കടുവകള്‍ ഗര്‍ജിച്ചു, കരീബിയന്‍സിന് ഞെട്ടിപ്പിക്കുന്ന തോല്‍വി; 322 റണ്‍സ് ബംഗ്ലാദേശ് മറികടന്നത് 41.3 ഓവറില്‍
ICC WORLD CUP 2019
കടുവകള്‍ ഗര്‍ജിച്ചു, കരീബിയന്‍സിന് ഞെട്ടിപ്പിക്കുന്ന തോല്‍വി; 322 റണ്‍സ് ബംഗ്ലാദേശ് മറികടന്നത് 41.3 ഓവറില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th June 2019, 11:25 pm

ടോണ്ടന്‍: ഈ ലോകകപ്പില്‍ തങ്ങള്‍ക്ക് എന്തും സാധ്യമാകുമെന്ന് ബംഗ്ലാദേശ് വീണ്ടും തെളിയിച്ചിരിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം കേവലം 41.3 ഓവറില്‍ മറികടന്നാണ് ബംഗ്ലാദേശ് വീണ്ടും അപ്രവചനീയ പ്രകടനം കാഴ്ചവെച്ചത്. അതും ഏഴ് വിക്കറ്റിന്റെ ജയം. ഈ ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം മുന്നൂറിനപ്പുറം പിന്തുടര്‍ന്നു ജയിക്കുന്നത്.

ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ (99 പന്തില്‍ 124) നേടിയ സെഞ്ചുറിയും ലിട്ടണ്‍ ദാസ് (69 പന്തില്‍ 94) നേടിയ അര്‍ധസെഞ്ചുറിയുമാണ് ബംഗ്ലാ കടുവകളെ അനായാസ ജയത്തിലേക്കു നയിച്ചത്. ഇരുവരും ചേര്‍ന്ന് പിരിയാത്ത നാലാം വിക്കറ്റില്‍ 189 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഈ ലോകകപ്പില്‍ തന്റെ രണ്ടാം സെഞ്ചുറിയാണ് ഷാക്കിബ് ഇന്ന് കൂപ്പര്‍ അസോസിയേറ്റ്‌സ് കൗണ്ടി ഗ്രൗണ്ടില്‍ നേടിയത്. 16 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു ഷാക്കിബിന്റെ ഇന്നത്തെ പ്രകടനം.

സൗമ്യ സര്‍ക്കാര്‍ (29), തമീം ഇഖ്ബാല്‍ (48), മുഷ്ഫിഖുര്‍ റഹിം (1) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടപ്പെട്ടത്. ഓപ്പണിങ് വിക്കറ്റില്‍ സര്‍ക്കാരും തമീമും ചേര്‍ന്ന് 52 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

ആദ്യ വിക്കറ്റ് ഒമ്പതാം ഓവറിലും രണ്ട്, മൂന്ന് വിക്കറ്റുകള്‍ 18, 19 ഓവറുകളിലും നഷ്ടപ്പെട്ട ബംഗ്ലാ കടുവകള്‍ക്കു പിന്നീട് തിരികെ നോക്കേണ്ടിവന്നില്ല. ഷാക്കിബിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി ലിട്ടണ്‍ ദാസ് ഒരറ്റത്ത് അടിച്ചുതകര്‍ക്കുന്ന കാഴ്ചയാണു കണ്ടത്. 69 പന്തില്‍ എട്ട് ഫോറും നാല് സിക്‌സറും അടക്കമാണ് അദ്ദേഹം 94 റണ്‍സ് നേടിയത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 321 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ഷായ് ഹോപ്പ് (96), എവിന്‍ ലൂയിസ് (70), ഷിംറോണ്‍ ഹെറ്റ്മയര്‍ (50) എന്നിവര്‍ നേടിയ അര്‍ധസെഞ്ചുറികളാണ് അവര്‍ക്കു കരുത്തായത്. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ 33 റണ്‍സ് നേടി. നാല് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

121 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും നേടിയ ഹോപ്പ് അര്‍ഹിച്ച സെഞ്ചുറിക്ക് നാല് റണ്ണരികില്‍ മുസ്താഫിസുര്‍ റഹ്മാനെ സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ വീഴുകയായിരുന്നു. ഇതിനിടെ ഒരു സെഞ്ചുറി കൂട്ടുകെട്ടിലും ഒരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലും പങ്കാളിയായി.

ബൗളര്‍മാര്‍ പ്രസക്തമല്ലാതിരുന്ന മത്സരത്തില്‍, റണ്‍സ് വഴങ്ങിയെങ്കിലും ബംഗ്ലാദേശിനു വേണ്ടി മുഹമ്മദ് സെയ്ഫുദ്ദീന്‍, റഹ്മാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വിന്‍ഡീസിന്റെ എല്ലാ ബൗളര്‍മാരും ആറു റണ്ണിനപ്പുറം ഓവറില്‍ വഴങ്ങുകയും ചെയ്തു.

ജയത്തോടെ അഞ്ച് കളികളില്‍ നിന്ന് രണ്ടു ജയവുമായി ബംഗ്ലാഗേശ് അഞ്ചാം സ്ഥാനത്തും ഒരു ജയം മാത്രമുള്ള വിന്‍ഡീസ് ഏഴാം സ്ഥാനത്തുമായി.