Administrator
Administrator
കനിമൊഴിക്കവിതകള്‍
Administrator
Sunday 22nd May 2011 10:00am

എഡിറ്റോ- റിയല്‍ / ബാബുഭരദ്വാജ്

ഒടുവില്‍ കനിമൊഴിയും കൂട്ടിലായി. ആ കിളി കൂട്ടില്‍ക്കിടന്ന് പാടുന്നതാണ് ഞങ്ങള്‍ ഇപ്പോള്‍ നിരൂപിക്കാന്‍ ശ്രമിക്കുന്നത്. കാരണം കനിമൊഴി കവിയാണ്. കുറെ നല്ല കവിതകള്‍ എഴുതിയ നല്ല കവി തന്നെയാണ്. നമ്മുടെ കവിമന്ത്രി ജി.സുധാകരനെപ്പോലെ ചീത്ത കവിതകള്‍ മാത്രം എഴുതുന്ന കവിയല്ലെന്ന് ചുരുക്കം.

‘വാക്കെരിയുന്നോരടുപ്പില്‍നിന്നും തീക്കനല്‍ വാരി’ വിഴുങ്ങുന്ന കവി തന്നെയാണ് കനിമൊഴിയെന്ന് തമിഴ്‌സാഹിത്യ നിരൂപകര്‍ പറയുന്നു. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കനിമൊഴിയുടെ പൈതൃകം അതാണ്. കലൈഞ്ജര്‍ കരുണാനിധിയുടെ മകളാണല്ലോ, വാക്കുകളെ തേന്മൊഴികളാക്കിയ കരുണാനിധിയെന്ന ഭാഷാപടുവിന്റെ മകള്‍. എന്നാല്‍ ജനങ്ങളെയും ഭരണകൂടത്തെയും ചതിച്ച് ജനങ്ങളുടെ കാശ് കൊള്ളയടിക്കുന്ന കവികളെ അപൂര്‍വമായി മാത്രമെ കണ്ടിട്ടുള്ളു.

ആരോപിതമായ കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഇതൊന്നും ഇങ്ങനെ തറപ്പിച്ച് പറയാന്‍ പാടില്ല, പ്രത്യേകിച്ചും ഇന്ത്യന്‍ ശിക്ഷാനിയമങ്ങളും വിധികളും നടപടിക്രമങ്ങളും നിയമത്തിന്റെ വ്യാഖ്യാനങ്ങളും അതിന്റെ സാങ്കേതികതകളുമൊക്കെ അത്യന്തം സങ്കീര്‍ണവും ദുര്‍ഗ്രാഹ്യവുമായ സ്ഥിതിക്ക് ഒന്നും തീര്‍ത്തുപറയാനുമാവില്ല. സമര്‍ത്ഥനായ ഒരു വക്കീലിന് ഏത് നിയമവും വ്യാഖ്യാനിച്ചില്ലാതാക്കാം. അഴിമതി നിറഞ്ഞ് അകം ദ്രവിച്ചുകൊണ്ടിരിക്കുന്ന നീതിപീഠത്തിനെക്കുറിച്ച് ധാരാളം വിമര്‍ശനം ഉയര്‍ന്നുവന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും അപരാധികള്‍ രക്ഷിക്കപ്പെടുകയും ചെയ്യും.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ശക്തരായ ഭരണാധികാരികളും അവരുടെ ശക്തരായ പുത്രകളത്രാദികളും ബന്ധുമിത്രാദികളും അഴിമതിയ്ക്കും പണാപഹരണത്തിനും സ്വജനപക്ഷപാതത്തിനും തെറ്റായ തീരുമാനങ്ങള്‍ വഴി ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ക്കും കൂട്ടക്കൊലപാതകങ്ങള്‍ക്കും എന്തിന് അത്യന്തം നികൃഷ്ടമായ ബലാല്‍സംഗങ്ങള്‍ക്കും ബാലബാലികാ പീഡനങ്ങള്‍ക്കും ശിക്ഷിക്കപ്പെട്ടിട്ടില്ല.

ആരും ജയിലില്‍ ജീവിതം ഒടുക്കേണ്ടി വന്നിട്ടുമില്ല. ആര്‍ക്കെങ്കിലും കഷ്ടകാലത്തിന് കുറച്ചുകാലം ജയിലില്‍ വിശ്രമജീവിതം നയിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അവരൊക്കെ ജയിലില്‍കിടന്ന് ആത്മകഥ എഴുതിയിട്ടുണ്ട്. അവര്‍ ജയിലില്‍കിടന്നുണ്ടാക്കുന്ന ബഹളത്തിന് ഒരു ‘അന്തവും കുന്തവും’ കാണില്ല. താന്‍ തടവിലാവുന്നതുവഴി ലോകംമുഴുവന്‍ തടവിലാക്കപ്പെട്ടുവെന്നയാള്‍ കരുതും. അപ്പോള്‍ പുറത്തുള്ളവരെല്ലാം തെറ്റും താന്‍ ശരിയുമായി വരും. ബാലകൃഷ്ണപ്പിള്ളയെപ്പറ്റിയല്ല ഇതൊക്കെ പറയുന്നത്.

