Administrator
Administrator
മോഹന്‍ലാല്‍- മമ്മൂട്ടി, സിനിമയും വേറെ പലതും
Administrator
Sunday 31st July 2011 4:34pm

എഡിറ്റോ- റിയല്‍ / ബാബുഭരദ്വാജ്

ഴിഞ്ഞ കുറേ ദിവസങ്ങളായി മലയാളത്തിലെ രണ്ടുസൂപ്പര്‍താരങ്ങളുടെ വീടും, അനുബന്ധവീടുകളും അനുചരഗൃഹങ്ങളും വ്യാപാരസ്ഥാപനങ്ങളും ഇന്‍കംടാക്‌സ് വകുപ്പ് ഇടതടവില്ലാതെ റെയ്ഡ് ചെയ്തുകൊണ്ടിരിക്കുന്നു. തുറന്ന അറകളെപ്പറ്റിയും തുറക്കാത്ത അറകളെപ്പറ്റിയും കഥകളും ഉപകഥകളും മാധ്യമങ്ങളില്‍ നിറയുന്നു. തുറക്കാന്‍ കഴിയാതിരുന്ന അറകളിലെ രഹസ്യങ്ങളെക്കുറിച്ചും നിധിശേഖരങ്ങളെക്കുറിച്ചുമുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നു.

ഈ വാര്‍ത്തകള്‍ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിവേട്ട പോലെ ഉദ്വേഗജനകമാക്കാതിരിക്കാന്‍ പത്രങ്ങള്‍ ശ്രമിക്കുന്നു. സര്‍ക്കാരിന്റെ വിലക്കായിരിക്കില്ല കാരണം. ആദായവകുപ്പ് ഉദ്യോഗസ്ഥരുടെ മൗനവുമായിരിക്കില്ല. ഇതിനേക്കാള്‍ കൂടിയ തോതില്‍ കാര്‍ക്കശ്യത്തോടുകൂടിയ വിലക്കുകള്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ ഉണ്ടായിരുന്നു. കോടതിയുടെ കര്‍ശനമായ നിലപാടും നിലനിന്നിരുന്നു. എന്നിട്ടും നിധിവേട്ട ആഘോഷമാക്കി. വിവാദ വ്യവസായം വളര്‍ന്നു. നിധിയെന്തു ചെയ്യണമെന്ന കാര്യത്തില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ നടന്നു.

അത്തരമൊരാവേശം ഈ താരദ്വന്ദ്വങ്ങളുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് കാണിക്കാത്തത്:? ദൈവത്തേക്കാള്‍ മാധ്യമങ്ങള്‍ക്ക് പേടി താരങ്ങളെയാണോ? അതിപുരാതന ദൈവങ്ങളെ പേടിക്കുന്നതിനേക്കാള്‍ ഇപ്പോള്‍ വാണരുളുന്ന ദൈവങ്ങളെ പേടിക്കുന്നതാണ് നല്ലത് എന്ന തോന്നല്‍ കൊണ്ടാണോ? എന്തിനെക്കുറിച്ചും തര്‍ക്കിക്കാന്‍ കച്ചകെട്ടിയിറങ്ങിയ താര്‍ക്കികന്‍മാര്‍ എന്തിനാണ് മൗനികളായിരിക്കുന്നത്? അവരെന്നാണിനി മൗനം വെടിഞ്ഞുഷാറാവുക?.

സ്വാഭാവികമായും ഈ ചോദ്യം ഞങ്ങള്‍ക്കുനേരെയും ഉയര്‍ന്നുവരാം. എന്തേ കാഴ്ച കണ്ടുനില്‍ക്കുന്നത്? എന്തേ മൗനികളാവുന്നത്?. ഇതെല്ലാം കണ്ടു തരിച്ചുനിന്നതാണോ? കഴിഞ്ഞ മാസം മുഴുവനും കേട്ട് വളിച്ച ആ വാക്കുകള്‍ ആവര്‍ത്തിച്ചാല്‍ ‘ കണ്ട് കണ്ണുകള്‍ മഞ്ഞളിച്ചുപോയതാണോ’?

