ഇതുപോലൊരു വഞ്ചകൻ മറ്റെങ്ങുമില്ല, ഒരു കാരണവശാലും അയാളെ ക്ലബ്ബിൽ തിരിച്ചെടുക്കരുത്; ഇതിഹാസ താരത്തിനെതിരെ ആഞ്ഞടിച്ച് ബാഴ്‌സ ആരാധകർ
Football
ഇതുപോലൊരു വഞ്ചകൻ മറ്റെങ്ങുമില്ല, ഒരു കാരണവശാലും അയാളെ ക്ലബ്ബിൽ തിരിച്ചെടുക്കരുത്; ഇതിഹാസ താരത്തിനെതിരെ ആഞ്ഞടിച്ച് ബാഴ്‌സ ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th October 2022, 8:20 pm

ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനും ബാഴ്‌സലോണയും തമ്മിൽ നടന്ന മത്സരത്തിന് ശേഷം ഇതിഹാസ താരം ലയണൽ മെസിക്കെതിരെ വിമർശനവുമായി ബാഴ്സ ആരാധകർ. മത്സരത്തിന് പിന്നാലെ ഇന്റർ മിലാൻ സ്ട്രൈക്കറും അർജന്റീനയിൽ ലയണൽ മെസിയുടെ സഹതാരവുമായ ലൗടാരോ മാർട്ടിനസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് ലൈക്ക് ചെയ്തതിനെ തുടർന്നാണ് താരത്തിനെതിരെ ആരാധകർ രംഗത്തെത്തിയത്.

ലയണൽ മെസി ചതിയനും വഞ്ചകനുമാണെന്നാണ് ബാഴ്‌സ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മത്സരത്തിൽ ടീമുകൾ സമനിലയിൽ പിരിയുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ടിൽ എത്തണമെങ്കിൽ ബാഴ്‌സക്ക് വിജയം അനിവാര്യമായിരുന്നു. ലെവൻഡോസ്‌കിയുടെ ഇരട്ടഗോളുകളാണ് ബാഴ്‌സക്ക് സമനിലയെങ്കിലും നേടിക്കൊടുത്തത്.

ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സമനില വഴങ്ങിയതോടെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവാതിരിക്കാൻ ഇന്റർ മിലാൻ പോയിന്റ് നഷ്ടപ്പെടുത്തണമെന്ന സാഹചര്യമാണ് ബാഴ്സലോണ നേരിട്ടിരുന്നത്. ആരാധകരിൽ ഇതു കടുത്ത നിരാശ സൃഷ്ടിക്കുകയും ചെയ്തു.

ബാഴ്സലോണക്കെതിരെ ഇന്റർ മിലാനു വേണ്ടി ഒരു ഗോൾ നേടിയത് ലൗടാരോ മാർട്ടിനസായിരുന്നു. ഗോളിന്റെയും നോക്ക്ഔട്ട് സാധ്യതകൾ വർധിപ്പിച്ചതിന്റെയും സന്തോഷം പങ്കുവെക്കുകയായിരുന്നു മാർട്ടിനസ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ. ചിത്രത്തിന് ലയണൽ മെസി ലൈക്ക് ചെയ്തത് ശ്രദ്ധയിൽ പെട്ടതോടെ താരത്തിനെതിരെ ആരാധകർ തിരിയുകയായിരുന്നു. ഒരു അർജന്റീനിയൻ സഹതാരത്തിന്റെ പോസ്റ്റിനാണ് മെസി ലൈക്ക് ചെയ്തതെന്ന പരിഗണന പോലുമില്ലാതെയാണ് മെസിയെ ആരാധകർ വിമർശിക്കുന്നത്.

മെസിയെ ഇന്നു കാണുന്ന താരമായി വളർത്തിയ ബാഴ്സലോണയുടെ അവസ്ഥയിൽ മെസിക്ക് യാതൊരു സങ്കടമില്ലെന്നും ക്ലബിന് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ താരം ഓടിപ്പോയെന്നും പറഞ്ഞ ഒരു ആരാധകൻ ‘മെസി നാണം കെട്ട വഞ്ചകനെന്ന് ട്വിറ്ററിൽ കുറിച്ചു. മറ്റൊരു ആരാധകൻ എതിരാളികൾക്കൊപ്പം നിൽക്കുന്ന ചതിയനാണ് മെസിയെന്നും ആരോപിച്ചു. താരത്തെ തിരിച്ചു കൊണ്ടുവരാൻ ബാഴ്സലോണ ശ്രമിക്കരുതെന്നാണ് ചില ആരാധകർ ആവശ്യപ്പെടുന്നത്.

അടുത്ത സമ്മറിൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്സലോണ ശ്രമം നടത്തുന്നുണ്ടെന്ന് അഭ്യൂഹങ്ങളുടെ ഇടയിലാണ് മെസിക്കെതിരെ ബാഴ്സ ആരാധകരുടെ ആരോപണം. അതേസമയം അടിസ്ഥാന രഹിതമായ കാര്യത്തിനാണ് ആരാധകർ താരത്തിനെതിരെ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്ന് ചില മെസി ആരാധകർ പ്രതികരിച്ചു.

Content Highlights: Barcelona fans slam Lionel Messi for liking Lautaro Martinez’s Instagram post after damaging Inter Milan draw