അഴിമതിക്കാരായ ഭരണാധികാരികള്‍ ഓരോ ആളുകളായി ജയിലിലേക്ക് പോകുന്ന ഈ കാലത്ത് രാജ്യം അഴിമതിമുക്തമായെന്നോ, അഴിമതിയെ പാടെ നിഗ്രഹിക്കാനുള്ള ശക്തമായ നിയമം നിലവിലുണ്ടെന്നോ ഞങ്ങള്‍ കരുതുന്നില്ല. അത്തരം ഒരു നിയമത്തിനു വേണ്ടി അണ്ണാ ഹസാരെ ഉയര്‍ത്തിക്കൊണ്ടുവന്ന സമരത്തെ ഞങ്ങള്‍ പിന്തുണച്ചവരാണ്. പക്ഷെ അഴിമതിയുടെ കാര്യത്തില്‍ ഇപ്പോള്‍ നമ്മുടെ നീതിന്യായവ്യവസ്ഥ കാണിക്കുന്ന ശുഷ്‌കാന്തി നിലവിലുള്ള നിയമങ്ങള്‍തന്നെ ഇതിനൊക്കെ പര്യാപ്തമാണെന്ന തോന്നല്‍ ഉളവാക്കുന്നുണ്ട്. അത്തരമൊരു ധാരണ ശരിയല്ലെന്ന് ഈ കേസുകള്‍ പുരോഗമിക്കുമ്പോള്‍ മനസ്സിലാകും.

പല്ലും നഖവും ഉള്ള പുതിയ അഴിമതിനിയമം ഉണ്ടാവുന്നില്ലെങ്കില്‍ മുന്‍കാലപ്രാബല്യത്തോടെ അത് നടപ്പാകുന്നില്ലെങ്കില്‍ രാജയും കനിമൊഴിയും കല്‍മാഡിയും വിലാസ്‌റാവു ദേശ്മുഖും ഉള്‍പ്പടെയുള്ള എല്ലാ വമ്പന്‍ സ്രാവുകളും വലപൊട്ടിച്ച് പുറത്തുചാടും. അങ്ങനെ അവര്‍ക്ക് പുറത്തുചാടാന്‍ വലപൊട്ടിച്ച് കൊടുക്കുന്നത് ഇന്നത്തെ നീതിന്യായവ്യവസ്ഥകളും ഭരണാധികാരികളും തന്നെയായിരിക്കും. ഈ ‘വല പൊട്ടിക്കല്‍’ അധികാരരാഷ്ട്രീയത്തിന്റെ സുരക്ഷാവാള്‍വാണ്. പൊട്ടിത്തെറി ഒഴിവാക്കാനാണല്ലോ സുരക്ഷാവാള്‍വുകള്‍.

വല നിറയെ മീന്‍ കുടുങ്ങിയാല്‍ വലയൊന്നാകെ പൊട്ടുമെന്നാകുമ്പോള്‍ വലയേയും തോണിയെയും മീന്‍പിടുത്തക്കാരെയും രക്ഷിക്കാന്‍ വലയുടെ ചില ഭാഗങ്ങള്‍ പൊട്ടിച്ച് കുറെ മീനുകളെ രക്ഷപ്പെടുത്തുന്ന കാര്യം മീന്‍പിടുത്തക്കാരോട് ചോദിച്ചാല്‍ പറഞ്ഞുതരും. അഴിമതിക്കാര്‍തന്നെ അഴിമതി വിരുദ്ധസമരം നടത്തുന്നതിന്റെ കാഴ്ചയാണ് ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്, ഈ കാഴ്ച സ്‌പോണ്‍സര്‍ ചെയ്യുന്നതും അഴിമതിവീരരായ ഭരണാധികാരികള്‍ തന്നെയാണ്.

പണ്ടുപണ്ടൊരു കാലത്ത് കയ്യില്‍ ബസിന് കാശില്ലാത്തതുകൊണ്ട് ചരക്കുകയറ്റിയ ഒരു ലോറിയില്‍ ചരക്കിനു മുകളില്‍ അള്ളിപ്പിടിച്ചിരുന്ന് അണ്ണാദുരയെ കാണാന്‍പോയ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിലെ തീപ്പൊരിയായി പിന്നീട് വളര്‍ന്ന കരുണാനിധി. അയാളുടെ മകള്‍ കോടികള്‍ അമ്മാനമാടിക്കളിക്കുമ്പോള്‍ തമിഴമാകെ എല്ലാ വ്യവസായമേഖലകളും അയാളുടെ മക്കള്‍ കയ്യടക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ അവര്‍ ചൊല്‍പടിക്കു നിര്‍ത്തുമ്പോള്‍ ‘രാഷ്ടീയത്തിന്റെ ഭാവിയെക്കുറിച്ചും രാഷ്ട്രീയക്കാരന്റെ ഭാവി’യെക്കുറിച്ചും നമ്മള്‍ ആശങ്കപ്പെടേണ്ടതില്ല.

ഇന്ത്യയിലെ ഏറ്റവുംവലിയ തൊഴില്‍മേഖലയും ഏറ്റവുംകൂടുതല്‍ വേതനം കിട്ടുന്ന തൊഴിലുമായി രാഷ്ട്രീയം മാറുന്നു. രാഷ്ട്രീയത്തിന്റെ ജനസേവനപാഠം കഴിഞ്ഞിരിക്കുന്നു. ഇനി നമുക്ക് ചൂഷണപാഠം വള്ളിപുള്ളി തെറ്റാതെ പഠിക്കാം. ജയിലില്‍കിടന്ന് കനിമൊഴി നല്ല കിളികൊഞ്ചും ഭാഷയില്‍ ആത്മകഥയോ, സ്‌പെക്ട്രം അനുഭവകഥകളോ എഴുതട്ടെ. അതൊരു നല്ല വായനാനുഭവം ആയിരിക്കും. എങ്ങനെ അതിവിദഗ്ദമായി രാജ്യത്തെയും ജനങ്ങളെയും പറ്റിക്കാമെന്നതിന്റെ ഗൃഹപാഠം പഠിപ്പിക്കലായിരിക്കും.

Advertisement