Administrator
Administrator
പിള്ളയുടെ പരോള്‍: ഒരു നിയമം, രണ്ടു നീതി
Administrator
Saturday 27th August 2011 5:58pm

ഇടമലയാര്‍ കേസില്‍ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ മന്ത്രി ബാലകൃഷ്ണപ്പിള്ള ഇപ്പോള്‍ തിരുവനന്തപുരത്തെ ഫൈവ്സ്റ്റാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഭരണകൂട സ്വാധീനത്താല്‍ അട്ടിമറിക്കപ്പെടുന്നാണ് ബാലകൃഷ്ണപ്പിള്ളയുടെ കാര്യത്തില്‍ കണ്ടത്.

അഴിമതിക്കേസില്‍ 20 വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബാലകൃഷ്ണപ്പിള്ള തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടത്. രാജ്യത്ത് ഇത്തരത്തില്‍ ഒരു മന്ത്രി ശിക്ഷിക്കപ്പെടുന്നതും ആദ്യമായായിരുന്നു. രാജ്യത്ത് തുല്യനീതി ഉറപ്പ് തരുന്ന ഭരണഘടനയുടെ പ്രാഥമിക തത്വങ്ങളെ കാറ്റില്‍പ്പറത്തിയാണ് ഒരു കുറ്റവാളിയെ ഇത്തരത്തില്‍ സ്വതന്ത്രമായി നടക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ്. പിള്ളയുടെ പരോള്‍: ഒരു നിയമം, രണ്ടു നീതി

പരോള്‍ ഭരണഘടനാ വിരുദ്ധം

സി.കെ.ചന്ദ്രപ്പന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി

ഇടമലയാര്‍ കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള ഇപ്പോള്‍ കിംസില്‍ ചികിത്സയിലാണ്. ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ മുഖ്യമന്തി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. നിഷ്പക്ഷമായും, ഇഷ്ടാനിഷ്ടങ്ങല്‍ മാറ്റിവെച്ചും തീരുമാനങ്ങള്‍ എടുക്കുമെന്ന് സത്യപ്രതിജ്ഞ ചെയാതാണ് മുഖ്യമന്ത്രി അധികാരത്തിലേറിയത്. എന്നാല്‍ പിള്ളയുടെ കാര്യത്തില്‍ ഇക്കാര്യങ്ങളൊക്കെ തീര്‍ത്തും അവഗണിച്ച മുഖ്യമന്തി, പിള്ളക്ക് ജയിലിന് പുറത്തേക്ക് വഴിയൊരുക്കി കൊടുക്കുകയായിരുന്നു.

സുപ്രീം കോടതി ശിക്ഷിച്ച ഒരു വ്യക്തിക്കാണ് അധികാര ദുര്‍വ്വിനിയോഗം നടത്തി മുഖ്യമന്ത്രി പ്രത്യേകം പരോളനുവധിച്ചത്. വിധിക്കെതിരെ പോകാവുന്നതും കൊടുക്കാവുന്നതുമായ എല്ലാ അപ്പീലുകളും പിള്ള നല്‍കിയിരുന്നു. എല്ലാം റിജക്ട് ചെയ്യപ്പെടുകയാണുണ്ടായത്. ആ പിള്ളക്കാണ് രാക്ഷ്ട്രീയ സ്വാധീന ഫലമായി ഭരണഘടനാ വിരുദ്ധമായി മുഖ്യമന്ത്രി പരോളനുവധിച്ചത്. ഇത് തീര്‍ത്തും തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും.

ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്ന നടപടി

മഹേഷ് മോഹന്‍, ദല്‍ഹിയിലെ വിദ്യാര്‍ത്ഥി (ബാലകൃഷ്ണപ്പിള്ളക്ക് പരോള്‍ അനുവദിച്ചതിനെതിരെ വക്കീല്‍ നോട്ടസ് അയച്ച വ്യക്തി)