ആദ്യം പ്രതികരിക്കേണ്ട പലരില്‍ ചിലര്‍ ഞങ്ങളായിരുന്നുവെന്ന് ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ന്യായമായും കരുതാം. കാരണം കഴിഞ്ഞ രണ്ടുമാസങ്ങളായി ഈ താരരാജാക്കന്‍മാര്‍ ഞങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിലൊരാളുടെ ‘ഫാന്‍സ്’ ആണെന്ന് പറഞ്ഞ് നടക്കുന്ന കുറെ ‘ശിങ്കിടിമുങ്കന്‍മാര്‍’ ഞങ്ങളുടെ പത്രമോഫീസ് തകര്‍ത്തുകളയുമെന്നും ഞാനടക്കമുള്ളവരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

മലയാളത്തിലെ സ്ത്രീശരീര സംബന്ധിയായ എല്ലാ പദങ്ങളും ഉപയോഗിച്ച് ഞങ്ങളെ തെറി പറഞ്ഞിരുന്നു. സ്ത്രീ എന്ന് പറഞ്ഞത് ഒരു മുഴുത്ത തെറിയാണെന്ന് ജീവിതത്തില്‍ ആദ്യമായാണ് അറിയുന്നത്. അവളുടെ എല്ലാ ശാരീരിക സൗഭാഗ്യങ്ങളും നിന്ദനീയമായതെന്തൊക്കെയോ ആണെന്നറിയുന്നതും ഇതാദ്യമായാണ്. ചുരുക്കത്തില്‍ വര്‍ജിക്കപ്പെടേണ്ട ഒരു വര്‍ഗമാണ് സ്ത്രീ എന്ന ‘പ്രത്യയശാസ്ത്രപാഠ’വും ഞങ്ങളറിയുന്നതാദ്യമായാണ്.

സ്ത്രീ എന്ന് പറഞ്ഞത് ഒരു മുഴുത്ത തെറിയാണെന്ന് ജീവിതത്തില്‍ ആദ്യമായാണ് അറിയുന്നത്

അവള്‍ വെറുക്കപ്പെടേണ്ടവളും ശപിക്കപ്പെടേണ്ടവളുമാണ്. അവളില്‍നിന്ന് ജനിക്കപ്പെടുന്നത് അപമാനകരമാണ്. അങ്ങിനയങ്ങിനെ ഇതിന്റെ പ്രത്യയശാസ്ത്രപാഠങ്ങള്‍ നിരവധിയാണ്. ഒരുപക്ഷേ ഈ ‘ശിങ്കിടി മുങ്കന്‍’മാരെ ഈ പ്രത്യയശാസ്ത്രപാഠങ്ങള്‍ പഠിപ്പിച്ചത് മമ്മൂട്ടി- മോഹന്‍ലാല്‍ സിനിമകളായിരിക്കാം. മലയാളിയുടെ ബോധമണ്ഡലങ്ങളിലെ മലിനമാക്കുന്നതും ഈ സിനിമകള്‍ തന്നെയായിരിക്കാം. അതൊക്കെ കൂടുതല്‍ വിശദീകരണം ആവശ്യമുള്ള പ്രത്യയശാസ്ത്രവിചാരങ്ങളായതുകൊണ്ട് അതിലേക്കൊന്നും കടക്കുന്നില്ല. എന്തായാലും ആഴത്തില്‍ വിശകലനംചെയ്യേണ്ട സാംസ്‌കാരിക പാഠങ്ങളാണതൊക്കെ. ഡൂള്‍ ന്യൂസ് അതിന്റെ ദൗത്യങ്ങളിലൊന്നായി അതിനെ കാണുന്നുമുണ്ട്.

ഈ ‘ശിങ്കിടി മുങ്കന്‍’മാരുടെ വൈരനിര്യാതനബുദ്ധിയ്്ക്ക് ഞങ്ങള്‍ കാരണഭൂതരായത് മലയാളസിനിമയുടെ ഇന്നത്തെ പോക്കിലും നാശത്തിലും ദു:ഖിതരായ ഞങ്ങള്‍ മലയാളസിനിമാപ്രവര്‍ത്തകര്‍ക്ക് ഒരു വീണ്ടുവിചാരം ഉണ്ടാക്കുക എന്ന നിഷ്‌കളങ്കവും എന്നാല്‍ ഒട്ടും സരളമല്ലാത്തതുമായ ആഗ്രഹത്തോടെ ആസ്വാദകപക്ഷത്ത് നിന്നുള്ള ഒരു തിരുത്തല്‍പ്രക്രിയയ്ക്ക് തുടക്കം കുറിച്ചുവെന്നതിനാലാണ്. മലയാളത്തിലെ കഴിഞ്ഞ കൊല്ലത്തെ ഏറ്റവും ‘ബോര്‍’ ചിത്രത്തേയും ചലച്ചിത്രപ്രവര്‍ത്തകരേയും തിരഞ്ഞ് കണ്ടുപിടിച്ച് അവാര്‍ഡ് നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇതൊരു തമാശയായിരുന്നില്ല. അപകടകരവും ഗൗരവംനിറഞ്ഞതുമായ നടപടിയോ നിയോഗമോ ആയിരുന്നു.

