രാഷ്ട്രീയത്തില്‍ നിന്ന് നേടേണ്ടതെല്ലാം നേടിയ ഒരാളുടെ വീട്ടില്‍ രാഷ്ട്രീയം പറയാന്‍ പാടില്ലത്രേ!
DISCOURSE
രാഷ്ട്രീയത്തില്‍ നിന്ന് നേടേണ്ടതെല്ലാം നേടിയ ഒരാളുടെ വീട്ടില്‍ രാഷ്ട്രീയം പറയാന്‍ പാടില്ലത്രേ!
ബഷീര്‍ വള്ളിക്കുന്ന്
Saturday, 23rd September 2023, 5:13 pm

വീട്ടില്‍ രാഷ്ട്രീയം പറയരുതത്രെ!

രാഷ്ട്രീയത്തില്‍ വളര്‍ന്ന്, രാഷ്ട്രീയത്തില്‍ ജീവിച്ച്, അതുകൊണ്ട് നേടേണ്ടതെല്ലാം നേടി, സ്ഥാനമാനങ്ങള്‍ വാരിക്കൂട്ടി ഒരു ജീവിതകാലം മുഴുവന്‍ കഴിഞ്ഞ മനുഷ്യന്‍ പറഞ്ഞുവത്രേ വീട്ടില്‍ രാഷ്ട്രീയം പറയരുതെന്ന്.

രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് ജീവിക്കാത്ത സാധാരണ മനുഷ്യര്‍ വരെ വീട്ടിലും പുറത്തും രാഷ്ട്രീയം പറയും. കാരണം അത് നമ്മുടെ സാമൂഹ്യബോധത്തിന്റേയും രാഷ്ട്രവീക്ഷണത്തിന്റെയും ഭാഗമാണ്. ഒരു രാജ്യത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ വീക്ഷണമാണ് ആ രാജ്യത്തെ ജനങ്ങളുടെ ജീവിതം എങ്ങിനെയാണെന്ന് തീരുമാനിക്കുക, അതില്‍ നിന്ന് ഒളിച്ചോടി വീട്ടില്‍ വാതിലടച്ചിരിക്കാന്‍ ഒരു മനുഷ്യനും കഴിയില്ല.

രാഷ്ട്രീയം വേണ്ടെന്ന് വെക്കുന്നവന് പോലും അത് രാഷ്ട്രത്തില്‍ ഉണ്ടാക്കുന്ന ഇടപെടലുകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കഴിയില്ല. നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കിലും രാഷ്ട്രീയം നിങ്ങളില്‍ ഇടപെട്ട് കൊണ്ടിരിക്കുമെന്ന് പറയുന്നത് അത് കൊണ്ടാണ്.

അപ്പോഴാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ‘രാഷ്ട്രീയ ചാണക്യന്‍’ പറയുന്നത് ഇവിടെ രാഷ്ട്രീയം പാടില്ലെന്ന്. ബി.ജെ.പിയില്‍ ചേര്‍ന്ന് വീട്ടിലെത്തിയ മകനെ സൗമ്യമായി സ്വീകരിച്ചെന്ന്. ആ പാര്‍ട്ടിയോടുള്ള വെറുപ്പും വിദ്വേഷവുമെല്ലാം ഇപ്പോള്‍ ഇല്ലാതായെന്ന്.. പി.എം.ഒ ഓഫീസില്‍ നിന്ന് വിളി വന്നെന്ന്.. ഇനി അവന് ജീവിതത്തില്‍ അവസരങ്ങളും നേട്ടങ്ങളും വരാനിരിക്കുന്നു എന്ന്.

കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തേയും ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും ഉപയോഗപ്പെടുത്തി ഇനിയൊന്നും കിട്ടാന്‍ ബാക്കിയില്ലെന്ന് വന്നപ്പോള്‍ ആ രാഷ്ട്രീയത്തെ ചവിട്ടിയെറിഞ്ഞു അവസരവാദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയ ഒരു കുടുംബമുണ്ടെങ്കില്‍ അത് ഈ കുടുംബമാണ്.

രാഷ്ട്രീയം കൊണ്ട് ജീവിച്ച് രാഷ്ട്രീയം കൊണ്ട് വളര്‍ന്ന് രാഷ്ട്രീയം സംസാരിക്കാത്ത കുടുംബം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ നെഞ്ചില്‍ ചവിട്ടിയ കുടുംബം.

Content Highlight: Basheer Vallikkunnu’s write up about A. K. Antony’s family