രാജ്യത്തെ മുഴുവന്‍ നീതിന്യായ സംവിധാനങ്ങളെയും കൊഞ്ഞനം കുത്തുന്ന തരത്തിലാണ് ബാലകൃഷ്ണപ്പിള്ളക്ക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. അഴിമതിക്കേസില്‍ 20 വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബാലകൃഷ്ണപ്പിള്ളയെ ജലിയിലടച്ചത്. ഇന്ത്യന്‍ ജൂഡീഷ്യറിയിലെ അപൂര്‍വ്വമായ സംഭവവികാസമായിരുന്നു ഇത്. 190 ദിവസമാണ് ബാലകൃഷ്ണപ്പിള്ളക്ക് തടവ് ശിക്ഷിച്ചത്. ഇതില്‍ 75 ദിവസവും പുറത്ത് കഴിയാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുത്തിരിക്കുന്നത്. ഇതില്‍ 21 ദിവസം ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലിലാണ് കഴിയുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെയും ജുഡീഷ്യറിയെയും കൊഞ്ഞനം കുത്തുന്ന നടപടിയായിപ്പോയി ഇത്. ഇന്ത്യയിലെ പാവപ്പെട്ടവന് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ ഇത് നഷ്ടപ്പെടുത്തും.

ഇന്ന് കല്‍മാഡിയും എ രാജയും ജലിലില്‍ കിടക്കുകയാണ്. ഇവര്‍ നാളെ ഇതുപോലെ പുറത്തിറങ്ങി നടന്നാല്‍ ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതിന് തുല്യമായിരിക്കുമിത്. 121 കോടി ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം ഇത് നഷ്ടപ്പെടുത്തും. ഇതിനെതിരെ കോടതി തന്നെ സ്വന്തം നിലയില്‍ നടപടിയെടുക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.

ഏത് കേസില്‍ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടയാള്‍ക്കും പരമാവധി 45 ദിവസമാണ് പരോള്‍ അനുവദിക്കാറുള്ളത്. അതു തന്നെ ഒറു നിബന്ധനയുമില്ലാതെ ആര്‍ക്കും അനുവദിക്കുകയില്ല. ഒരു നിബന്ധനയുമില്ലാതെ 45 ദിവസം പരോള്‍ അനുവദിച്ചതിന് പുറമെ 30 ദിവസം കൂടി വീണ്ടും എമര്‍ജന്‍സിയായി നല്‍കുന്നു. കേരള പ്രിസണ്‍ റൂള്‍സനി വിരുദ്ധമാണിത്. ഭരണതലത്തിലുള്ള സ്വാധീനം ഉപയോഗിച്ചാണ് ഇത്തരത്തില്‍ അനധികൃതമായി പരോള്‍ നേടുന്നത്. ഇതിനെതിരെ ആരെങ്കിലുമൊക്കെ പ്രതികരിച്ചേ മതിയാവൂ.

എ ക്ലാസ് സൗകര്യം ജയിലില്‍ ആര്‍ക്കും നല്‍കരുതെന്ന് കേരള പ്രിസണ്‍ റൂള്‍സ് പറയുന്നുണ്ട്. എന്നാല്‍ ബാലകൃഷ്ണപ്പിള്ളക്ക് വീട്ടില്‍ നിന്നുള്ള ഭക്ഷണം, കട്ടില്‍, എര്‍കൂളര്‍, കൊതുകുവല എന്നിവയെല്ലാം നല്‍കുന്നു. അദ്ദേഹത്തിന്റെ പ്രായവും മറ്റും പരിഗണിച്ച് അത് നമുക്ക് സമ്മതിച്ചുകൊടുക്കാം. എന്നാല്‍ പേഴ്‌സണല്‍ മൊബൈല്‍ നമ്പര്‍ ജയിലില്‍ ഉപയോഗിക്കാന്‍ കഴിയുന്നുവെന്നത് ഏറെ ഗൗരവതരമാണ്. നാളെ ജയിലില്‍ കിടക്കുന്നവരെല്ലാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന അവസ്ഥയുണ്ടാകും. അവര്‍ക്ക് നെറ്റ് കണക്ഷനും ലാപ്‌ടോപ്പും അനുവദിക്കേണ്ടി വരും. അങ്ങിനെയെങ്കില്‍ ജയില്‍ ശിക്ഷ കൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലാതാവും.

അദ്ദേഹത്തെ ആശുപത്രിയിലയക്കാന്‍ വേണ്ടി മുഖ്യമന്ത്രി നല്‍കിയ ഉത്തരവ് സത്യപ്രതിജ്ഞാ ലംഘനമാണ്. ആരോടും പക്ഷപാതപരമായി പെരുമാറില്ലെന്ന് പ്രതിജ്ഞ ചെയ്താണ് ഇവര്‍ അധികാരത്തില്‍ കയറുന്നത്. അതാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെയും കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകും.

അഴിമതി പോലുള്ള ഗുരുതരമായ കേസുകളില്‍ ഒരു കാരണവശാലും സംസ്ഥാന സര്‍ക്കാറോ കേരള സര്‍ക്കാറോ ഇടപെട്ട് മുന്‍കൂറായി വിട്ടയക്കുകയോ ഇത്തരത്തില്‍ ഒരു മാനദണ്ഡവുമില്ലാതെ പരോള്‍ അനുവദിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാവാന്‍ പാടില്ല. ഇക്കാര്യവും കോടതിയില്‍ ഉന്നയിക്കും.

നിയമവ്യവസ്ഥയുടെ ലംഘനം

ഷുഹൈബ് എലത്തൂര്‍, അഭിഭാഷകന്‍

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ സ്വീകരിച്ച നടപടി നിയമവ്യവസ്ഥയുടെ പ്രത്യക്ഷ ലംഘനമാണ്. വര്‍ഷം 45 ദിവസത്തെ പരോള്‍ എന്നത് ലംഘിച്ച് അദ്ദേഹത്തിന് 30ദിവസത്തെ അധിക പരോള്‍ അനുവദിച്ചു. കോടതി ശിക്ഷിച്ച് ഒരു പ്രതിക്ക് പരോള്‍ നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അതിന് തക്കതായ കാരണം വേണം. ഇവിടെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ 45 ദിവസത്തെ പരോള്‍ അനുവദിച്ചു, അതിനുശേഷം എമര്‍ജന്‍സിയെന്നും പറഞ്ഞ് 30 ദിവസത്തെ പരോളും നല്‍കി. പരോള്‍ നല്‍കണമെങ്കില്‍ പോലീസിന്റെ അനുമതി വേണം. സര്‍ക്കാര്‍ പിള്ളയ്ക്ക് അനുകൂലമായതിനാല്‍ സര്‍ക്കാര്‍ സംവിധാനം എന്ന നിലയില്‍ പോലീസും പിള്ളയെ അനുകൂലിക്കുമെന്നത് ഉറപ്പാണ്.

ഇതിനൊക്കെ ചികിത്സയ്‌ക്കെന്നും പറഞ്ഞ് ഇപ്പോള്‍ ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് അദ്ദേഹത്തിന് ചട്ടം ലംഘിച്ച് പരോള്‍ അനുവദിച്ചത്. സര്‍ക്കാരില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ള സ്വാധീനം ഒന്നുമാത്രമാണ് ഇതിന് സഹായകമായത്.

മുമ്പ് അബ്ദുള്‍നാസര്‍ മഅദനിയുടെ ബന്ധുമരിച്ചപ്പോള്‍ അദ്ദേഹം പരോളിന് ആവശ്യപ്പെട്ടിരുന്നു. മഅദനി പുറത്തിറങ്ങിയിലാല്‍ വലിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നൊക്കെ പറഞ്ഞ് അദ്ദേഹത്തിന് പരോള്‍ നിഷേധിക്കുകയാണ് അന്നത്തെ സര്‍ക്കാര്‍ ചെയ്തത്.

കോടതി ശിക്ഷിച്ച ആളെ ഇത്തരത്തില്‍ സഹായിച്ച സര്‍ക്കാര്‍ കോടതിവിധി ലംഘിച്ചിരിക്കുകയാണ്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചിരിക്കുകയാണ്. ഇതിനൊക്കെ പുറമെ വിവിധ കേസുകളിലായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന മറ്റ് തടവുകാരോട് കാണിക്കുന്ന നീതികേടാണിത്. പരോള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും അത് ലഭിക്കാതെ ശിക്ഷ അനുഭവിക്കുന്നവരെ കളിയാക്കുന്നതാണ് ബാലകൃഷ്ണപിള്ളയുടെ പരോള്‍.

എല്ലാവരും സമന്മാരാണ്, ആരോടും വകതിരിവ് കാണിക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്താണ് മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്നത്. ഈ മുഖ്യമന്ത്രി ബാലകൃഷ്ണപിള്ളയ്ക്ക് പ്രത്യേക പരിഗണന നല്‍കിയത് സത്യപ്രതിജ്ഞാ ലംഘനമാണ്.

ഇക്കാര്യങ്ങള്‍ കോടതിയിലും നിയമവ്യവസ്ഥയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നശിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഏറ്റവും അവസാനത്തെ അത്താണി എന്ന നിലയില്‍ തന്നെയാണ് കോടതികളെ ജനങ്ങള്‍ സമീപിക്കുന്നത്. ഇതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായി എന്നുകരുതി അതില്‍ മാറ്റമുണ്ടാവില്ല. ഭരണകൂടത്തിന്റെ താല്‍പര്യമാണ് കോടതി വിധികളെ വഴി തിരിച്ചുവിടുന്നത്. ഈ കേസിന്റെ കാര്യത്തിലായാലും സ്വാശ്രയം പോലുള്ള വിഷയങ്ങളിലായാലും സര്‍ക്കാരിന്റെ നിഷിപ്തതാല്‍പര്യമാണ് കോടതിയെ വഴിതെറ്റിച്ചത്.

വിഷയം വിവാദമാക്കേണ്ട

എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ

കേരളത്തിലങ്ങോളമിങ്ങോളം പ്രത്യേകിച്ചും കണ്ണൂരിലെ സെന്‍ട്രല്‍ ജയിലില്‍ കിടന്നിരുന്ന നിരവധി കൊടും ഭീകരരായ ക്രിമിനലുകളെ കൊടിയേരി ബാലകൃഷ്ണന്‍ അഭ്യന്തരമന്ത്രിയിരുന്നപ്പോള്‍ നിര്‍ലോഭം തുറന്ന് വിട്ടിരുന്നു. അക്കൂട്ടത്തില്‍ പിഞ്ച് കുട്ടികളുടെ കണ്‍മുന്നില്‍ വച്ച് അവരുടെ അദ്ധ്യാപകരെ നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തിയ നരാധമന്‍മാരുമുണ്ടായിരുന്നു. ലക്കും ലഗാനുമില്ലാതെ പാര്‍ട്ടി അനുഭാവികളായ സകല കൊടും ക്രിമിനലുകള്‍ക്കും പരോള്‍ കൊടുക്കുകയാണ് അന്നത്തെ ഗവണ്‍മെന്റ് ചെയ്തത്. അന്നൊക്കെ ഒന്നും മിണ്ടാതിരുന്നവരാണിന്ന് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും പറഞ്ഞ് മുറവിളി കൂട്ടുന്നത്.

വയോവൃദ്ധനും ,ശാരീരികമായി ഒരുപാട് അവശതകള്‍ അനുഭവിക്കുകയും , സര്‍വ്വോപരി മാരകരോഗം പിടിപെട്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്ത ബാലകൃഷ്ണപിള്ളക്ക് പരോള്‍ അനുവദിച്ചതില്‍ ഒരു തെറ്റുമില്ല. ഒരു സത്യപ്രതിജ്ഞാ ലംഘനവുമില്ല. ഇടമലയാര്‍ കേസില്‍ തീര്‍ത്തും നിരപരാധിയായ ബാലകൃഷ്ണപിള്ളയെ പരോള്‍ അനുവദിച്ച വിഷയം ഇനിയും പോക്കിയെടുത്ത് വിവാദമാക്കേണ്ട യാതൊരു ആവശ്യവുമില്ല. തികച്ചും സാങ്കേതികമായ കാരണങ്ങള്‍ കൊണ്ട് മാത്രമാണ് ്പിള്ള ശിക്ഷിക്കപ്പെട്ടത്. ഇനിയെങ്കിലും ശവത്തില്‍ കുത്താതെ അദ്ദേഹത്തെ വെറുതെ വിട്ട് കൂടേ

Advertisement