കഴിഞ്ഞ കൊല്ലം ഏറ്റവും ബോറ് നടനാവാന്‍ എന്തുകൊണ്ടും യോഗ്യന്‍ മോഹന്‍ലാല്‍ ആണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മോഹന്‍ലാല്‍ എന്ന ചലച്ചിത്രപ്രവര്‍ത്തകന്‍ ചീത്തയാണെന്നോ ബോറനാണെന്നോ അല്ല ഞങ്ങള്‍ പറഞ്ഞത്. അയാളുടെ കഴിഞ്ഞ കൊല്ലത്തെ അഭിനയം അറുബോറാണെന്ന് മാത്രമായിരുന്നു. ആദ്യം പറഞ്ഞത് തറപ്പിച്ചുപറയാന്‍ കാരണങ്ങള്‍ ഏറെയുണ്ടായിട്ടും ഞങ്ങള്‍ സംയമനം പാലിച്ചു. ഇതിനര്‍ത്ഥം മമ്മൂട്ടി എന്തെങ്കിലും തരത്തില്‍ മെച്ചമാണെന്നല്ല. റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ഇതൊക്കെ ഉറക്കെപ്പറയാന്‍ ലജ്ജ തോന്നേണ്ട കാര്യമില്ല.

എന്താണ് ഈ താരരാജാക്കന്‍മാര്‍ ചെയ്തുകൊണ്ടിരുന്നതെന്നും എന്തിന്റെ പേരിലായിരുന്നു ഇവരെ ആരാധിച്ചതെന്നും ഒരു ആത്മപരിശോധനയ്ക്ക് മലയാളി തയ്യാറാവണം. രണ്ടുപേരുടെയും പല സന്ദര്‍ഭങ്ങളിലുമുള്ള അഭിനയത്തികവിന്റെ പേരില്‍ ഞങ്ങള്‍ക്കവരെ അഭിനന്ദിക്കാനാവും, എന്നാല്‍ ആരാധിക്കാനാവില്ല. അതോടൊപ്പം ചലച്ചിത്രരംഗത്തും പലവിധ ബാഹ്യമായ രംഗങ്ങളിലും ഈ താരരാജാക്കന്‍മാര്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാനും കഴിയില്ല. ‘കണ്ണടയ്ക്കാന്‍ ഞങ്ങള്‍ക്കറിയില്ല, കണ്ണിറുക്കല്‍’ വശവുമില്ല. ആരെയെങ്കിലും പ്രലോഭിപ്പിക്കലോ, ആരിലെങ്കിലും പ്രലോഭിതരാകലോ, ഞങ്ങളുടെ ശീലവുമല്ല. ഞങ്ങള്‍ക്കൊരു കുറ്റപത്രമാണ് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ളത്. അവരെ ശിക്ഷിക്കണമോ വെറുതെ വിടണമോ എന്ന കാര്യം ഭരണകൂടം മാത്രമല്ല തീരുമാനിക്കേണ്ടത്, കേരളത്തിലെ ദശലക്ഷക്കണക്കിന് സിനിമപ്രോമികളും പ്രേക്ഷകനുമാണ്. സിനിമ കാണുന്ന എല്ലാവരും സിനിമ്രേപമികളാണെന്ന് ഞങ്ങള്‍ കരുതുന്നില്ല.

കുറ്റപത്രത്തിന്റെ അപൂര്‍ണരൂപത്തിലെ ഏതാനും പ്രമേയങ്ങള്‍ ഇതാണ്

O മലയാളസിനിമയെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അടിയറവെച്ചത് ഈ താരരാജാക്കന്‍മാരല്ലേ?.

O ഈ താരരാജാക്കന്‍മാരുടെ സാന്നിധ്യവും ഇടപെടലുകളുമല്ലേ മലയാള സിനിമയുടെ സംഘടനാപരവും പ്രമേയപരവും പരിചരണപരവുമായ എല്ലാ അപചയങ്ങള്‍ക്കും കാരണം.

O മലയാളസിനിമയുടെ തകര്‍ച്ചയ്ക്ക് കാരണം ഇവരല്ലേ?.

O മലയാളമനസ്സുകളെ പ്രത്യയശാസ്ത്രപരമായി മലീമസമാക്കിയത് ഇവരുണ്ടാക്കിയതും അഭിനയിച്ചതുമായ ചിത്രങ്ങളല്ലേ?.

