എഡിറ്റര്‍
എഡിറ്റര്‍
‘അമ്മ തന്നെക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നതിനോട് വല്യച്ഛനു അസൂയയായിരുന്നു’ : വല്യച്ഛന്‍ തലയറുത്ത് കൊലപ്പെടുത്തിയ അമ്മയെകുറിച്ച് പതിനേഴുകാരി
എഡിറ്റര്‍
Tuesday 29th August 2017 10:42pm

ന്യുദല്‍ഹി : പതിനേഴ് വയസ്സുകാരി സഞ്ചനയെ പോലീസുകാര്‍ ആ വിവരമറിയിച്ചു. രോഹിണി സെക്ടര്‍ 24 ലെ ഒരു പാര്‍ക്കില്‍ കൈയ്യും തലയും വേര്‍പ്പെട്ട് തിരിച്ചറിയാനാവാതെ കിടക്കുന്ന ആ ശരീരം തന്റെ അമ്മ കലാവതിയുടേതാണെന്ന് അവര്‍ വേദനയോടെ പോലീസുകാരെ അറിയിച്ചു. കയ്യിലുള്ള പൂവിന്റെ രൂപത്തിലുള്ള ടാറ്റൂവാണ് സഞ്ചനയ്ക്ക് അമ്മയെ തിരിച്ചറിയാനുണ്ടായിരുന്ന ഏക അടയാളം. ഭര്‍തൃസഹോദരനായ രാമാ ശങ്കറാണ് കലാവതിയെ തലറുത്ത് കൊലപ്പെടുത്തി ശരീരം തുണ്ടം തുണ്ടമാക്കി പാര്‍ക്കില്‍ ഉപേക്ഷിച്ചത്.

വെള്ളിയാഴ്ച്ചയാണ് സംഭവം. പതിവ് പോലെ പണിക്ക് പോയ കലാവതി രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് പിറ്റേ ദിവസം രാവിലെ കലാവതിയുടെ ഭര്‍ത്താവ് ഫുഗിലാല്‍ മിസിംഗ് കേസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഉച്ചയായപ്പോള്‍ ഫുഗിലാലിന്റെ മൂത്ത സഹോദരന്‍ രാമാ ശങ്കര്‍ പോലീസിനു കീഴടങ്ങുകയായിരുന്നു. പിന്നീടാണ് പാര്‍ക്കില്‍ നിന്ന് കലാവതിയുടെ ശരീരം കണ്ടെത്തിയത് .

കലാവതിയും ഭര്‍ത്താവും പ്രണയവിവാഹമായിരുന്നു. തുടര്‍ന്ന് രണ്ട് കൊല്ലം മുമ്പാണ് ഇരുവരും അലഹബാദില്‍ നിന്നും ദല്‍ഹിയിലെത്തിയത്. കലാവതി ഒരു നിര്‍മ്മാണകമ്പനിയില്‍ പണിയെടുക്കുകയായിരുന്നു. കുട്ടികളുടെ പഠനകാര്യത്തിലും മറ്റും സാമ്പത്തികമായി മുന്നോക്കാവാസ്ഥയിലായിരുന്നു കലാവതി. കലാവതിയുടെ ജീവിതത്തോടുള്ള ഈ സ്വതന്ത്രമായ കാഴ്ച്ചപ്പാടാണ് രാമാ ശങ്കറില്‍ വിരോധമുണ്ടാക്കിയത്. ഇയാള്‍ നിരന്തരമായി ശല്യം ചെയ്തിരുന്നതായി കലാവതിയുടെ മൂത്ത മകള്‍ സഞ്ചന മൊഴി കൊടുത്തതായും പോലീസ് പറഞ്ഞു.


Also Read:  ‘ആരാ ഈ പറയുന്നത്…’; റാം റഹീം അകത്തായതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ശ്രീ ശ്രീ രവിശങ്കറിന്റെ പോസ്റ്റില്‍ ഹരിതട്രിബ്യൂണലിന്റെ പിഴയോര്‍മ്മപ്പെടുത്തി സോഷ്യല്‍ മീഡിയ 


കാര്യങ്ങളെല്ലാം നല്ല രീതിയില്‍ പോയികൊണ്ടിരിക്കുമ്പോഴാണ് വല്ല്യച്ഛന്‍ ജീവിതത്തില്‍ കടന്നുവന്ന് അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കിയത്. വല്ല്യച്ഛനു ഞങ്ങളുടെ കുടുംബത്തോട് അസൂയയായിരുന്നു. ഞങ്ങളുടെ കുടുംബം അയാളേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നത് വല്ല്യച്ഛനു ഇഷ്ടമല്ലായിരുന്നു. അദ്ദേഹം ഒരു ലക്ഷം രൂപ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. കൊടുക്കില്ല എന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി . അമ്മ വല്ലാതെ പേടിക്കുകയും കരയുകയും ചെയ്തു.

പക്ഷെ പിന്നേയും പണിയ്ക്ക് പോയ അമ്മ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കണ്ട എന്ന് കരുതി ഈ കാര്യങ്ങളൊന്നും അച്ഛനോട് പറഞ്ഞിരുന്നില്ല. സഞ്ചന പറഞ്ഞു. അമ്മ വല്ലാതെ പേടിച്ചിരുന്നു അയാള്‍ പലപ്പോഴും അമ്മയെ ഉപദ്രവിച്ചിരുന്നു. അമ്മ വിഷമങ്ങള്‍ പറയാറുള്ളത് എന്നോടായിരുന്നു. ഞങ്ങള്‍ കൂടെയുള്ളപ്പോള്‍ വല്ല്യച്ഛനു അമ്മയെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞു ഞാന്‍ സമാധാനിപ്പിക്കാറുണ്ടായിരുന്നു. സഞ്ചന വിതുമ്പി.

കലാവതിയുടെ ഭര്‍ത്താവ് ഫുഗിലാല്‍ (33) റിക്ഷാ ഡ്രൈവറാണ്. സഞ്ചനയ്ക്ക് പുറമെ മന്നു(15), സരിത(12), അര്‍മാന്‍(10) എന്നിവരാണ് കലാവതിയുടേയും ഫുഗിലാലിന്റെയും മക്കള്‍

Advertisement