എഡിറ്റര്‍
എഡിറ്റര്‍
വര്‍ഗീയത പരത്തുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവം; ബി.ജെ.പി ഐ.ടി സെല്‍ സെക്രട്ടറിക്ക് ജാമ്യമില്ല
എഡിറ്റര്‍
Wednesday 23rd August 2017 4:01pm


കൊല്‍ക്കത്ത: വര്‍ഗീയത പരത്തുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച കേസില്‍ ബി.ജെ.പി ഐ.ടി സെല്‍ സെക്രട്ടറി തരുണ്‍സെന്‍ ഗുപ്തയുടെ ജാമ്യാപേക്ഷ ബംഗാളിലെ ബീര്‍ഭൂം ജില്ലാകോടതി വീണ്ടും തള്ളി. നേരത്തെ ആഗസ്റ്റ് മൂന്നിനും ഇയാളുടെ ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയിരുന്നു.

മുസ്‌ലിം പൊലീസുകാരന്‍ ഹിന്ദു യുവാവിനെ അടിക്കുന്നതായുള്ള വ്യാജവീഡിയോയാണ് ഇയാള്‍ പ്രചരിപ്പിച്ചത്. രണ്ട് മുസ്‌ലിം ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറയുന്ന വീഡിയോയില്‍ ഇവര്‍ ഹിന്ദുക്കളെ മനപൂര്‍വ്വം വേട്ടയാടുകയാണെന്നും ആരോപിച്ചിരുന്നു.

‘ബീര്‍ഭും പാകിസ്ഥാനോ അതോ ബംഗ്ലാദേശോ ? എസ്.പി നിഷാത് പര്‍വേസ്, എ.ഡി.എസ്.പി ഹര്‍ഹൈ അബ്ബാസ് എന്നിവര്‍ ഹനുമാന്‍ ഭക്തര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയത് തങ്ങളുടെ മതപരമായ കര്‍ത്തവ്യങ്ങളുടെ ഭാഗമായാണ്. ബീര്‍ഭൂം അടുത്ത ബംഗ്ലാദേശാണ്’

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രവും വീഡിയോയ്‌ക്കൊപ്പം ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. 2017 ജൂലൈ 12 നാണ് സെന്‍ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നത്.

ബദുരിയ, ബഷീര്‍ഹത് എന്നിവിടങ്ങളില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് സെന്‍ഗുപ്തയും അറസ്റ്റിലാകുന്നത്.

തരുണ്‍സെന്‍ ഗുപ്ത തങ്ങളുടെ ഐ.ടി വിഭാഗം കണ്‍വീനറാണെന്ന് ബി.ജെ.പിയും സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement