എഡിറ്റര്‍
എഡിറ്റര്‍
പിന്നോക്ക വിഭാഗങ്ങളിലെ സംവരണത്തിനുള്ള വരുമാന പരിധി ഉയര്‍ത്തും
എഡിറ്റര്‍
Saturday 16th March 2013 10:04am

ന്യൂദല്‍ഹി: പിന്നോക്ക വിഭാഗങ്ങളിലെ സംവരണത്തിനുള്ള വരുമാന പരിധി ഉയര്‍ത്തും. സംവരണത്തിന്റെ മേല്‍ത്തട്ട് പരിധി നാലര ലക്ഷത്തില്‍ നിന്നും ആറു ലക്ഷമാക്കിയാണ് ഉയര്‍ത്തുന്നത്.

Ads By Google

കേന്ദ്രമന്ത്രിസഭാ ഉപസമിതിയുടേതാണ് തീരുമാനം. ധനമന്ത്രി പി ചിദംബരം അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട മന്ത്രിമാരുടെ എതിര്‍പ്പ് മറികടന്നാണ് സമിതി മേല്‍ത്തട്ട് പരിധി ഉയര്‍ത്തിയത്.

സമിതിയുടെ ശുപാര്‍ശ പരിഗണിച്ച് കേന്ദ്രമന്ത്രിസഭയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.  നഗര-ഗ്രാമ വ്യത്യാസമില്ലാതെ വരുമാന പരിധി ആറുലക്ഷമാക്കുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ജൂണില്‍ സാമൂഹ്യക്ഷേമ വകുപ്പ് മേല്‍ത്തട്ട് പരിധി ഉയര്‍ത്തണമെന്ന് കാണിച്ച്  കേന്ദ്ര മന്ത്രിസഭക്ക് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ കടുത്ത ഭിന്നത രൂപപ്പെട്ടതിനെ തുടര്‍ന്ന് ഉപസമിതിയെ നിയോഗിക്കുകയായിരുന്നു.

ഗ്രാമങ്ങളില്‍ വരുമാന പരിധി ഒന്‍പതു ലക്ഷവും നഗരങ്ങളില്‍ അതു 12 ലക്ഷവും ആക്കണമെന്ന് പിന്നാക്ക വിഭാഗ കമ്മിഷന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇത് മന്ത്രിസഭാ ഉപസമിതി തള്ളുകയായിരുന്നു.

വയലാര്‍ രവി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ മേല്‍ത്തട്ട് പരിധി ആറു ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ത്തണമെന്ന നിലപാടാണ് കൈക്കൊണ്ടത്. സംവരണത്തിനുള്ള വരുമാന പരിധി ഉയര്‍ത്തിയത് തൊഴില്‍, വിദ്യാഭ്യാസ മേഖലയിലെ സംവരണത്തെ ബാധിക്കുമെന്ന് ഉറപ്പാണ്.

2008ലാണ് സംവരണ പരിധി 4.5 ലക്ഷമാക്കിയത്. നാലു വര്‍ഷം കൂടുമ്പോള്‍ സംവരണ പരിധി പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 1993ല്‍ ഒരു ലക്ഷവും 2004ല്‍ ഇത് 2.5 ലക്ഷവുമായിരുന്നു.

നഗരപ്രദേശങ്ങളില്‍ പരിധി 12 ലക്ഷവും ഗ്രാമ പ്രദേശങ്ങളില്‍ 9 ലക്ഷവുമാക്കണമെന്നാണ് പിന്നോക്ക സമുദായ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്.

അതേസമയം സംവരണ പരിധി ഉയര്‍ത്താനുള്ള മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശരന്‍ പ്രതികരിച്ചു.

പിന്നോക്ക സമുദായ കമ്മീഷനെ അവഹേളിക്കുന്ന നടപടിയാണ് ഉപസമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.  ഉപസമിതിയുടെ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement