Administrator
Administrator
തോറ്റാലും ജയിച്ചാലും ജനവിചാരം
Administrator
Wednesday 11th May 2011 8:24pm

എഡിറ്റോ- റിയല്‍ / ബാബുഭരദ്വാജ്

ഫലപ്രഖ്യാപനത്തിന് മുമ്പേ ഒരുപാട് പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. കണക്കുകള്‍ കൊണ്ടുള്ള ഒരുകളിയെന്നോ, കവടിനിരത്തിയുള്ള കളിയെന്നോ പറഞ്ഞ് ഈ പ്രവചനങ്ങളെ നമുക്ക് അവഗണിക്കാനാവില്ല, ഈ പ്രവചനങ്ങള്‍ എത്രത്തോളം ശരിയാവും തെറ്റാവും എന്നതൊക്കെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ആലോചിക്കേണ്ട കാര്യമില്ല.

ആര് തോറ്റാലും ആര് ജയിച്ചാലും പാര്‍ട്ടികള്‍ തോല്‍ക്കുകയും ജനങ്ങള്‍ ജയിക്കുകയും ചെയ്ത തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്. ജനങ്ങളുടെ ഈ ജയത്തില്‍ സന്തോഷിക്കുന്നതിന് പകരം ഒരുപാട് സന്ദേഹങ്ങള്‍ ഞങ്ങളെ അലട്ടുന്നുണ്ട്. അതിനൊക്കെ കാരണം ഈ പ്രവചനങ്ങള്‍ക്ക് ആധാരമായ സര്‍വ്വേയും അതിലൂടെ സ്വരൂപിപ്പിക്കപ്പെട്ട നിഗമനങ്ങളുമാണ്. അതെത്രത്തോളം ആശാവഹമായിരിക്കും എന്ന കാര്യമാണ് പരിശോധിക്കേണ്ടത്.

സര്‍വ്വേകളില്‍ പരാമര്‍ശിക്കപ്പെടുന്ന പ്രധാന കാര്യങ്ങളിലൊന്ന് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ജനങ്ങളുടെ രാഷ്ട്രീയ നിലപാടുകളില്‍ വന്ന മാറ്റമാണ്. ഇരുപത് വര്‍ഷത്തിന് മുമ്പ് 80 ശതമാനം വോട്ടര്‍മാര്‍ എതെങ്കിലും രാഷട്രീയ വിശ്വാസത്തില്‍ പിന്‍പറ്റിയിരുന്നെങ്കില്‍ ഇന്നത് 69 ശതമാനമായി ചുരുങ്ങിയെന്നാണ് സര്‍വ്വേ വിശകലനം വ്യക്തമാക്കുന്നത്. അതായത് നേരത്തേയുണ്ടായിരുന്ന അരാഷ്ട്രീയരായ വോട്ടര്‍മാരും ഇരുപത് ശതമാനത്തിനോടൊപ്പം ഒരു പതിനൊന്ന് ശതമാനം കൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നു.

അതായത് വോട്ടര്‍മാര്‍ കൂടുതല്‍ കൂടുതലായി അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നര്‍ത്ഥം. ഈ അടുത്തായി രൂപംകൊണ്ട അരാഷ്ട്രീയക്കാര്‍ക്ക് ഏത് ജനവിധിയെയും അട്ടിമറിക്കാന്‍ കഴിയുമെന്നും അതിനര്‍ത്ഥമുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിന് ഇതൊട്ടും അഭിലഷണീയമല്ല. അത് ജനാധിപത്യത്തിന്റെ തകര്‍ച്ചയുടെ ആരംഭം കുറിക്കുന്നു. മലയാള മനോരമ, സി.എന്‍.എന്‍ -വീക്ക് സര്‍വ്വേയില്‍ അഭിപ്രായം പറയാതിരുന്ന 11 ശതമാനം ഈ അരാഷ്ട്രീയതയുടെ ഗണത്തില്‍ പെടുമോ എന്ന് ഞങ്ങള്‍ക്കറിയില്ല.

