു.

Content Highlight: Basil Joseph Trolled Darshana Rajendran