എഡിറ്റര്‍
എഡിറ്റര്‍
എഴുത്തിന്റെ മധുരവും പൊള്ളലും
എഡിറ്റര്‍
Monday 3rd June 2013 8:11pm

വര്‍ത്തമാനകാലത്തെ രാഷ്ട്രീയവും സംസ്‌കാരവും ചരിത്രവുമാണ് ഈ കുറിപ്പുകളുടെ ആശയലോകം. നവീകരിക്കുകയും നമ്മളറിയുകയും അറിഞ്ഞുകൊണ്ടുതന്നെ അവഗണിക്കുകയും ചെയ്യുന്ന ഒരുപാട് സമസ്യകളാണ് ഈ കുറിപ്പുകളിലൂടെ നിര്‍ദ്ധാരണം ചെയ്യപ്പെടുന്നത്.മുഖ പുസ്തകത്തിലെ ഇടതകം എന്ന പുസ്തകത്തിന് ബാബുഭരദ്വാജ് എഴുതിയ അവതാരികidathakam-580-406

lineബുക്‌ന്യൂസ് /  ബാബുഭരദ്വാജ്
line

പുസ്തകം: മുഖ പുസ്തകത്തിലെ ഇടതകം
(ഒരു അജ്ഞാതന്റെ ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍)
എഴുത്തുകാരന്‍ : ഇങ്ക്വിലാബ് മക്കള്‍
വിഭാഗം:ഉപന്യാസങ്ങള്‍
പേജ്: 160
വില: 130 രൂപ
പ്രസാധകര്‍: ഡൂള്‍ ബുക്‌സ്, കോഴിക്കോട്.01
ഫോണ്‍: 0495 2360 370


babu-baradwajഒരു അജ്ഞാതന്റെ ഫെയ്‌സ്ബുക്ക് കുറിപ്പുകളാണ് ‘മുഖ പുസ്തകത്തിലെ ഇടതകം’ എന്ന പേരില്‍ ഇവിടെ സമാഹരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി ഇങ്ക്വിലാബ് മക്കള്‍ എന്ന പേരില്‍ ഈ അജ്ഞാതന്‍ പുതിയകാലത്തിലെ ബൃഹത്തായ സൈബര്‍ കൂട്ടായ്മയായ ഫേസ്ബുക്കിലൂടെ പൊതുസമൂഹവുമായി സംവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

Ads By Google

സംവേദനത്തിനും ആശയപ്രചാരണത്തിനും ആത്മസാക്ഷാത്ക്കാരത്തിനുമായി ഒരുപാടുപേര്‍ ഇത്തരം കൂട്ടായ്മയില്‍ ഇടപെടുന്നു. അതുവഴി സര്‍ഗ്ഗാത്മകതയുടെ ഒരു പുതിയ ലോകത്തിലേക്ക് അവര്‍ അവരേയും അതുവഴി മറ്റുള്ളവരേയും ആനയിച്ചുകൊണ്ടിരിക്കുന്നു.

”നൂറു പൂക്കള്‍ വിരിയട്ടെ എന്നും, നൂറു ചിന്തകള്‍ ഉണരട്ടെ”യെന്നുമുള്ള മാവോ വചനം സാര്‍ത്ഥകമാവുന്ന ചരിത്രത്തിന്റെ അസുലഭ നിമിഷങ്ങളാണ് അതുവഴി സംജാതമായിരിക്കുന്നത്.

തനിക്കെന്തോ പറയാനുണ്ടെന്നും വിനിമയം ചെയ്യാനുമുണ്ടെന്നും അതു കേള്‍ക്കാനും അതിനോടൊക്കെ വിയോജിക്കാനും കഴിയുന്ന ഒരു ചിന്താമണ്ഡലമാണ് സൈബര്‍ലോകം നമുക്കായി നില്‍കിയിരിക്കുന്നതെന്ന് തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ ആശയ സാക്ഷാത്കാരത്തിന്റെ ഈ നവീനരീതിയെ സര്‍ഗ്ഗാത്മകമായി സമീപിക്കാനാവുകയുള്ളൂ.

പറയാനുള്ള ക്ഷമയും അതിന് അത്യന്താപേക്ഷിതമാണ്. പരിഭ്രമിക്കാതെയും പരിഭവിക്കാതെയും ആശയങ്ങളുടെ ഈ പുതിയ വിസ്‌ഫോടനത്തെ സ്വീകരിക്കാനുള്ള ചങ്കുറപ്പും അത് കൈകാര്യം ചെയ്യുന്നവര്‍ക്ക് വേണം.

ക്ഷോഭിക്കുന്നതിന്റെ സര്‍ഗ്ഗാത്മക സൗന്ദര്യം  കാണാനും ആസ്വദിക്കാനുമുള്ള കഴിവും ഈ മേഖലയില്‍ ഇടപെടുന്നവര്‍ക്കുണ്ടാകണം. അതുകൊണ്ടുതന്നെയാണ് ഈ സൗഹൃദ കൂട്ടായ്മകളെ ഭരണവര്‍ഗ്ഗം ഭയപ്പെടുന്നതും തിരഞ്ഞെടുപ്പുകളെ ഈ പുതിയ സംഘശക്തി എങ്ങിനെ സ്വാധീനിക്കുമെന്ന ഗവേഷണത്തില്‍ മുഴുകാന്‍ അവരെ പ്രേരിതരാക്കുന്നതും. ഇതുവരെ നിശബ്ദരായിരുന്ന ഒരു വലിയ ജനക്കൂട്ടമാണ് ഇത്തരം കൂട്ടായ്മകളിലൂടെ ഇപ്പോള്‍ കൈകോര്‍ത്തിരിക്കുന്നത്.

പലപ്പോഴും പലതും പറയാനുണ്ടായിട്ടും പറയാന്‍ മിനക്കെടാതിരുന്ന പലരും മൗനത്തിന്റെ വാത്മീകത്തില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. തുറന്നുപറഞ്ഞിട്ടും അതൊന്നും കേള്‍ക്കാന്‍ ആളില്ലാത്ത അവസ്ഥ ഇപ്പോള്‍ മാറിയിരിക്കുന്നു.

അന്തരീക്ഷത്തില്‍ അലിഞ്ഞുതീരുന്ന ശബ്ദങ്ങളേക്കാള്‍ ഈ സംവാദങ്ങള്‍ ചരിത്രരേഖയായി മാറിക്കൊണ്ടിരിക്കുകയാണ്. തിരിച്ചെടുക്കാന്‍ കഴിയാത്ത വാക്കുകളായി ഈ പുതിയ കാലത്തിന്റെ ചിന്താമണ്ഡലത്തില്‍ ഈ കൂട്ടായ്മയുടെ  വാക്കുകള്‍ ശിലാലിഖിതങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

ഈ പുതിയ കാലത്തിന്റെ രാഷ്ട്രീയ ചരിത്രം നമ്മളറിയാതെ നമ്മൊളൊക്കെ ചേര്‍ന്ന് എഴുതിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ നിമിഷംകൊണ്ട് ആശയങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തേക്കും പറന്ന് ചിന്തകളില്‍ ചേക്കേറുന്നു.

ശബ്ദത്തിന്റെ വേഗതയേയും വെളിച്ചത്തിന്റെ വേഗതയേയും ഈ ആശയലോകത്തിന്റെ വേഗം ഒരു കടുകു മണിപോലെ ചുരുങ്ങുമ്പോള്‍ ആശയലോകം എല്ലാ ആകാശങ്ങളേയും വലിയൊരു ആകാശമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

vijayan”പറക്കാന്‍ കഴിയാതെ ചിറകും വിരിച്ചങ്ങിനെ നില്‍ക്കുമീ വാനത്തിലും പറന്നുപറന്നെത്തി ലോകമടിച്ചെത്തീടുന്നു” എന്ന് കവി ആര്‍.രാമചന്ദ്രന്‍ പണ്ട് പറഞ്ഞത് ആശയങ്ങളുടെ ഈ അലകടലിനെക്കുറിച്ചല്ലെങ്കിലും അതൊരുപമയായി നമുക്ക് ഇക്കാരൃത്തില്‍ സ്വീകരിക്കാന്‍ പറ്റും.

ഈ സമാഹാരത്തിലെ പല കുറിപ്പുകളും ഇതിന് മുമ്പ് വായിച്ചതാണെങ്കിലും പുതുതായൊരു വായനക്കുള്ള ഊര്‍ജ്ജം ഈ കുറിപ്പുകളില്‍ ഉണ്ടെന്നതാണ് എന്റെ അനുഭവസാക്ഷ്യം.

വര്‍ത്തമാനകാലത്തെ രാഷ്ട്രീയവും സംസ്‌കാരവും ചരിത്രവുമാണ് ഈ കുറിപ്പുകളുടെ ആശയലോകം. നവീകരിക്കുകയും നമ്മളറിയുകയും അറിഞ്ഞുകൊണ്ടുതന്നെ അവഗണിക്കുകയും ചെയ്യുന്ന ഒരുപാട് സമസ്യകളാണ് ഈ കുറിപ്പുകളിലൂടെ നിര്‍ദ്ധാരണം ചെയ്യപ്പെടുന്നത്.