അവര്‍ മുഴുവന്‍ രാഷ്ട്രമില്ലാത്തവരാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. അവര്‍ മുഴുവന്‍ അരാഷട്രീയരാണെങ്കില്‍, അരാഷ്ട്രീയത നമ്മള്‍ വിചാരിച്ചതിനേക്കാള്‍ ആഴത്തില്‍ നമ്മുടെ സമൂഹത്തെ ബാധിച്ചുവെന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടിവരും. ഈ അരാഷട്രീയത വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ബാഹ്യശക്തികളല്ല, മാധ്യമങ്ങളല്ല, സാമൂഹിക പ്രവര്‍ത്തകരല്ല, സാമുദായിക ശക്തികളല്ല, അധിനിവേശ ശക്തികളല്ല, ആഗോളവല്‍ക്കരണമല്ല, ഇതിന്റെയൊക്കെ സ്വാധീനം ചെറിയ അളവില്‍ കണ്ടേക്കാമെങ്കിലും പടിപടിയായി അരാഷ്ട്രീയവല്‍ക്കരണം നടത്തിയത് രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെയാണ്.

ഇടതും വലതുമായ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ഇതില്‍ പങ്കുണ്ട്. ഭരണകക്ഷികളും പ്രതിപക്ഷകക്ഷികളും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. എങ്കിലും ഇതിന്റെ മുഖ്യ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഇടതുപക്ഷ കക്ഷികള്‍ക്കാവില്ല. ഇടതുപക്ഷ കക്ഷികള്‍ നിലപാടുകളില്‍ നിന്ന് പിന്നാക്കം പോകാന്‍ തുടങ്ങിയതോടെയാണ് ജനമനസുകളില്‍ രാഷ്ട്രീയശൈത്യം അതിവേഗത്തില്‍ പടര്‍ന്നത്.

സര്‍വ്വേകളിലെ മറ്റ് നിഗമനങ്ങള്‍ ഇതിനെ ശരിവെക്കുന്നു. നിഗമനങ്ങളെ ഇങ്ങനെ അക്കപ്പെടുത്താം.
1) ഏതുമുന്നണി ജയിച്ചാലും ഭരണം നയിക്കാന്‍ പറ്റിയ നേതാവ് വി.എസ് അച്ച്യുതാനന്ദനാണെന്ന് ഭൂരിപക്ഷം വോട്ടര്‍മാരും വിശ്വസിക്കുന്നു. എല്ലാ സര്‍വ്വേകളിലും 40% വരുന്ന വോട്ടര്‍മാര്‍ വി.എസ്സിലാണ് ജനനേതാവിനെ കാണുന്നത്. യു.ഡി.എഫിന് വോട്ടുചെയ്ത 42 ശതമാനം പേര്‍ അച്ച്യുതാനന്ദനായിരിക്കണം മുഖ്യമന്ത്രിയെന്ന് ആഗ്രഹിക്കുന്നുവെന്നതും അത്ഭുതം തോന്നിക്കേണ്ട കാര്യമാണ്.

2) വോട്ടുചെയ്ത 65% പേരും വി.എസ്സിന്റെ നേതൃത്വത്തിലുള്ള ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തുന്നു. മാത്രമല്ല, കഴിഞ്ഞ 15 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും നല്ല മുഖ്യമന്ത്രിയായി വി.എസ്സിനെ അവര്‍ വിലയിരുത്തുന്നു. ജനപ്രിയനായകനായ സഖാവ് ഇ.കെ നായനാരെക്കാള്‍ ഏതാണ്ട് മൂന്നിരട്ടിയോളം ജനപിന്തുണ വി.എസ്സിനുണ്ട്.

