ബംഗ്ലാദേശില്‍ വൈദ്യുതി പ്രതിസന്ധി; ഓഫീസ് സമയവും സ്‌കൂള്‍ സമയവും വെട്ടിക്കുറച്ച് സര്‍ക്കാര്‍
World News
ബംഗ്ലാദേശില്‍ വൈദ്യുതി പ്രതിസന്ധി; ഓഫീസ് സമയവും സ്‌കൂള്‍ സമയവും വെട്ടിക്കുറച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th August 2022, 7:53 pm

ധാക്ക: ബംഗ്ലാദേശില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധി മറികടക്കുന്നതിനായി സ്‌കൂള്‍ സമയവും ഓഫീസ് സമയവും വെട്ടിക്കുറക്കുന്നതടക്കമുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ കടന്നിരിക്കുന്നത്.

ബുധനാഴ്ച മുതലാണ് പുതുക്കിയ രീതി പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

നിലവില്‍ വെള്ളിയാഴ്ച ദിവസം മിക്ക സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇതിന് പുറമെ ശനിയാഴ്ച കൂടി അവധി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.

സര്‍ക്കാര്‍ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തന സമയവും ഒരു മണിക്കൂര്‍ വീതം വെട്ടിക്കുറച്ചിട്ടുണ്ട്. ഇതോടെ ഇവയുടെ പ്രവര്‍ത്തിസമയം ഏഴ് മണിക്കൂറായി ചുരുങ്ങും.

വൈദ്യുതി ഉപയോഗം കുറക്കുന്നതിന് വേണ്ടിയാണ് നീക്കം.

കാബിനറ്റ് സെക്രട്ടറി ഖണ്ഡ്കര്‍ അന്‍വാറുല്‍ ഇസ്‌ലാം (Khandker Anwarul Islam) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനായി പവര്‍കട്ട് അടക്കമുള്ള നടപടികളിലേക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ കടന്നിരുന്നു.

കഴിഞ്ഞ മാസം, രാജ്യത്ത് ഇന്ധനവില 50 ശതമാനത്തിലധികം വര്‍ധിപ്പിച്ചിരുന്നു. വൈദ്യുതി നിരക്കും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നടക്കം വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ രാജ്യത്ത് ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ തീരുമാനം അനിവാര്യമായിരുന്നു എന്നാണ് സര്‍ക്കാര്‍ വാദം.

ശ്രീലങ്കക്ക് പിന്നാലെ ബംഗ്ലാദേശും ഇന്ധന- വൈദ്യുതി പ്രതിസന്ധി നേരിടുന്നത് വലിയ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.

Content Highlight: Bangladesh cuts school and office hours to reduce electricity usage amid concerns over rising fuel prices