നമ്മളറിയാതെപോയ പല ചുകപ്പുകളും കോണുകളും ഏണുകളും പൊടിപ്പുകളും ഞാറലുകളുമൊക്കെ ഇങ്ക്വിലാബ് മക്കള്‍ നമുക്ക് കാണിച്ചുതരുന്നു. അപ്പോഴാണ് നമ്മള്‍ മറഞ്ഞിരിക്കുന്ന പലതും കാണുന്നതും അറിയുന്നതും.

ഉദാഹരിക്കാന്‍ ഒരുപാട് കാര്യങ്ങളും കാരണങ്ങളും ഈ കുറിപ്പുകളിലുണ്ട്. അതൊക്കെ മുഴുവനായി ഞാനെഴുതുന്നില്ല. പറയാതിരിക്കാന്‍ പറ്റാത്തതുകൊണ്ട് ചിലതൊക്കെ പറയാം.

നിങ്ങളുടെ വായനയെ തടസ്സപ്പെടുത്താതിരിക്കാനാണ് ഞാന്‍ ഇത്ര പിശുക്കനാവുന്നത്. ഈ കുറിപ്പുകള്‍ അലോസരപ്പെടുത്തുന്നവരെക്കുറിച്ച് ഡൂള്‍ ബുക്‌സിന്റെ എഡിറ്റോറിയല്‍ നോട്ടില്‍ വ്യക്തമായി എടുത്തു പറയുന്നുണ്ട്.

”ഈ കുറിപ്പുകള്‍ ഫേസ്ബുക്കിന്റെ മായിക പ്രപഞ്ചത്തില്‍ നിന്നും ഇടതുജനാധിപത്യ ബോധമണ്ഡലത്തിലേയ്ക്ക് പറിച്ചു നടപ്പെടേണ്ടതുണ്ടെ”ന്ന് ഡൂള്‍ ബുക്‌സ് പ്രഖ്യാപിക്കുന്നുണ്ട്. ഞാനതിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

ഇങ്ക്വിലാബ് മക്കളുടെ ആത്മവിശ്വാസം പ്രീതിജനകമാണ്. ”അയാളുടെ വാക്കുകള്‍ അയാളുടെ ശരീരമാണ്. അയാളുടെ ജീവന്‍ എന്നത് വാക്കുകള്‍ക്കിടയില്‍ തങ്ങിനില്‍ക്കുന്ന ഒന്നാണ്. ജീവനുള്ള എഴുത്തുകള്‍ മാത്രമേ വായിക്കപ്പെടുകയുള്ളൂ.”

line

”രാമന്‍ അയോധ്യയിലെ രണ്ടേക്കറില്‍ ജനിച്ചുവെന്ന വിധി ലഭിക്കുന്നതോടെ ഇവിടെ സവര്‍ണ്ണ ഫാസിസത്തിന്റെ തകര്‍ച്ച ആരംഭിക്കുന്നു. ഒരിക്കല്‍ അയോധ്യയുടെ രാജാവായിരുന്ന സര്‍വ്വശക്തനായൊരു രാമന് ഇന്ത്യന്‍ പുറംപോക്കില്‍ പത്തുസെന്റ് സ്ഥലം കുടികിടപ്പായി വാങ്ങി നല്‍കാനായിരുന്നോ ഈ പടപ്പുറപ്പാട് മുഴുവനും.”line

വിജയന്‍ മാഷെക്കുറിച്ചെഴുതിയ കുറിപ്പില്‍ ഇങ്ങനെയുണ്ട്; ”ഒരു കമ്മ്യൂണിസ്റ്റുകാരന് ഒരു ചിരിയുണ്ടെന്നും അവന്റെ ശരീരത്തിനൊരു കമ്മ്യൂണിസ്റ്റ് ഭാഷയുണ്ടെന്നും അവന് മാനവിക സ്‌നേഹത്താല്‍ തുടിക്കുന്നൊരു ഹൃദയമുണ്ടെന്നും അടയാളപ്പെടുത്തിയ മനുഷ്യന്‍.

കമ്മ്യൂണിസ്റ്റിന് നിര്‍മ്മലമായൊരു മരണമുണ്ടെന്നും അവന്‍ തന്റെ ജീവിതത്തെ ഏറ്റവും വിമലചിന്തകളാല്‍ നിരന്തരം കഴുകിവെടിപ്പാക്കിവെക്കുമെന്നും മാഷ് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.”

