ഷെയ്ഖ് ഹസീനയുടെ റാലിക്കുനേരെ ഗ്രനേഡാക്രമണം നടത്തിയ കേസില്‍ മുന്‍ മന്ത്രിമാരടക്കം 19 പേര്‍ക്ക് വധശിക്ഷ
World News
ഷെയ്ഖ് ഹസീനയുടെ റാലിക്കുനേരെ ഗ്രനേഡാക്രമണം നടത്തിയ കേസില്‍ മുന്‍ മന്ത്രിമാരടക്കം 19 പേര്‍ക്ക് വധശിക്ഷ
ന്യൂസ് ഡെസ്‌ക്
Wednesday, 10th October 2018, 8:14 pm

ധാക്ക: 2004ല്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നടത്തിയ റാലിയിലേക്ക് ഗ്രനേഡ് ആക്രമണം നടത്തിയ കേസില്‍ രണ്ട് മുന്‍ മന്ത്രിമാരടക്കം 19 പേര്‍ക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രി ഖലീദ സിയയുടെ മകനുമായ താരിഖ് റഹ്മാന് മരണം വരെ ജയില്‍ ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്.

നീതി ഇപ്പോഴാണ് നടപ്പിലായതെന്ന വിധിക്ക് ശേഷം ജസ്റ്റിസ് ഷാഹിദ് നൂറുദ്ദീന്‍ പറഞ്ഞു. താരിഖ് റഹ്മാനും മരണ ശിക്ഷ അനിവാര്യമാണ്. ഇതിനായി മോല്‍ക്കോടതിയില്‍ പോകുമെന്ന് നിയമമന്ത്രി അനീസുല്‍ ഹഖ് പറഞ്ഞു. താരിഖ് നിലവില്‍ ലണ്ടനിലാണ്. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സ്ത്രീകള്‍ പതിനെട്ടാം പടി കയറട്ടെ, ശബരിമല സമരം അനാവശ്യം: ദേശീയ വനിതാ കമ്മീഷന്‍

2004ല്‍ ഗ്രനേഡ് ആക്രമണത്തില്‍ പ്രധാനമന്ത്രി ഹസീനയെ വധിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മുതിര്‍ന്ന ബി.എന്‍.പി. നേതാക്കള്‍, മുന്‍ ആഭ്യന്തരമന്ത്രി ലുറ്റ്ഫുസമാന്‍ ബാബര്‍, വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ സലാം പിന്തു, എന്നിവരെയാണ് വധശിക്ഷക്ക് വിധിച്ചത്. ധാക്കയിലെ പ്രത്യേക ട്രിബ്യൂണല്‍ കോടതിയാണ് വിധിപുറപ്പെടുവിച്ചത്.

വിധി രാഷ്ട്രീയ പ്രേരിതമാണ്. അതുകൊണ്ട് തന്നെ അപ്പീല്‍ പോകുമെന്ന് ബി.എന്‍.പി. പാര്‍ട്ടി സെക്രട്ടറി ജനറല്‍ ജനറല്‍ മിര്‍സ ഫക്‌റുല്‍ ഇസ്‌ലാം പറഞ്ഞു.

2004 ഓഗസ്റ്റ് 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത് അവാമി ലീഗ് നേതൃത്വം നല്‍കിയ റാലിയിലേക്ക് ഗ്രനേഡാക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ പാര്‍ട്ടി നേതാവ് ഇവി റഹ്മാനടക്കം 20 പേര്‍ മരിച്ചു. ഷെയ്ഖ് ഹസീന കഷ്ടിച്ചാണ് അന്നു രക്ഷപ്പെട്ടത്.