എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്തില്‍ റോഡ് ഷോയ്ക്കിടെ മോദിയ്ക്ക് നേരെ വളകള്‍ വലിച്ചെറിഞ്ഞ് ആശാവര്‍ക്കറുടെ പ്രതിഷേധം; യുവതി കസ്റ്റഡിയില്‍
എഡിറ്റര്‍
Monday 23rd October 2017 10:06am

വാരാണസി: ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റോഡ് ഷോയ്ക്കിടെ പ്രതിഷേധവുമായി ആശാവര്‍ക്കര്‍(സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിറ്റ്). തുറന്ന വാഹനത്തില്‍ വഡോദരയില്‍ റോഡ് ഷോ നടത്തുകയായിരുന്ന മോദിയുടെ മുഖത്തേക്ക് വളകള്‍ വലിച്ചെറിഞ്ഞായിരുന്നു ചന്ദ്രിക ബെന്‍ എന്ന യുവതി പ്രതിഷേധിച്ചത്.

നരേന്ദ്രമോദി മൂര്‍ദാബാദ് എന്നുവിളിച്ചുകൊണ്ടായിരുന്നു യുവതി മോദിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉടന്‍ തന്നെ മോദി വാഹനത്തിനകത്തേക്ക് ഇരിക്കുകയും സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തെ വളയുകയുമായിരുന്നു.

നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നുകൊണ്ടായിരുന്നു യുവതിയുടെ പ്രതിഷേധം. ഉടന്‍ തന്നെ യുവതിയെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

നരേന്ദ്രമോദി മൂര്‍ദാബാദ് എന്ന് ഉച്ചത്തില്‍വിളിച്ച് കൊണ്ട് വാഹനത്തിന് നേരെയടുക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്. നവ്‌ലഖി ഗ്രൗണ്ടില്‍
നിന്നും എയര്‍പോര്‍ട്ട് റോഡ് വരെയായിരുന്നു മോദിയുടെ റോഡ് ഷോ.

നേരത്തെ ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എയ്ക്ക് മുന്നിലും പ്രതിഷേധവുമായി ചന്ദ്രിക ബെന്‍ എത്തിയിരുന്നു. താങ്കള്‍ എന്റെ മുന്നിലല്ല പ്രതിഷേധിക്കേണ്ടത് മോദിയുടെ മുന്നിലാണെന്നായിരുന്നു അന്ന് എം.എല്‍.എ യുവതിയോട് പറഞ്ഞത്.

ഇതിന് പിന്നാലെയായിരുന്നു മോദിയുടെ റോഡ് ഷോയ്ക്ക് എത്തിയ ആശാ വര്‍ക്കര്‍ അദ്ദേഹത്തിന് നേരെ തന്നെ പ്രതിഷേധിച്ചത്. 22 വര്‍ഷമായി ഗുജറാത്തില്‍ ഭരണം കയ്യാളുന്ന ബി.ജെ.പി നേതൃത്വത്തിനെതിരെ വലിയ പ്രതിഷേധമാണ് ഇത്തവണ നടക്കുന്നത്. കര്‍ഷകരും പട്ടേല്‍ വിഭാഗക്കാരും ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന നിലപാടുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതേസമയം വാഗ്ദാനപെരുമഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സന്ദര്‍ശനത്തില്‍ മോദി നടത്തിയത്.

Advertisement