‘നിരാശാഭരിതനായ കാമുകന് ഒരു കത്ത്’ എന്ന പേരില്‍ ഒരു കുറിപ്പുണ്ടതില്‍. ”മരങ്ങളാണ് ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് ആധാരം. അതാണ് ദൈവികത എന്ന് നീ പറഞ്ഞു. അത് നീ പറഞ്ഞപ്പോള്‍ ചെമ്പകച്ചെടിയില്‍ നിന്നും ഒരു പൂ പൊഴിഞ്ഞ് നിന്റെ കാല്‍ച്ചുവട്ടില്‍ വീണു. നീ അതെടുത്ത് എനിക്ക് തന്നു. ഞാന്‍ അത് വാസനിച്ച് നിന്നെ നോക്കി നിന്നു. ചെമ്പകമണത്തിലൂടെ കാമുകനെ നോക്കുന്നവള്‍ എന്നൊരു ചിന്ത എന്നെ പുളകം കൊള്ളിച്ചു.”

കമ്മ്യൂണിസമെന്ന പൂവ് വാസനിക്കാന്‍ ആവശ്യപ്പെടുന്ന കുറിപ്പുകാരന്‍ ”നമുക്ക് മണ്ണിനെ കുറിച്ച് സംസാരിക്കാം. അതാണ് കുറച്ചുകൂടി ആഴത്തില്‍ അവബോധത്തെ മനസ്സിലാക്കാനുള്ള മാര്‍ഗം” എന്നുകൂടി പറഞ്ഞുവെയ്ക്കുന്നുണ്ട്.

മത സ്ഥാപകരെ തന്തയില്ലാതാക്കുന്ന പൗരോഹിത്യത്തെ ഈ കുറിപ്പുകാരന്‍ കാണുന്നത് ഇങ്ങനെയാണ്; ‘തന്തയില്ലാ കുട്ടികള്‍ക്ക് മതത്തില്‍ വലിയ പ്രാധാന്യമുണ്ട്. മനുഷ്യരേതസ്സിനെ ദൈവപുത്രന്മാര്‍ക്ക് വെറുപ്പാണ്.”

അയോധ്യയെക്കുറിച്ച്;

”രാമന്‍ അയോധ്യയിലെ രണ്ടേക്കറില്‍ ജനിച്ചുവെന്ന വിധി ലഭിക്കുന്നതോടെ ഇവിടെ സവര്‍ണ്ണ ഫാസിസത്തിന്റെ തകര്‍ച്ച ആരംഭിക്കുന്നു. ഒരിക്കല്‍ അയോധ്യയുടെ രാജാവായിരുന്ന സര്‍വ്വശക്തനായൊരു രാമന് ഇന്ത്യന്‍ പുറംപോക്കില്‍ പത്തുസെന്റ് സ്ഥലം കുടികിടപ്പായി വാങ്ങി നല്‍കാനായിരുന്നോ ഈ പടപ്പുറപ്പാട് മുഴുവനും.”

എ.സികള്‍ ഓണാക്കിയിരിക്കുമ്പോള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മനസ്സിലാവില്ല. ലോകം ചുട്ടുപൊള്ളുന്നതും മരവും മനസ്സും മുറിയുന്നതും അറിയില്ല. പരിസ്ഥിതിയെ കുറിച്ച് അജ്ഞാതനായ ഈ കമ്മ്യൂണിസ്റ്റുകാരന്‍ ചിന്തിക്കുന്നുവെന്നതും എഴുതുന്നുവെന്നതും പ്രധാനമാണ്, സുകൃതമാണ്.

എഴുത്തിന്റെയും സിനിമയുടെയും അരാഷ്ട്രീയതയെ കുറിച്ചൊരു കുറിപ്പും ഈ സമാഹാരത്തിലുണ്ട്. അതിലേതെങ്കിലും വാചകം എടുത്തെഴുതുന്നതില്‍ അര്‍ത്ഥമില്ലാത്തതിനാല്‍ ഞാനതിന് തുനിയുന്നില്ല. കുറിപ്പുകാരനും വായനക്കാരനുമിടയില്‍ വന്നുനില്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

കവി എ. അയ്യപ്പനെ കുറിച്ച് കുറിപ്പുകള്‍ ഇതിലുണ്ട്. ”അരാജകവാദിയെന്ന് വിളിക്കുന്ന അയ്യപ്പന്റെ ഒരു വരിയില്‍ പോലും അരാജകവാദമില്ല. മനുഷ്യസ്‌നേഹവും പ്രതീക്ഷയും നല്‍കുന്ന വരികളേ അയ്യപ്പനില്‍ നിന്ന് ഊര്‍ന്നിറങ്ങിയിട്ടുള്ളു.”

