Administrator
Administrator
പ്രിയപ്പെട്ട ഒബാമ, ഞങ്ങളുടെ നാടിന്റെ ഐശ്വര്യം
Administrator
Monday 5th December 2011 3:06pm

എഡിറ്റോ- റിയല്‍ / ബാബുഭരദ്വാജ്

ഇത്തരമൊരു അനുഗ്രഹപരസ്യം നമ്മുടെ വീടുകളിലും ഭരണകേന്ദ്രങ്ങളിലും സ്ഥാപിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. നമ്മളെ ആരും രക്ഷിക്കാനില്ലാത്ത കാലത്ത് ഏകരക്ഷകനായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ മാത്രമേയുള്ളൂ. എല്ലാ കാര്യത്തിലും, നമ്മള്‍ അറിഞ്ഞുകൊണ്ടിരിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തിലും നമുക്കിനി ആകെ ആശ്രയിക്കാനുള്ളത് ഒബാമയെ മാത്രമാണ്.

ആര് പറഞ്ഞാലും തമിഴ്‌നാട് വഴങ്ങില്ല. അതിനുള്ള കാരങ്ങള്‍ വേറൊരു കുറിപ്പില്‍ നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം. തമിഴ്‌നാടിനെ അനുസരിപ്പിക്കാന്‍ തല്‍ക്കാലത്തേക്ക് പ്രധാനമന്ത്രിയ്ക്കും കഴിയില്ല. സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരെത്തന്നെ അനുസരിപ്പിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് പറഞ്ഞുകേള്‍ക്കുന്നു. അതും വെറും പറച്ചിലാവാം. പ്രധാനമന്ത്രി പറയുന്നത് തന്നെയായിരിക്കും മന്ത്രിമാര്‍ ചെയ്യുന്നത്.

മന്‍മോഹന്‍ ഇങ്ങിനെ കൈ നനയാതെ പിടിയ്ക്കുന്ന മീനുകളൊക്കെ പൊരിയുന്ന അടുക്കള ഏതാണെന്നാണ് നമ്മളറിയേണ്ടത്. ആ അടുക്കുള്ള ആരുടെ നിയന്ത്രണത്തിലാണെന്നും.മന്‍മോഹന്‍ സിംഗിന്റെ ‘കീ’ ആരുടെ കയ്യിലാണെന്നും ആ ചാവി തിരിയ്ക്കുന്നത് ആരാണെന്നും അറിയുന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഒബാമയുടെ മുന്‍പില്‍ ഈ നിവേദനം സമര്‍പ്പിക്കേണ്ടിവരുന്നത്.

ഞങ്ങളെ ഭരിക്കുന്നതില്‍ മന്‍മോഹന്‍ സിംഗിന് അങ്ങ് നല്‍കുന്ന നിര്‍ലോപമായ സഹായം ഞങ്ങളെ കോരിത്തരിപ്പിക്കുന്നു. അങ്ങയുടെ സഹായമില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ എവിടെയെത്തുമായിരുന്നെന്ന് ഞങ്ങള്‍ ആശങ്കിക്കാറുമുണ്ട്.

ലോകത്തിലെ മുഴുവന്‍ മനുഷ്യാവകാശ കുത്തക അമേരിക്കയ്ക്കാണ്. അമേരിക്കയുടെ നാഥന്‍ എന്ന നിലയില്‍ ഈ മനുഷ്യാവകാശ ധ്വംസനത്തില്‍ അങ്ങയ്ക്ക് ഇടപെടാതിരിക്കാനും വയ്യ

ജെയ്താപൂരം കൂടംകുളവും പോലുള്ള ആറ്റോമിക് റിയാക്ടറുകള്‍ അങ്ങയുടെ കൃപാകടാക്ഷം കൊണ്ടാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ദൈവം തമ്പുരാനെപ്പോലെ അങ്ങ് ‘ ഉണ്ടാവട്ടെ’ എന്ന് കല്പിക്കുകയും അതുണ്ടാവുകയും ചെയ്യുന്നു. അതില്ലാതെയാക്കാന്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ എന്ത് കോലാഹലം കൂട്ടിയാലും നടക്കില്ല. അതുപോലെ ഇന്ത്യയില്‍ വാള്‍മാര്‍ട്ട് പോലുള്ള കുത്തകകളെ കൊണ്ടുവരുന്നതിന്റെ ക്രഡിറ്റും അങ്ങയ്ക്കാണ്. അങ്ങ് കല്പിക്കുകയും ഞങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നു.

