മെസിയെയും നെയ്മറെയും കിട്ടിയില്ല; പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തെ എത്തിക്കാനൊരുങ്ങി ബാഴ്‌സ
Football
മെസിയെയും നെയ്മറെയും കിട്ടിയില്ല; പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തെ എത്തിക്കാനൊരുങ്ങി ബാഴ്‌സ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 17th August 2023, 8:44 am

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞതോടെ ലയണല്‍ മെസി പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് താരം അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുകയായിരുന്നു. നെയ്മറിന്റെ കാര്യത്തിലും സമാന രംഗങ്ങളാണ് അരങ്ങേറിയത്.

താരം ബാഴ്‌സയുമായി സൈന്‍ ചെയ്യുമെന്ന് കരുതിയിരുന്നിടത്ത് നിന്നാണ് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലുമായി കരാറിലേര്‍പ്പെടുന്നത്. രണ്ട് വമ്പന്‍ സൈനിങ്ങുകള്‍ക്കുള്ള സാധ്യത മുടങ്ങിയതോടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ജോവാ ഫെലിക്‌സിനെ ബാഴ്‌സ സ്വന്തമാക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സ്പാനിഷ് വമ്പന്‍ ക്ലബ്ബായ ബാഴ്സലോണക്ക് വേണ്ടി കളിക്കുകയെന്നത് കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണെന്ന് ഫെലിക്സ് നേരത്തെ പറഞ്ഞിരുന്നു. ബാഴ്സയില്‍ കളിക്കാന്‍ ഒരുപാടിഷ്ടമാണെന്നും ആഗ്രഹം നിറവേറുകയാണെങ്കില്‍ അത് തന്റെ സ്വപ്ന സാക്ഷാത്കാരമായിരിക്കുമെന്നുമാണ് ഫെലിക്സ് പറഞ്ഞിരുന്നത്. പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സപര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയോടാണ് ഫെലിക്സ് ഇക്കാര്യം പങ്കുവെച്ചത്.

‘ബാഴ്സലോണയില്‍ കളിക്കാന്‍ എനിക്കൊരുപാടിഷ്ടമാണ്. ബാഴ്സയാണ് എല്ലായിപ്പോഴും എന്റെ ആദ്യ ചോയിസ്. കുട്ടിക്കാലം തൊട്ടുള്ള എന്റെ സ്വപ്നമാണ് ബ്ലൂഗ്രാനക്കൊപ്പം കളിക്കുകയെന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ എന്നെ സംബന്ധിച്ച് ഒരു സ്വപ്ന സാക്ഷാത്കാരമാണത്,’ ഫെലിക്സ് പറഞ്ഞു.

അത്ലെറ്റികോ മാഡ്രിഡില്‍ നിന്ന് ആറ് മാസത്തെ ലോണ്‍ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജനുവരിയിലാണ് ജാവോ ഫെലിക്സ് ചെല്‍സിയിലെത്തുന്നത്. ചെല്‍സിക്കായി ഈ സീസണില്‍ കളിച്ച 16 മത്സരങ്ങളില്‍ നിന്ന് രണ്ട് തവണ മാത്രമെ പോര്‍ച്ചുഗീസ് താരത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ.

അതേസമയം, ഫെലിക്‌സിനെ ക്ലബ്ബിലെത്തിക്കാന്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുണ്ടോ ഡീപോര്‍ട്ടീവോയുടെ റിപ്പോര്‍ട്ട് പ്രകാരം 100 മില്യണ്‍ യൂറോയാണ് ഫെലിക്‌സിനായി പി.എസ്.ജി വാഗ്ദാനം ചെയ്തത്.

ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താനൊരുങ്ങുന്ന പി.എസ്.ജി ടീമില്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഫെലിക്‌സിനെയടക്കം പല താരങ്ങളെയും പാരീസിയന്‍സ് നോട്ടമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Barcelona wants to sign with Joao Felix