എഡിറ്റര്‍
എഡിറ്റര്‍
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; നേതാക്കള്‍ക്കെതിരെ ദേശദ്രോഹകുറ്റത്തിന് കേസെടുക്കണമെന്നും വിശ്വഹിന്ദു പരിഷത്ത്
എഡിറ്റര്‍
Thursday 2nd November 2017 9:45am

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനേയും സഹോദര സംഘടനകളേയും നിരോധിച്ച് നേതാക്കള്‍ക്കെതിരെ ദേശദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.

അന്യമതസ്ഥരായ പെണ്‍കുട്ടികളെ കുടുംബങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന കേസുകള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെയുണ്ട്. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസുകള്‍ മരവിപ്പിക്കുകയായിരുന്നുവെന്ന് വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍ കുമാര്‍ പറഞ്ഞു.

അനധികൃത മതമാറ്റം നടത്തുന്ന മഞ്ചേരിയിലെ സത്യസരണി ഉടന്‍ അടച്ചുപൂട്ടണമെന്നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ആര്‍.വി ബാബു ആവശ്യപ്പെട്ടു.

ഇന്ത്യ ടുഡെയുടെ സ്റ്റിങ് ഒപ്പറേഷനിലായിരുന്നു മതപരിവര്‍ത്തനം നടത്താറുണ്ടെന്നും ഹവാല പണം കൈപറ്റാറുണ്ടെന്നുമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ വിമണ്‍സ് വിഭാഗമായ വിമണ്‍സ് ഫ്രണ്ട് അദ്ധ്യക്ഷ എഎസ് സൈനബ, പിഎഫ്ഐ സ്ഥാപക നേതാവും തേജസ് ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷെരീഫ് എന്നിവരാണ് മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ നടത്താറുണ്ടെന്നും ഹവാല പണം കൈപ്പറ്റാറുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.

വെളിപ്പെടുത്തലിന്റെ വീഡിയോ ദൃശ്യം ഇന്ത്യ ടുഡെ പുറത്തുവിട്ടിരുന്നു. ആദ്യം ഇന്ത്യയിലും പിന്നീട് ലോകം മുഴുവനും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഹമ്മദ് ഷരീഫ് പറയുന്നത് വീഡിയോയില്‍ കാണാം.

തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മതപരിവര്‍ത്തന കേന്ദ്രങ്ങളെ ചാരിറ്റബിള്‍ സ്ഥാപനമെന്നോ വിദ്യാഭ്യാസ കേന്ദ്രമെന്നോ ആണ് വിളിക്കാറുളളതെന്ന്് വനിതാ നേതാവ് സൈനബ വെളിപ്പെടുത്തുന്നതും വിഡിയോവിലുണ്ട്.

മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സത്യസരണിയെ അത്തരം സ്ഥാനപനമായാണ് വിളിക്കാറുളളതെന്നും സൈനബ പറയുന്നു. മതം മാറുന്നവര്‍ അവിടെ താമസിച്ചു മതം മാറുകയും അല്ലേ ചെയ്യുന്നതെന്ന് ചോദ്യത്തിനും സൈനബെ അതെ എന്നാണ് മറുപടി നല്‍കുന്നത്.

എന്നാല്‍ ഇന്ത്യാ ടുഡേ സ്റ്റിങ് ഓപ്പറേഷന്റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട ആരോപണങ്ങള്‍ തള്ളി തേജസ് അസോസിയേറ്റ് എഡിറ്റര്‍ അഹമ്മദ് ഷെരീഫ് രംഗതെത്തിയിരുന്നു.

ഒന്നരമാസം മുമ്പ് ദല്‍ഹിയിലെ ഒരു ഹോട്ടലില്‍ സുഹൃത്തുമായി നടത്തിയ സംഭാഷണം എടുത്ത് പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച്
ചോദ്യങ്ങള്‍ ഫിറ്റ് ചെയ്തു സൃഷ്ടിച്ച കെട്ടുകഥയാണ് ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ടെന്നാണ് അഹമ്മദ് ഷെരീഫ് അവകാശപ്പെടുന്നത്.

പ്രവാസികള്‍ വീട്ടിലേക്ക് പണം അയക്കുന്നതുമായി ബന്ധപ്പെട്ടും ആഗോള ഇസ്ലാമിക നവോത്ഥാനത്തെക്കുറിച്ചും താന്‍ പറഞ്ഞ കാര്യങ്ങള്‍ എടുത്ത് തെറ്റായ ചോദ്യങ്ങള്‍ ഫിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നാണ് അഹമ്മദ് ഷെരീഫ് ഫേസ്ബുക്കിലൂടെ നല്‍കുന്ന വിശദീകരണം.

Advertisement