ഞങ്ങള്‍ക്കുവേണ്ടി ഇത്രയൊക്കെ ചെയ്യാന്‍ കഴിവുള്ള താങ്കള്‍ക്ക് മുല്ലപ്പെരിയാറിന്റെ കാര്യത്തിലും ഞങ്ങളെ സഹായിക്കാന്‍ പറ്റും. ഇന്ത്യയുടെ തെക്കെയറ്റത്ത് കേരളം എന്നൊരു സ്ഥലമുണ്ടെന്ന കാര്യം അങ്ങേയ്ക്ക് അറിയുമായിരിക്കും. അതറിയാതിരിക്കാന്‍ വഴിയില്ല. അത്രയ്ക്ക് പ്രസിദ്ധമാണാസ്ഥലം. തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം അധികാരത്തിലെത്തിയ സ്ഥലമാണത്. അവരെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ അങ്ങയുടെ പൂര്‍വികനായ ഒരു അമേരിക്കന്‍ പ്രസിഡന്റ് സഹിച്ച ത്യാഗത്തെപ്പറ്റിയും അറിയാം. ഈ പഴയ ചരിത്രമൊക്കെ അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ അങ്ങ് അറിയുന്നുണ്ടാവും.

എന്നാല്‍ മുല്ലപ്പെരിയാര്‍ എന്നൊരു അണക്കെട്ടിനെക്കുറിച്ച് അങ്ങ് കേട്ടിട്ടുണ്ടാവില്ല. അതിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് അങ്ങയെ ആരും ധരിപ്പിച്ചിട്ടുണ്ടാവില്ല. ആ ഡാം തകര്‍ന്നാല്‍ 35 ലക്ഷം പേരുടെ ജീവന്‍ നഷ്ടപ്പെടുമെന്ന കാര്യവും അറിഞ്ഞിട്ടുണ്ടാവില്ല. ആ പ്രദേശത്തെ ജനങ്ങളെല്ലാം ഭീതിയുടെ മുള്‍മുനയിലാണ് കഴിയുന്നതെന്ന കാര്യവും അറിഞ്ഞിരിക്കില്ല. ജീവിയ്ക്കാനുള്ള അവരുടെ മനുഷ്യാവകാശമാണ് ഹനിക്കപ്പെടുന്നത്. ഒരു പുതിയ അണക്കെട്ടുണ്ടാക്കി പഴയത് പൊളിച്ചുമാറ്റുകയാണ്. ജനങ്ങളുടെ ഭീതിയകറ്റാനുള്ള ഏക വഴി. മന്‍മോഹന്‍ സിംഗ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പ്രിയപ്പെട്ട മൗനത്തിലാണ്. ആ മൗനത്തിന് അറുതി വരുത്താന്‍ അങ്ങേയ്ക്ക് കഴിയും.

അതുകൊണ്ട് ദയവുചെയ്ത് അങ്ങ് ഇക്കാര്യത്തില്‍ ഇടപെടണമെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മന്‍മോഹനോടു ആജ്ഞാപിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ലോകത്തിലെ മുഴുവന്‍ മനുഷ്യാവകാശ കുത്തക അമേരിക്കയ്ക്കാണ്. അമേരിക്കയുടെ നാഥന്‍ എന്ന നിലയില്‍ ഈ മനുഷ്യാവകാശ ധ്വംസനത്തില്‍ അങ്ങയ്ക്ക് ഇടപെടാതിരിക്കാനും വയ്യ. അതുകൊണ്ടു ഈ നാടിന്റെ ഐശ്വര്യമായ അങ്ങ് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ‘മുട്ടിപ്പായി’ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അതാണ് ന്യായവും വിധിയും. അങ്ങാണ് എല്ലാമെല്ലാം.

Advertisement