രണ്ട് രൂപക്കരി നല്‍കിയെന്ന പേരില്‍ ഇടതുപക്ഷം തിരഞ്ഞെടുപ്പില്‍ വോട്ടുതെണ്ടുന്നതിനെക്കുറിച്ചൊരു കുറിപ്പുമുണ്ട്. ”ബീവറേജസ് കോര്‍പ്പറേഷന് മുന്നിലെ ക്യൂ വര്‍ധിച്ചിരിക്കുന്നു. അരി വാങ്ങി ലാഭിച്ച കാശ് വിജയ് മല്യയും അബ്കാരി കോണ്‍ട്രാക്ടര്‍മാരും കൊണ്ടുപോയി. വിജയ് മല്യ ശബരിമലപാത ഉടനെ ചിലപ്പോള്‍ സ്വര്‍ണ്ണം പൂശിയേക്കാം.”

”ഇത്രയും വലിയ മണിമേടകള്‍ എന്തിനാണ് മലയാളിക്ക്? ഇതൊരു പ്രകൃതി വിരുദ്ധതയാണ്…. അയല്‍ക്കാരന്റെ വീട് കണ്ട് അതിനപ്പുറത്തെ വീട് വെയ്ക്കാനുള്ള ആഗ്രഹം മലയാളിയുടെ കിടപ്പറയുടെ ശാന്തിയും സമാധാനവും നശിപ്പിച്ചു.”

‘നിലവിളക്കാവുന്ന സ്ത്രീ’ എന്ന കുറിപ്പില്‍ മനസ്സിനെ ചുട്ടുപൊള്ളിക്കുന്ന ഒരു വാചകം ഉണ്ട്, ”സ്ത്രീകള്‍ ആരോഗ്യത്തിന് ഹാനികരം.”

നമ്മുടെ ചിന്തയെ ജ്വലിപ്പിക്കുന്ന ഒട്ടേറെ വാചകശകലങ്ങള്‍ ഈ കുറിപ്പുകളിലുണ്ട്. ”ഷോപ്പിങ് എന്നാല്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ മേടിച്ചു കൂട്ടുന്നൊരു ആഘോഷമാണ്.”

”അവന്‍ സ്ത്രീയെ ലൈംഗികമായി സമീപിക്കുന്നതല്ല സദാചാരലംഘനം. അമ്മയല്ലാത്തൊരു സ്ത്രീയെ അമ്മയെന്നു വിളിക്കുന്നതും അവരുടെ മടിയിലും മാറിലും മയങ്ങുന്നവരാണ്.” ഈ അമ്മയാരാണെന്ന് പേരെടുത്തുപറയാതെ വായനക്കാര്‍ക്കറിയാം. കുറിപ്പുകാരനും പേരൊന്നും പറയുന്നില്ല.

”എ.സികള്‍ ഓണാക്കിയിരിക്കുമ്പോള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മനസ്സിലാവില്ല. ലോകം ചുട്ടുപൊള്ളുന്നതും മരവും മനസ്സും മുറിയുന്നതും അറിയില്ല.”പരിസ്ഥിതിയെ കുറിച്ച് അജ്ഞാതനായ ഈ കമ്മ്യൂണിസ്റ്റുകാരന്‍ ചിന്തിക്കുന്നുവെന്നതും എഴുതുന്നുവെന്നതും പ്രധാനമാണ്, സുകൃതമാണ്.

”മധുരതരമായ വാചകങ്ങള്‍ മാത്രമല്ല, പൊള്ളുന്ന വാചകങ്ങളും എഴുതാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അറിയാം. അതിന്റെ തീച്ചൂട് താങ്ങാന്‍ കഴിയുമെങ്കില്‍ നേരില്‍ വരിക.” എന്ന പ്രഖ്യാപനം തന്നെയാണ് ഈ പുസ്തകത്തിന്റെ അന്തഃസത്ത.

എന്റെ ആമുഖക്കുറിപ്പിന് എഴുത്തിന്റെ മുഴുവന്‍ സത്തയും കറന്നെടുത്ത് വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കാനാവില്ല. അതിനാല്‍ ആ സാഹസത്തില്‍ നിന്ന് ഞാന്‍ പിന്‍മാറുന്നു. എഴുത്തിന്റെ മധുരവും പൊള്ളലും അനുഭവിക്കാന്‍ ഞാന്‍ വായനക്കാരെ ക്ഷണിക്കുന്നു.

Book Name:Mukha Pusthakathile idathakam
Author:Inquilab Makkal
Classification: Essays
Page: 160
Price: Rs 130.00
Publisher: Dool Books, Kozhikode 01
Phone: 0495 2360 370

Advertisement