O എല്ലാ ക്രിമിനല്‍ വാസനകളുടെയും അശ്ലീലങ്ങളായ സാമൂഹിക സാംസ്‌കാരിക ഇടപെടലുകളുടെയും ഉല്‍പാദകര്‍ ഇവരായിരുന്നില്ലേ?.

O ഒരു ജനതയുടെ സ്വപ്‌നങ്ങളില്‍ മുഴുവനും വിഷം പുരട്ടിയത് ഇവരല്ലേ?.

O കള്ളപ്പണം വെള്ളപ്പണമാകുന്ന സിനിമാവ്യവസായത്തിന്റെ സാരഥികള്‍ ഇവരല്ലേ?.

O സിനിമാവ്യവസായത്തില്‍ ഇന്നുണ്ടെന്ന് പറയപ്പെടുന്ന അയഥാര്‍ത്ഥമായ പ്രതിസന്ധികള്‍ ഇവരുടെ സൃഷ്ടിയല്ലേ?.

O ഈ റെയ്ഡുകളെ നികുതിവെട്ടിപ്പ് എന്ന് പേര്‍ചൊല്ലി വിളിച്ച് നിസ്സാരമാക്കുന്ന വെള്ളാപ്പള്ളിയെപ്പോലുള്ള സാമുദായിക നേതാക്കളും ഇവരും തമ്മിലുള്ള ശുദ്ധബന്ധം എന്താണ്?.

O വെള്ളാപ്പള്ളി പരിഭ്രാന്തനാവുന്നത് കള്ളപ്പണക്കാര്യത്തില്‍ പങ്കും താല്‍പര്യവും ഉള്ളതുകൊണ്ടല്ലേ?.

O സിനിമാവ്യവസായിയും ശത്രുവുമായ ഗോകുലം ഗോപാലനില്ലാത്ത പരിഭ്രാന്തി വെള്ളാപ്പള്ളിയ്ക്ക് എന്തുകൊണ്ടുണ്ടായി?

O മമ്മൂട്ടി വീട്ടില്‍ സൂക്ഷിച്ച 22 ലക്ഷം ‘ചില്ലറപ്പണം’ കറുപ്പാണോ വെളുപ്പാണോ?.

O പൂട്ടിയിട്ട ലേസര്‍ പൂട്ടുള്ള മുറികളില്‍ ഹോംതിയേറ്ററാണെങ്കില്‍ അതിത്ര രഹസ്യമാക്കി പൂട്ടിയിടാന്‍കാരണം അതിലെ സിനിമകള്‍ മറ്റാരും കാണാന്‍ പാടില്ലാത്തതുകൊണ്ടാണോ? ഉത്തരങ്ങള്‍ കിട്ടേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്.

O അഭിനയത്തില്‍നിന്നും അച്ചാര്‍ കച്ചവടത്തില്‍നിന്നും മറ്റു കച്ചവടങ്ങളില്‍നിന്നുമാണോ അവരിത്രയും സമ്പാദിച്ചത്?.

O ഭൂമി മാഫിയകളുമായി ഇവര്‍ക്കുള്ള ബന്ധമെന്താണ്? നികുതി കൊടുക്കാന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന ഇവരെങ്ങിനെ നികുതിയൊടുക്കാന്‍ മറന്നു?.

O കള്ളസ്വര്‍ണ്ണക്കച്ചവടത്തിനും പലിശപ്പണിക്കാര്‍ക്കും മദ്യമാഫിയകള്‍ക്കും വേണ്ടി അവരെന്തിന് അംബാസിഡര്‍മാര്‍ ആവണം?.

ഇതില്‍ ഉള്‍ക്കൊള്ളിക്കേണ്ട ഒരുപാട് പ്രത്യയശാസ്ത്ര തിന്മകള്‍ വേറെയുമുണ്ട്. അതൊക്കെ പിന്നീട് വിശദമാക്കാം.

ഈ മാഫിയതലവന്‍മാരെ ഭരണകൂടം ശിക്ഷിക്കുമെന്ന് കരുതാനുള്ള മൗഡ്യമൊന്നും ഞങ്ങള്‍ക്കില്ല. അവരെ ശിക്ഷിക്കാനുള്ള ആര്‍ജവം ജനങ്ങള്‍ കാട്ടുമോയെന്നു മാത്രമാണ് അറിയാനുള്ളത. ഇവര്‍ സിനിമാതാരങ്ങളാണോ, അതോ കച്ചവടക്കാരോ, കഴുത്തറപ്പന്‍ കച്ചവടക്കാര്‍.

Advertisement