ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതി ചേര്‍ത്ത തസ്‌ലിമിന് മൂന്ന് വര്‍ഷത്തിന് ശേഷം ജാമ്യം
kERALA NEWS
ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതി ചേര്‍ത്ത തസ്‌ലിമിന് മൂന്ന് വര്‍ഷത്തിന് ശേഷം ജാമ്യം
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 8:37 am

കോഴിക്കോട്: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട  സഹോദരനെ സഹായിച്ചു എന്നാരോപിച്ച്   ജയിലിലടച്ച കണ്ണൂര്‍ സ്വദേശി തസ്‌ലിമിന് ജാമ്യം. കാക്കനാട് ജില്ലാ ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന കണ്ണൂര്‍ സിറ്റി സ്വദേശി തസ്‌ലിം ഹൈക്കോടതി നല്‍കിയ ജാമ്യത്തെ തുടര്‍ന്നാണ് മൂന്ന് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായത്.

യു.എ.പി.എ ചുമത്തി ജയിലിലടച്ച തസ്‌ലിമിന്റെ കേസില്‍ 3 വര്‍ഷമായിട്ടും വിചാരണ പോലും ആരംഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ജാമ്യം നല്‍കിയത്. ബാംഗ്ലൂര്‍ സ്‌ഫോടനകേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് തസ്‌ലീമിനെ വിചാരണ തടവില്‍ വെച്ചത്. 2015 നവംബര്‍ 16 നാണ് തസ്‌ലിമിനെ ജോലി ചെയ്യുന്ന കണ്ണൂരിലെ വര്‍ക്ക്ഷോപ്പില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.


Read Also : റാഫേലില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നു; കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം


ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ 6 വര്‍ഷത്തിലധികമായി വിചാരണ തടവില്‍ കഴിയുന്ന ശറഫുദ്ധീന്റെ സഹോദരനാണ് തസ്‌ലിം. സ്ഫോടനത്തിനാവശ്യമായ വസ്തുകള്‍ താന്‍ ഓടിക്കുന്ന ഗുഡ്സ് വണ്ടിയില്‍ കടത്താന്‍ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും പന്ത്രണ്ടാം പ്രതി അബ്ദുല്‍ റഹീമിനെയും സഹായിച്ചു എന്നതായിരുന്നു ഷറഫുദ്ദീന്റെ പേരിലുള്ള കേസ്.

യു.എ.പി.എ ചുമത്തി വിചാരണ തടവുകാരനായി തസ്‌ലിമിനെ അന്യായമായി ജയില്‍ പാര്‍പ്പിച്ചിരുക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.