3) പാര്‍ട്ടിയിലെ വിഭാഗീയതയുടെ കാരണക്കാരന്‍ വി.എസ്സാണെന്ന് പാര്‍ട്ടി പറയുമ്പോള്‍, ഇതിന് കാരണക്കാരന്‍ പിണറായിയാണെന്ന് വോട്ടര്‍മാര്‍ പ്രഖ്യാപിക്കുന്നു. വിഭാഗീയതയുടെ കാരണക്കാരന്‍ വി.എസ്സാണെന്ന് പത്ത്ശതമാനം പേര്‍ പറയുമ്പോള്‍ 40 ശതമാനം പേര്‍ പിണറായി വിജയനാണെന്ന് ചൂണ്ടിക്കാട്ടുന്നു.

ഈപറഞ്ഞ മൂന്ന് ധാരണകളാണ് ജനവിശ്വാസമെങ്കില്‍ വി.എസ് നേതൃത്വം നല്‍കിയ ഇടതുമുന്നണി ഈ തിരഞ്ഞെടുപ്പ് തൂത്തുവാരേണ്ടതാണ്. എന്നാല്‍ ഏഴ് അഭിപ്രായസര്‍വ്വേകളില്‍ പ്രവചനങ്ങളില്‍ ആറെണ്ണത്തിലും യു.ഡി.എഫ് നേടുമെന്നാണ് പ്രവചനക്കാര്‍ അടിവരയിടുന്നത്. ഇതിലെ വൈരുധ്യം ഗൗരവമായ ഒരു പുനര്‍വിചിന്തനത്തിന് പാര്‍ട്ടികളെ പ്രത്യേകിച്ചും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ വിധേയമാക്കേണ്ടതാണ്. വി,എസ് മുഖ്യമന്ത്രിയാക്കണമെന്ന് ജനങ്ങളില്‍ ഭൂരിപക്ഷം ആഗ്രഹിക്കുമ്പോള്‍പോലും വി.എസ് നയിക്കുന്ന മുന്നണി പരാജയപ്പെടുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് തന്നെയാണ്.

അരാഷ്ട്രീയവല്‍ക്കരണത്തിന്റെ ആഴവും പരപ്പുമാണ് അത് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ പ്രവര്‍ത്തനക്ഷമവും ജനോപകാരപ്രദവുമായിരുന്നുവെന്ന് പറയുന്ന വോട്ടര്‍മാര്‍ ആ മുന്നണിയെ തോല്‍പ്പിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പാര്‍ട്ടിക്ക് തന്നെയാണ്. എന്തുകൊണ്ടു തോറ്റുവെന്നതിന് വിചാരണ ചെയ്യപ്പെടേണ്ടത് പാര്‍ട്ടി നേതൃത്വം തന്നെയാണ്. ജനസമ്മതി നേടിയ മുന്നണി തോല്‍ക്കുന്നതിനുള്ള പ്രധാന കാരണം അതിനെ നയിച്ച പാര്‍ട്ടി തന്നെയാണല്ലോ.

അച്ച്യുതാനന്ദന്‍ നേതൃത്വം കൊടുക്കുന്ന മുന്നണി എല്ലാ രാഷ്ട്രീയസമവാക്യങ്ങളെയും, സാമുദായികസമവാക്യങ്ങളെയും മറികടന്ന് ജയിക്കുകയാണെങ്കിലും പാര്‍ട്ടി നേതൃത്വം ഒരു വിചാണയ്ക്ക് വിധേയമാകേണ്ടതുണ്ട്. തോറ്റാലും ജയിച്ചാലും പാര്‍ട്ടി നേതൃത്വം വിചാരണ ചെയ്യപ്പെടേണ്ട ഒരു സവിശേഷ സാഹചര്യം പാര്‍ട്ടിയുടെ ഇത്രയും കാലത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കണം സംഭവിക്കുന്നത്. അത്തരമൊരു വിചാരണയ്ക്ക് പാര്‍ട്ടി നേതൃത്വത്തെ നിര്‍ബന്ധിക്കുന്നത് ജനമനസുകളാണ്.


Advertisement