സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി
national news
സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th September 2022, 7:26 am

ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജമ്യഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ച് കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കാപ്പന് ഇനി ജാമ്യം ലഭിക്കാനുള്ളത്. ലഖ്‌നൗ ജില്ലാ കോടതിയാണ് കാപ്പന്റെ ജാമ്യ ഹരജി പരിഗണിക്കുന്നത്.

യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കാപ്പനെ ജയിലിലടച്ചത്. ഈ കേസില്‍ കോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു.

ജഡ്ജി അവധിയായതിനെ തുടര്‍ന്നാണ് ഇ.ഡി കേസില്‍ കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഒക്ടോബര്‍ പത്തിന് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇ.ഡി കേസ് നിലനില്‍ക്കുന്നതിനാല്‍ കാപ്പന്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഏറെ കാലം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കാപ്പന് അടുത്തിടെയാണ് യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ചത്. യു.എ.പി.എ കേസില്‍ ജാമ്യം ലഭിക്കണമെങ്കില്‍ രണ്ട് യു.പി സ്വദേശികളുടെ ആള്‍ജാമ്യം വേണമെന്ന് കോടതി വ്യവസ്ഥ വെച്ചിരുന്നു. വിധി വന്നതിന് പിന്നാലെ സാമൂഹിക പ്രവര്‍ത്തകയും ലഖ്‌നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ രൂപ്‌രേഖ വര്‍മ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിരുന്നു. റിഹായി മഞ്ച് എന്ന സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് റിയാസുദ്ധീന്‍ എന്ന വ്യക്തിയും കാപ്പന്റെ ജാമ്യത്തിന് വേണ്ടി എത്തിയിരുന്നു.

ഇരുട്ടുമൂടിയ ഈ കാലത്ത് ഒരാള്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റിയ ഏറ്റവും ചെറിയ കാര്യമാണിതെന്നാണ് രൂപ്രേഖ വര്‍മ കാപ്പന്റെ അഭിഭാഷകന്‍ കെ.എസ്. മുഹമ്മദ് ദാനിഷിനോട് പറഞ്ഞത്.

2020 ഒക്ടോബര്‍ അഞ്ചിനാണ് യു.പിയിലെ ഹാത്രാസില്‍ നിന്നും പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പിന്നീട്, കലാപമുണ്ടാക്കാന്‍ വേണ്ടിയാണ് കാപ്പന്‍ സ്ഥലത്തെത്തിയതെന്ന് ആരോപിച്ച യു.പി പൊലീസ് സിദ്ദിഖ് കാപ്പനെതിരെ യു.എ.പി.എയടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു.

അന്ന് മുതല്‍ തന്നെ കാപ്പന്റെ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും യു.പിയിലെ കോടതികള്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. മഥുര കോടതിയിലും അലഹബാദ് കോടതിയിലെ ലഖ്‌നൗ ബെഞ്ചുമായിരുന്നു ജാമ്യം നിഷേധിച്ചിരുന്നത്. തുടര്‍ന്നാണ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlight: Bail plea hearong of siddique appan in ED case extended