ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
keralanews
ബാര്‍ അസോസിയേഷന്‍ അംഗത്വത്തില്‍ വിവേചനം; തിരുവനന്തപുരം ലോയേഴ്സ് ഫോറം മുഖ്യമന്ത്രിക്കും നിയമവകുപ്പുമന്ത്രിക്ക് പരാതി നല്‍കി
ന്യൂസ് ഡെസ്‌ക്
Friday 12th October 2018 12:02pm

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ബാര്‍ അസ്സോസിയേഷന്‍ അംഗത്വം നല്‍കുന്നതില്‍ കാട്ടിവരുന്ന വിവേചനത്തിനെതിരെ മുഖ്യമന്ത്രിക്കും നിയമവകുപ്പ് മന്ത്രിക്കും തിരുവന്തപുരം ലോയേഴ്സ് ഫോറം പരാതി നല്‍കി.

സര്‍വീസില്‍ നിന്നും വിരമിച്ചതിനുശേഷം അഭിഭാഷകവൃത്തി ചെയ്യുന്നവരോടുള്ള വിവേചനപരമായ സമീപനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ”തിരുവനന്തപുരം ലോയേഴ്സ് ഫോറം” ഭാരവാഹികള്‍ നിയമവകുപ്പുമന്ത്രി എ.കെ ബാലനും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നല്‍കിയത്.

ബാര്‍ അസോസിയേഷന്‍ ഹാളിലെ ടോയ്‌ലെറ്റ്, ലൈബ്രറി എന്നിവയും കാന്റീന്‍ സൗകര്യവും ഉപയോഗിക്കാമെന്നല്ലാതെ അംഗമെന്ന നിലയില്‍ വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ബാര്‍ അസോസിയേഷന്റെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാനോ മത്സരിക്കാനോ ഭാരവാഹിത്വം വഹിക്കാനോ അസോസിയേഷന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനോ ഉള്ള അവകാശം അസോസിയേറ്റ് അംഗങ്ങള്‍ക്ക് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ നല്‍കിയിട്ടില്ലെന്ന് ഇവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.


സുപ്രീം കോടതിയില്‍ കേസുകള്‍ കെട്ടി കിടക്കുന്നു ; ഭരണഘടനാപരമായ പ്രാധാന്യമുള്ള കേസുകള്‍ മാത്രം പരിഗണിക്കണമെന്ന് രഞ്ജന്‍ ഗോഗോയി


മാത്രമല്ല അസ്സോസിയേറ്റ് അംഗത്വത്തിന് നിശ്ചയിച്ചിരുന്ന ഫീസ് സാധാരണ അംഗങ്ങളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ അനേകമടങ്ങ് കൂടുതലുമാണ്. ഇത് തികഞ്ഞ വേര്‍തിരിവാണെന്നും നിവേദനത്തില്‍ ഇവര്‍ പറയുന്നു.

വഞ്ചിയൂര്‍ കോടതി സമുച്ചയത്തിനുള്ളില്‍ കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കേരള സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ചുകൊടുത്ത കെട്ടിടത്തിലാണ് ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്.

അതിനാല്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ തിരുവനന്തപുരം ബാര്‍ അസ്സോസിയേഷന്‍ ബാധ്യസ്ഥമാണ്. ഇപ്പോള്‍ അംഗത്വത്തെ സംബന്ധിച്ച് ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍ അവലംബിച്ചുവരുന്ന നിയമവിരുദ്ധവും വിവേചനപരവുമായ നടപടികള്‍ സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കേണ്ടതാണെന്നും പ്രസിഡന്റ് ജെ. ഫ്രാന്‍സിസും സെക്രട്ടറി ആര്‍.മുരളീധരനും ട്രഷറര്‍ പി.ചന്ദ്രമോഹനും സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു.

Advertisement